NEWS

‘കതിർ’ പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ; മാറ്റത്തിന്റെ സന്ദേശവുമായി താരം

തിരുവനന്തപുരം∙ വിദ്യാർഥികളിൽ കൃഷിയോടുള്ള താല്പര്യം വർധിപ്പിക്കാനും അവരെ കാർഷിക മേഖലയിലേക്ക് അടുപ്പിക്കാനും ലക്ഷ്യമിട്ട് സംസ്ഥാന കൃഷിവകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് ആവിഷ്കരിച്ച ‘കതിർ’ എന്ന പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി പ്രശസ്ത നടൻ മോഹൻലാലിനെ തിരഞ്ഞെടുത്തു. പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ കേരളത്തിലെ 500 വിദ്യാലയങ്ങളിലായി കാർഷിക ക്ലബ്ബുകൾക്ക് തുടക്കം കുറിക്കും. ‘കതിർ’ പദ്ധതി കൃഷിമേഖലയിൽ വലിയൊരു മുന്നേറ്റത്തിന് വഴിയൊരുക്കട്ടെ എന്ന് മോഹൻലാൽ ആശംസിച്ചു.

തനിക്ക് കൃഷിയോട് വലിയ മമതയുണ്ടെന്നും സ്വന്തം വീടിനോട് ചേർന്ന് താൻ കൃഷി ചെയ്യുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. കുട്ടികളിലെ കാർഷിക താല്പര്യം വളർത്താൻ സഹായിക്കുന്ന ഈ ക്ലബ്ബ് പദ്ധതി ഏറെ സന്തോഷം നൽകുന്നുവെന്നും ഇതിന് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൃഷിയിൽ പങ്കാളികളാകുന്ന വിദ്യാർഥികൾക്ക് പ്രത്യേക വെയിറ്റേജ് മാർക്ക് നൽകാൻ സർക്കാർ എടുത്ത തീരുമാനം വലിയൊരു പ്രോത്സാഹനമാണ്. കുട്ടികളുടെ ലഹരി കൃഷിയാകണം. മാറ്റങ്ങൾ എപ്പോഴും കുട്ടികളിൽ നിന്നുതന്നെ ആരംഭിക്കേണ്ടതാണ്. ഡിജിറ്റൽ ലോകത്തെ സ്‌ക്രീനുകളിൽ മാത്രം ഒതുങ്ങിനിൽക്കാതെ മണ്ണിലിറങ്ങി പണിയെടുക്കാൻ കുട്ടികൾ തയാറാകണം. ഓരോ വിദ്യാർഥിക്കും ചുരുങ്ങിയത് ഒരു വിത്തെങ്കിലും പാകി കൃഷി തുടങ്ങാൻ കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @T Siddique എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.

Fashion ⏭️

Back to top button