NEWS

ടെഹ്റാൻ തെരുവുകളിൽ അവയവ വിൽപന പരസ്യങ്ങൾ: കരളും വൃഷണങ്ങളും വിൽക്കാൻ ഇറാൻ പൗരന്മാർ

ടെഹ്റാൻ: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും യുദ്ധസാഹചര്യങ്ങളും ഇറാനിലെ സാധാരണക്കാരെ എത്തിച്ചിരിക്കുന്നത് ദയനീയമായ ഒരവസ്ഥയിലാണ്. നിലനിൽപ്പിനായി സ്വന്തം ശരീരഭാഗങ്ങൾ വിൽക്കാൻ നിർബന്ധിതരാകുന്ന അവസ്ഥയിലേക്ക് ജനങ്ങൾ മാറിയിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പണം കണ്ടെത്തുന്നതിനായി വൃക്കകളും കരളിന്റെ ഭാഗങ്ങളും അസ്ഥിമജ്ജയും വിൽക്കാൻ തയാറായി ടെഹ്റാൻ നഗരത്തിലെ തെരുവുകളിൽ നിരവധി പരസ്യങ്ങളാണ് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്.

ഇറാൻ ഇന്റർനാഷനലിന്റെ റിപ്പോർട്ട് പ്രകാരം, എ+, എ-, ഒ+, ഒ- തുടങ്ങിയ ബ്ലഡ് ഗ്രൂപ്പുകൾക്ക് കമ്പോളത്തിൽ വലിയ ഡിമാൻഡാണുള്ളത്. ഭവനനഷ്ടം ഒഴിവാക്കാനും ബാധ്യതകളിൽ നിന്ന് മോചനം നേടാനും വേണ്ടി സ്വന്തം അവയവങ്ങൾ വിപണിയിലെത്തിക്കാൻ ആളുകൾ നിർബന്ധിതരാകുന്നു. ആശങ്കാജനകമായ കാര്യം എന്തെന്നാൽ, അസ്ഥിമജ്ജയും അവയവങ്ങളും കൂടാതെ വൃഷണങ്ങൾ വിൽക്കാൻ പോലും ചില തൊഴിലാളികൾ തയാറാകുന്നു എന്നതാണ്. ഈ പ്രവണത അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവർത്തകർക്കിടയിൽ വലിയ ഉത്കണ്ഠയ്ക്ക് കാരണമായിട്ടുണ്ട്.

തങ്ങളുടെ സാമ്പത്തിക ഞെരുക്കത്തെ അതിജീവിക്കാൻ പാടുപെടുന്നവരിൽ ഒരാളുടെ ഉദാഹരണം ഇതിന്റെ ഗൗരവം വ്യക്തമാക്കുന്നു. മുപ്പത് വയസ്സുള്ള ഒരു മോട്ടർസൈക്കിൾ ഡെലിവറി തൊഴിലാളിക്ക് തന്റെ വൃക്ക വിറ്റാൽ ലഭിക്കുക 15 ബില്യൻ റിയാൽ (ഏകദേശം 7.36 ലക്ഷം രൂപ) മാത്രമാണ്. എന്നാൽ തന്റെ കടബാധ്യതകൾ മുഴുവൻ തീർക്കണമെങ്കിൽ ചുരുങ്ങിയത് 35 ബില്യൻ റിയാൽ (ഏകദേശം 17.19 ലക്ഷം രൂപ) എങ്കിലും ലഭിക്കണമെന്ന പ്രതീക്ഷയിലാണ് ഇയാൾ. കുറഞ്ഞ തുകയായതിനാൽ നിലവിൽ ആ കരാർ അദ്ദേഹം നിരസിച്ചിരിക്കുകയാണ്.

Fashion ⏭️

Back to top button