NEWS

ഫോൺ നമ്പർ തട്ടിപ്പ്: പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളുടെ നമ്പറുകൾ പ്രതിയുടെ കൈവശം കണ്ടെത്തി; അന്വേഷണം ഊർജിതം

തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി. സതീശൻ ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പർ കൈക്കലാക്കി സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പിടിയിലായ പ്രതിയെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുന്നു. മറ്റ് പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും മന്ത്രിമാരുടെയും ഫോൺ നമ്പറുകൾ ഇയാളുടെ പക്കലുണ്ടോയെന്ന സംശയത്തിലാണ് പൊലീസ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോഗിച്ചിരുന്ന പഴയ ഫോൺ നമ്പറും പ്രതിയായ മംഗലപുരം പാട്ടത്തിൽ ഭൂദാനകോളനി ഷജിലാ മൻസിലിൽ എസ്. ഷംനാദിന്റെ (43) കൈവശമുണ്ടോയെന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്. ഈ നമ്പർ ഉപയോഗിച്ച് വല്ല തട്ടിപ്പുകളും നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

പിടിച്ചെടുത്ത ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുകയാണ്. ഒരേസമയം വിവിധ സിം കാർഡുകൾ ഉപയോഗിച്ച് സമാനമായ രീതിയിൽ ഇയാൾ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് ഗൗരവമായി പരിശോധിക്കുന്നു. പ്രതിയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ സിം കാർഡുകളുടെയും കോൾ ഡീറ്റെയിൽസ് റെക്കോർഡ് (സിഡിആർ) ശേഖരിച്ച്, ആരുമായാണ് ഇയാൾ സംസാരിച്ചിരുന്നതെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ പരിശോധിച്ചുവരികയാണ്. പ്രതിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ലെങ്കിലും, മറ്റുള്ളവരുടെ അക്കൗണ്ടുകൾ ഉപയോഗിച്ച് പണം കൈമാറിയിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. പ്രതിയുടെ ബിസിനസ് പങ്കാളികളെയും സുഹൃത്തുക്കളെയും പൊലീസ് നിരീക്ഷണ വലയത്തിലാക്കിയിരിക്കുകയാണ്.

Fashion ⏭️

Back to top button