ന്യൂയോർക്ക് കെട്ടിടം തകർന്നുവീണു: രണ്ട് മരണം, 17 പേർക്ക് പരിക്ക്

ന്യൂയോർക്കിലെ ബ്രൂക്ലിൻ ഫ്ലാറ്റ്ബുഷിലുണ്ടായ ദാരുണമായ കെട്ടിട തകർച്ചയിൽ രണ്ടുപേർക്ക് ജീവൻ നഷ്ടമായി. ഏഴ് കുട്ടികൾ ഉൾപ്പെടെ 17 പേർക്കാണ് ഈ അപകടത്തിൽ പരുക്കേറ്റത്. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കൂടുതൽ ആളുകൾ അകപ്പെട്ടിട്ടുണ്ടാകാമെന്ന ആശങ്ക നിലനിൽക്കുന്നതായി അധികൃതർ വ്യക്തമാക്കി. ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെ ബെഡ്ഫോർഡ് അവന്യൂവിൽ നിർമാണപ്രവർത്തനങ്ങൾ നടന്നുവരികയായിരുന്ന കെട്ടിടമാണ് നിലംപൊത്തിയത്.
തകർന്ന കെട്ടിടത്തിനുള്ളിലും പരിസരത്തെ നിർമാണമേഖലയിലും ജോലിയിലുണ്ടായിരുന്ന തൊഴിലാളികളടക്കം നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയതായാണ് റിപ്പോർട്ടുകൾ. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ 250-ഓളം വരുന്ന അഗ്നിശമന സേനാ ഉദ്യോഗസ്ഥരും മെഡിക്കൽ സംഘവും ചേർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. അപകടത്തിന് പിന്നാലെ, അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഒരാൾ രക്ഷാപ്രവർത്തകരുമായി സംസാരിക്കുന്നതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിരുന്നു. വൈകിട്ട് 4.45-ഓടെ ഇദ്ദേഹത്തെ സ്ട്രെച്ചറിൽ സുരക്ഷിതമായി പുറത്തെത്തിച്ചു. തുടർന്ന് വൈകിട്ട് 6.30-ഓടെയാണ് മറ്റു രണ്ടുപേരെ കൂടി പുറത്തെടുക്കാൻ സാധിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടെടുത്ത അഞ്ചുപേരെ ഉടൻ തന്നെ കിങ്സ് കൗണ്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ന്യൂയോർക്ക് പൊലീസ് വക്താവ് അറിയിച്ചു.




