ഇന്ത്യൻ വീടുകളിലെ 34,000 ടൺ സ്വർണം രാജ്യത്തിന്റെ വികസന കുതിപ്പിന് കരുത്താകും: പി.ഇ. മത്തായി

ആധുനിക സാങ്കേതികവിദ്യയുടെയും നിർമ്മിത ബുദ്ധിയുടെയും (എഐ) കടന്നുവരവ് ലോകത്തെ വലിയൊരു മാറ്റത്തിലേക്ക് നയിക്കുകയാണെന്ന് മുത്തൂറ്റ് എംക്രെഡ് സിഇഒ പി.ഇ. മത്തായി വ്യക്തമാക്കി. പരമ്പരാഗത മേഖലകളിലും പുതുതലമുറ സംരംഭങ്ങളിലും കേരളത്തിന് വൻ സാധ്യതകളാണുള്ളതെന്നും, സാധാരണക്കാരുടെ പക്കലുള്ള സ്വർണ്ണശേഖരം ക്രിയാത്മകമായി പ്രയോജനപ്പെടുത്തിയാൽ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത വർധിപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദീർഘകാലാടിസ്ഥാനത്തിൽ സ്വർണ്ണത്തിന്റെ മൂല്യം എപ്പോഴും വർധിച്ചുകൊണ്ടിരിക്കുകയാണ്. ഡോളറിന്റെ ആധിപത്യം കുറയുന്നതും, ബ്രിക്സ് രാജ്യങ്ങൾ പുതിയ കറൻസി സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കുന്നതും, നിലനിൽക്കുന്ന ആഗോള രാഷ്ട്രീയ സംഘർഷങ്ങളും സ്വർണ്ണത്തിലുള്ള നിക്ഷേപ താല്പര്യം ഉയർത്തുന്നു.
ലോകത്താകമാനം ഖനനം ചെയ്തെടുത്ത സ്വർണ്ണത്തിന്റെ അളവ് ഏകദേശം 2,14,000 ടണ്ണാണ്. ഇനി ഖനനം ചെയ്യപ്പെടാൻ അവശേഷിക്കുന്നത് 50,000 ടൺ മാത്രമാണ്. വർഷം തോറും 3,000 മുതൽ 4,000 ടൺ വരെ സ്വർണ്ണം ഖനനം ചെയ്യപ്പെടുമ്പോൾ, അടുത്ത പത്തോ പതിനഞ്ചോ വർഷത്തിനുള്ളിൽ ഈ ലോഹം കൂടുതൽ ദുർലഭമായി മാറും. ഇതിന്റെ പശ്ചാത്തലത്തിൽ ഫെഡറൽ റിസർവ് (81%), ജർമ്മൻ സെൻട്രൽ ബാങ്ക് (75%), ചൈന (8.5%), ഇന്ത്യ (10%) തുടങ്ങി ലോകത്തെ പ്രധാന കേന്ദ്ര ബാങ്കുകളെല്ലാം തങ്ങളുടെ സ്വർണ്ണ ശേഖരം കരുതലായി വർധിപ്പിക്കാൻ മത്സരിക്കുകയാണ്.
∙ ഇന്ത്യൻ വിപണിയും സ്വർണ്ണ വായ്പാ സാധ്യതകളും
ഇന്ത്യൻ കുടുംബങ്ങളുടെ പക്കൽ ഏകദേശം 34,700 ടൺ സ്വർണ്ണമുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 5 ട്രില്യൺ യുഎസ് ഡോളർ മൂല്യം വരുന്ന ഈ സ്വർണ്ണശേഖരം, രാജ്യത്തിന്റെ ജിഡിപിയെക്കാൾ (4.1 ട്രില്യൺ ഡോളർ) അധികമാണ്. ഇതിൽ 75 മുതൽ 85 ശതമാനം വരെ സാധാരണക്കാരുടെ കൈവശമാണുള്ളത്. ഈ വൻ സ്വർണ്ണ ശേഖരത്തെ ഉൽപ്പാദനപരമായ കാര്യങ്ങൾക്കായി വിനിയോഗിക്കാൻ സാധിച്ചാൽ, 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമായി ഉയർത്താൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
∙ സാങ്കേതികവിദ്യയും എഐയും: സ്വർണ്ണ വായ്പാ രംഗത്തെ പുതിയ വിപ്ലവം
സാങ്കേതികവിദ്യയുടെയും എഐയുടെയും കരുത്തോടെ സ്വർണ്ണ വായ്പാ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്ന് പി.ഇ. മത്തായി പറഞ്ഞു. ശാഖകളിൽ എത്തുന്ന വ്യാജ സ്വർണ്ണം കണ്ടെത്താനും, ഇത്തരം തട്ടിപ്പുകളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ ഈ മേഖലയിലുള്ളവർക്ക് വേഗത്തിൽ കൈമാറാനും എഐ സംവിധാനങ്ങൾക്ക് സാധിക്കും. ഭാവിയിൽ, ആളുകൾക്ക് തങ്ങളുടെ സ്വർണ്ണാഭരണങ്ങൾ ഉപയോഗിക്കുന്നത് തുടരുന്നതിനൊപ്പം തന്നെ, അതിൽ പ്രത്യേക രജിസ്ട്രേഷൻ നമ്പറുകൾ രേഖപ്പെടുത്തി ബാങ്കുകളിൽ നിന്ന് വായ്പകൾ നേടാൻ സാധിക്കുന്ന രീതിയിലുള്ള സുരക്ഷിതമായ സംവിധാനങ്ങൾ ആവിഷ്കരിക്കാൻ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.




