മലയാളിയുടെ സ്വപ്നഭവനം: പ്രകൃതിയിണങ്ങിയ മനോഹര വീട്

മലപ്പുറം പെരിന്തൽമണ്ണയ്ക്ക് സമീപമുള്ള കുന്നപ്പള്ളിയിലാണ് മണികണ്ഠനും കുടുംബവും തങ്ങളുടെ പുതിയ സ്വപ്നഭവനം ഒരുക്കിയിരിക്കുന്നത്. വീതി കുറഞ്ഞ് നീളത്തിലുള്ള ഈ പ്ലോട്ടിന്റെ കിടപ്പിന് അനുയോജ്യമായ രീതിയിലാണ് വീടിന്റെ നിർമ്മിതി. വിവിധ തട്ടുകളിലായി ചരിഞ്ഞിറങ്ങുന്ന ഓടുമേഞ്ഞ മേൽക്കൂരയാണ് ഈ വീടിന്റെ പുറംകാഴ്ചയിൽ ഏറ്റവും ആകർഷകമായി നിൽക്കുന്നത്. വെളുത്ത നിറത്തിലുള്ള ചുവരുകൾക്കിടയിൽ ലാറ്ററൈറ്റ് ക്ലാഡിങ് പതിപ്പിച്ച ഭാഗങ്ങൾ വീടിന് പ്രത്യേക ഭംഗി നൽകുന്നുണ്ട്. ലാൻഡ്‌സ്‌കേപ്പിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തിയ ഇവിടെ, പരിപാലിക്കാൻ എളുപ്പമുള്ള ട്രോപ്പിക്കൽ സസ്യങ്ങൾക്കാണ് മുൻഗണന നൽകിയിരിക്കുന്നത്. ചെമ്പകം, ബാംബൂ, കലാത്തിയ, പാം തുടങ്ങിയ ചെടികൾ വീടിനു ചുറ്റും പച്ചപ്പിന്റെ കുളിർമ നിറയ്ക്കുന്നു.
മൊത്തം 2200 ചതുരശ്രയടി വിസ്തീർണ്ണത്തിൽ ഒരുക്കിയ ഈ വീടിന്റെ താഴത്തെ നിലയിൽ സിറ്റൗട്ട്, ലിവിങ് ഏരിയ, ഡൈനിങ് സ്പേസ്, അടുക്കള, വർക്കേരിയ എന്നിവയോടൊപ്പം ഒരു കിടപ്പുമുറിയും ബാത്റൂമും ഉൾപ്പെടുന്നു. മുകൾനിലയിൽ രണ്ടു കിടപ്പുമുറികളും ബാത്റൂമുകളും ബാൽക്കണിയും സജ്ജീകരിച്ചിരിക്കുന്നു. പ്രകൃതിയുമായി ഇണങ്ങിനിൽക്കുന്ന ഇടങ്ങൾ എന്നതാണ് ഈ വീടിന്റെ ഏറ്റവും വലിയ പ്രത്യേകത. വീടിനുള്ളിലിരുന്നാലും പുറത്തെ പച്ചപ്പിന്റെ മനോഹാരിത മുഴുവനായി ആസ്വദിക്കാൻ സാധിക്കും വിധമാണ് രൂപകല്പന.
ലിവിങ്, ഡൈനിങ് ഏരിയകൾ ഡബിൾ ഹൈറ്റിലുള്ള ഒറ്റ ഹാളായാണ് ക്രമീകരിച്ചിരിക്കുന്നത്. ഇത് വീടിനകത്ത് നല്ല വിശാലതയും വായുസഞ്ചാരവും ഉറപ്പാക്കുന്നു. പ്രധാന വാതിലിലൂടെ അകത്തേക്ക് കടക്കുമ്പോൾ ആദ്യം എത്തുന്നത് ലിവിങ് സ്പേസിലേക്കാണ്. വീടിന്റെ അകത്തളത്തിന് യോജിക്കും വിധം കസ്റ്റമൈസ് ചെയ്ത ഫർണിച്ചറുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ടെക്സ്ചർ പെയിന്റ് നൽകി മനോഹരമാക്കിയ ഭിത്തിയിൽ ടിവി യൂണിറ്റ് വേർതിരിച്ചെടുത്തിട്ടുണ്ട്. ഡൈനിങ് ഏരിയയുടെ ഇരുവശങ്ങളിലുമായി പച്ചപ്പിലേക്ക് തുറക്കുന്ന ഇടങ്ങൾ നൽകിയിരിക്കുന്നു; ഒരു വശത്ത് സൈഡ് യാർഡും മറുവശത്ത് പാറ്റിയോയും ഇതിനായി ഒരുക്കി.




