NEWS

പ്രസവശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ പഞ്ഞി ഉപേക്ഷിച്ചു; 43 ദിവസത്തെ വേദനയ്ക്കുശേഷം കുടുംബത്തിന്റെ പരാതി

ചാവക്കാട് (തൃശൂർ) ∙ താലൂക്ക് ആശുപത്രിയിൽ പ്രസവശുശ്രൂഷയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിനുള്ളിൽ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ച പഞ്ഞി ഉപേക്ഷിച്ചതായി പരാതി. കടുത്ത വേദനയുമായി 43 ദിവസത്തോളം ദുരിതമനുഭവിച്ച യുവതിയും ബന്ധുക്കളും ആശുപത്രി അധികൃതർക്കും ജീവനക്കാർക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. കടപ്പുറം മുനക്കക്കടവ് റഹ്മാനിയ മസ്ജിദിന് സമീപമുള്ള പുതുവീട്ടിൽ ഷാഹുൽ ഹമീദിന്റെ മകൾ ഫാത്തിമത്തുൽ ഷറഫിയ (21) ആണ് കഴിഞ്ഞ ഓഗസ്റ്റ് 18-ന് താലൂക്ക് ആശുപത്രിയിൽ വെച്ച് പെൺകുഞ്ഞിന് ജന്മം നൽകിയത്. കയ്പമംഗലം ചളിങ്ങാട് സ്വദേശിയായ മുഹമ്മദ് ഷാഹിറിന്റെ ഭാര്യയായ ഷറഫിയയുടെ ആദ്യ പ്രസവമായിരുന്നു ഇത്.

സംഭവം സംബന്ധിച്ച് ഷറഫിയയുടെ വാക്കുകൾ ഇങ്ങനെ: ‘‘17-ാം തീയതി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 18-ന് രാവിലെ പ്രസവം നടക്കുകയും ചെയ്തു. പ്രസവശേഷം എന്നെ വാർഡിലേക്ക് മാറ്റിയിരുന്നു. അതിനുശേഷം അമിതമായ രക്തസ്രാവം അനുഭവപ്പെട്ടു. തുടർന്ന് അടിയന്തരമായി ലേബർ റൂമിലേക്ക് കൊണ്ടുപോയി പലവിധ മരുന്നുകൾ നൽകി. രക്തസ്രാവം തുടർന്നതിനാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ എത്തി വീണ്ടും തുന്നിക്കെട്ടുകയായിരുന്നു. ആ ഘട്ടത്തിൽ മുറിവിൽ പഞ്ഞി വെച്ചിട്ടുണ്ടെന്നും പിന്നീട് അത് എടുത്തുമാറ്റിയെന്നും അറിയിച്ച ശേഷമാണ് എന്നെ വീണ്ടും വാർഡിലേക്ക് മാറ്റിയത്. നാല് ദിവസത്തിന് ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജും ലഭിച്ചു.’’

Fashion ⏭️

Back to top button