BUSINESS

ബാങ്ക് അക്കൗണ്ടില്ലാതെ 50,000 രൂപ വരെ NEFT; കെ.വൈ.സി മാനദണ്ഡങ്ങൾ കർശനമാക്കി ആർ.ബി.ഐ

ബാങ്ക് അക്കൗണ്ടുകളില്ലാത്ത സാധാരണക്കാര്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും പണം കൈമാറുന്നതിനുള്ള നടപടിക്രമങ്ങളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) സുപ്രധാന ഭേദഗതികള്‍ വരുത്തി. ‘ഡൊമസ്റ്റിക് മണി ട്രാന്‍സ്ഫര്‍ ഡയറക്ഷന്‍സ് 2026’ എന്ന പേരില്‍ പുതിയ ചട്ടങ്ങള്‍ ഇതിനോടകം തന്നെ പ്രാബല്യത്തില്‍ വരികയും ചെയ്തു. തട്ടിപ്പുകള്‍ ഫലപ്രദമായി തടയുന്നതിനായി അയക്കുന്നവരുടെ മൊബൈല്‍ നമ്പറുകള്‍ പരിശോധിച്ച് ഉറപ്പുവരുത്തുന്നതും, ആധാര്‍ അധിഷ്ഠിതമായ കെ.വൈ.സി (KYC) പരിശോധനകളും ആര്‍.ബി.ഐ കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്. അതേസമയം, ബാങ്ക് ശാഖകളിലെത്തി NEFT വഴി 50,000 രൂപ വരെ അയക്കാനുള്ള പഴയ പരിധി തുടരുന്നതാണ്.

ബാങ്ക് അക്കൗണ്ടുകളില്ലാത്ത സാധാരണക്കാരും അതിഥി തൊഴിലാളികളും നാട്ടിലേക്ക് പണമയക്കാന്‍ പ്രധാനമായും ആശ്രയിക്കുന്നത് ബാങ്ക് ശാഖകളെയും പ്രാദേശിക ഏജന്‍സികളെയുമാണ്. ഇത്തരം ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതവും സുതാര്യവുമാക്കാനാണ് കേന്ദ്ര ബാങ്ക് ലക്ഷ്യമിടുന്നത്. 2011-ലും 2024-ലും പുറത്തിറക്കിയ നിലവിലുള്ള നിയമങ്ങളെ ഏകീകരിച്ചുകൊണ്ടാണ് ഈ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

പണമിടപാട് പരിധികളില്‍ ആര്‍.ബി.ഐ വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. അക്കൗണ്ടില്ലാതെ നേരിട്ട് ബാങ്കിലെത്തി NEFT വഴി അയക്കാവുന്ന തുകയുടെ പരിധി 50,000 രൂപയായി തന്നെ തുടരുന്നു. എന്നാല്‍, പണം കൈപ്പറ്റുന്ന വ്യക്തിക്ക് ബാങ്ക് അക്കൗണ്ട് ഇല്ലെങ്കില്‍, നേരിട്ട് പണമായി പിന്‍വലിക്കാവുന്ന തുകയ്ക്ക് നിയന്ത്രണമുണ്ട്. ഒരു തവണ പരമാവധി 10,000 രൂപ മാത്രമേ ഇത്തരത്തില്‍ അയക്കാന്‍ സാധിക്കൂ. ഇതേ രീതിയില്‍ ഒരാള്‍ക്ക് ഒരു മാസം ലഭിക്കാവുന്ന പരമാവധി തുക 25,000 രൂപയാണ്. ബി.സി (BC) ഏജന്റുമാര്‍ വഴിയോ എ.ടി.എം വഴിയോ നടത്തുന്ന ഇടപാടുകള്‍ക്ക് ഒരു തവണ 5,000 രൂപയും, ഒരു മാസം 25,000 രൂപയുമാണ് പരിധി.

പണമയക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

  • മൊബൈല്‍ വെരിഫിക്കേഷനും കെ.വൈ.സിയും: പണമയക്കാന്‍ എത്തുന്നവരുടെ മൊബൈല്‍ നമ്പര്‍ കൃത്യമായി പരിശോധിക്കണം. കൂടാതെ, ആധാര്‍ കാര്‍ഡ് പോലുള്ള ഔദ്യോഗിക തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് കെ.വൈ.സി നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത് നിര്‍ബന്ധമാണ്.
  • ഒ.ടി.പി സുരക്ഷ: ഇടപാടുകള്‍ സുരക്ഷിതമാക്കാന്‍ ഒ.ടി.പി അധിഷ്ഠിത സുരക്ഷാ പരിശോധനകള്‍ (Additional Factor of Authentication) ഏര്‍പ്പെടുത്തിയിട്ടുണ്ട്.
  • സ്വീകര്‍ത്താവിന്റെ വിവരങ്ങള്‍: പണം കൈപ്പറ്റുന്നയാളുടെ പൂര്‍ണ്ണമായ പേരും കൃത്യമായ വിലാസവും ബാങ്കിന്റെ രേഖകളില്‍ സൂക്ഷിക്കണം.
  • നിരീക്ഷണം: നേരിട്ട് പണം നല്‍കി നടത്തുന്ന ഇടപാടാണെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന പ്രത്യേക അടയാളങ്ങള്‍ NEFT, IMPS സന്ദേശങ്ങളില്‍ ബാങ്കുകള്‍ ചേര്‍ക്കണം. ആദായനികുതി വകുപ്പിന്റെ ചട്ടങ്ങളും ഇതിനായി പാലിക്കണം.

തട്ടിപ്പുകള്‍ തടയാന്‍ ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് അസ്വാഭാവികമായ രീതിയില്‍ വലിയ തുകകള്‍ വരികയാണെങ്കില്‍ ബാങ്കുകള്‍ ഉടന്‍ തന്നെ അത് പരിശോധിക്കണം. സംശയകരമായ എന്തെങ്കിലും ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സമയവിളംബം കൂടാതെ അധികൃതരെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇടപാടുകള്‍ തത്സമയം (Real-time) പൂര്‍ത്തിയാക്കണമെന്നും, അക്കൗണ്ടിലേക്ക് പണം എത്തുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് കൃത്യസമയത്ത് തന്നെ അലേര്‍ട്ടുകള്‍ ലഭ്യമാക്കുന്ന സംവിധാനങ്ങള്‍ ബാങ്കുകള്‍ മെച്ചപ്പെടുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

Read News

Back to top button