അപകടസമയത്ത് മിനികൂപ്പറിന്റെ വേഗത 144 കിലോമീറ്റർ: അമിതവേഗം സ്ഥിരീകരിച്ച് കമ്പനി റിപ്പോർട്ട്

മിനികൂപ്പർ അപകടത്തിൽപെട്ടപ്പോൾ, അപകടത്തിൽ തകർന്ന സ്കൂട്ടർ
തിരുവനന്തപുരം: നെടുമ്പാശേരിയിൽ മിനികൂപ്പർ കാറിടിച്ച് മൂന്ന് പേർ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ, വാഹന നിർമ്മാതാക്കളായ ബി.എം.ഡബ്ല്യു സമർപ്പിച്ച സാങ്കേതിക റിപ്പോർട്ടിലും അമിതവേഗത വ്യക്തമായി. കാറിലെ ‘അഡ്വാൻസ്‌ഡ് ക്രാഷ് സേഫ്റ്റി മൊഡ്യൂൾ’ (ACSM) വഴി ശേഖരിച്ച വിവരങ്ങൾ ക്രോഡീകരിച്ച് ബി.എം.ഡബ്ല്യു ഇന്ത്യ അധികൃതർ അന്വേഷണ സംഘത്തിന് കൈമാറുകയുണ്ടായി.
ഈ റിപ്പോർട്ടിലെ വിവരങ്ങൾ പ്രകാരം, അപകടം നടക്കുന്നതിന് അഞ്ച് സെക്കൻഡ് മുൻപ് കാർ സഞ്ചരിച്ചിരുന്നത് മണിക്കൂറിൽ 162 കിലോമീറ്റർ വേഗതയിലായിരുന്നു. കൂട്ടിയിടി നടന്ന നിമിഷത്തിൽ വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കിലോമീറ്റർ ആയിരുന്നെന്നും രേഖകളിൽ പറയുന്നു. അപകടത്തിന് ഒരു സെക്കൻഡ് മുൻപ് മാത്രമാണ് ഡ്രൈവർ ബ്രേക്ക് അമർത്താൻ ശ്രമിച്ചതെന്ന വിവരവും നിർണ്ണായകമാണ്.
സംഭവസ്ഥലത്തേക്കുള്ള പാതയിലെ സിസിടിവി ദൃശ്യങ്ങൾ മുൻപ് തന്നെ പോലീസ് പരിശോധിച്ചിരുന്നു. അതിൽ 500 മീറ്റർ ദൂരം കേവലം 11 സെക്കൻഡ് കൊണ്ടാണ് വാഹനം പിന്നിട്ടതെന്ന് തെളിഞ്ഞിരുന്നു. ഇതിനെ ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ബി.എം.ഡബ്ല്യു റിപ്പോർട്ടും. ക്രാഷ് ഡാറ്റാ പരിശോധനയിലൂടെ വേഗത സ്ഥിരീകരിച്ചത് കേസിൽ സുപ്രധാന തെളിവായി മാറും. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ മേൽനോട്ടത്തിൽ ആലുവ ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്.




