പാലിന്റെ കവർ ഇനി കളയണ്ട: എലികളെ വീടൊഴിപ്പിക്കാൻ കിടിലൻ വിദ്യ

പ്രതീകാത്മക ചിത്രം
മിക്ക വീടുകളിലും വലിയൊരു വെല്ലുവിളിയാണ് എലിശല്യം. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും കടിച്ചുകീറുന്നതിനപ്പുറം, അപകടകരമായ പല രോഗങ്ങൾക്കും ഇവ കാരണമാകാറുണ്ട്. എലികളെ തുരത്താൻ കടകളിൽ നിന്ന് ലഭിക്കുന്ന വിഷവസ്തുക്കൾ പലരും ഉപയോഗിക്കാറുണ്ടെങ്കിലും, കുട്ടികളുള്ള വീടുകളിൽ ഇത് വലിയ ഭീഷണിയാണ്. എന്നാൽ, നിത്യേന നമ്മൾ ഉപയോഗിച്ച ശേഷം കളയുന്ന പാലിന്റെ കവർ മാത്രം മതി, വളരെ ലളിതമായി എലികളെ എന്നെന്നേക്കുമായി തുരത്താൻ. പാൽ കവർ ഉപയോഗിച്ച് എലികളെ എളുപ്പത്തിൽ എങ്ങനെ നേരിടാമെന്ന് താഴെ വിവരിക്കുന്നു.
പാലിന്റെ മണം എലികളെ വേഗത്തിൽ ആകർഷിക്കുമെന്നതാണ് ഇതിന്റെ അടിസ്ഥാനം. ഇതിനായി ആദ്യം കഴുകാത്ത ഒരു പാൽ കവർ എടുത്ത് കത്രിക ഉപയോഗിച്ച് വളരെ ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക. തുടർന്ന് ഒരു പാത്രത്തിൽ നാല് ടേബിൾ സ്‌പൂൺ ആട്ടമാവ് എടുക്കുക. ആട്ടമാവിന് പകരമായി മൈദയോ കടലമാവോ ഉപയോഗിച്ചാലും മതിയാകും.
ഈ മിശ്രിതത്തിലേക്ക് രണ്ട് ടേബിൾ സ്‌പൂൺ ചിരകിയ ശർക്കര കൂടി ചേർത്ത് നന്നായി ഇളക്കുക. ശേഷം വെള്ളം ചേർക്കുന്നതിന് പകരം, പലഹാരങ്ങൾ വറുക്കാൻ ഉപയോഗിച്ച ബാക്കി വന്ന എണ്ണ ഉപയോഗിച്ച് വേണം മാവ് കുഴയ്ക്കാൻ. പപ്പടം, വട, പൂരി, മീൻ, വാഴക്കപ്പം എന്നിവ വറുത്ത എണ്ണ ഇതിനായി ഉപയോഗിക്കാം. ചപ്പാത്തിക്ക് മാവ് കുഴയ്ക്കുന്ന പരുവത്തിൽ ഇത് തയ്യാറാക്കണം.
തയ്യാറാക്കിയ മാവ് ചെറിയ ഉരുളകളാക്കി മാറ്റുക. ഓരോ ഉരുളയുടെയും നടുവിൽ ചെറിയൊരു കുഴിയുണ്ടാക്കി, നേരത്തെ കഷ്ണങ്ങളാക്കി വെച്ചിരിക്കുന്ന പാൽ കവറിന്റെ കഷ്ണങ്ങൾ അതിനുള്ളിൽ വെച്ച് വീണ്ടും ഉരുട്ടിയെടുക്കുക. ഈ ഉരുളകൾ എലികൾ കൂടുതലായി എത്തുന്ന ഇടങ്ങളിൽ വെച്ചാൽ മതി. ഗോതമ്പിന്റെയും എണ്ണയുടെയും കൊതിപ്പിക്കുന്ന മണം കാരണം എലികൾ ഇത് കഴിക്കുകയും, ഉള്ളിലെത്തുന്ന പ്ലാസ്റ്റിക് കഷ്ണങ്ങൾ മൂലം ഇവ ചത്തുപോവുകയും ചെയ്യും.




