അരിക്കൊമ്പൻ ജീവിതം സിനിമയാകുന്നു: ടീസർ പുറത്തിറങ്ങി

അരിക്കൊമ്പൻ സിനിമയുടെ ടീസറിൽ നിന്ന്
നാടിനെയും കാടിനെയും ഒരുപോലെ വിറപ്പിച്ച അരിക്കൊമ്പൻ എന്ന കാട്ടാനയുടെ ജീവിതകഥ ഇനി വെള്ളിത്തിരയിൽ വിസ്മയം തീർക്കാൻ ഒരുങ്ങുന്നു. മിഥുൻ മഹേശ്വരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത് പ്രധാന വേഷത്തിലെത്തുന്ന ‘അരിക്കൊമ്പൻ’ എന്ന തമിഴ് ചിത്രത്തിന്റെ ടീസർ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. യഥാർത്ഥത്തിൽ നടന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ ചലച്ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.
മലയാളത്തിലെ ഹിറ്റ് ചിത്രം ‘ട്രാഫിക്’ തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോൾ ആസിഫ് അലി അവതരിപ്പിച്ച വേഷത്തിലൂടെ ശ്രദ്ധേയനായ നടനാണ് മിഥുൻ മഹേശ്വരൻ. ‘എങ്കേയും എപ്പോതും’, ‘ചെന്നൈയിൽ ഒരുനാൾ’, ‘കോക്‌ടെയിൽ’, ‘എങ്ക കാട്ടൂല മഴൈ’, ‘ചിക്കികു ചിക്കികിച്ചു’, ‘യുദ്ധസത്തം’ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് സിനിമാ പ്രേക്ഷകർക്ക് അദ്ദേഹം സുപരിചിതനാണ്. ‘സുമേഷ് ആൻഡ് രമേഷ്’ എന്ന സിനിമയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ദേവിക കൃഷ്ണൻ ഈ ചിത്രത്തിലൂടെ തമിഴ് സിനിമയിൽ ആദ്യമായി മുഖം കാണിക്കുന്നു. കൂടാതെ, ‘ട്രാഫിക്’ (ഹിന്ദി), ‘മിലി’, ‘വേട്ട’, ‘ജമ്നാപ്യാരി’ തുടങ്ങിയ ഒട്ടേറെ ജനപ്രിയ സിനിമകളുടെ ഛായാഗ്രാഹകനായ അനീഷ് ലാൽ ആർ.എസ് ആദ്യമായി തമിഴ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
തമിഴ്‌നാട്ടിലെ പച്ചൈമല, കൊല്ലിമല തുടങ്ങിയ അതിമനോഹരമായ മലയോര ഗ്രാമങ്ങളുടെ പശ്ചാത്തലത്തിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്. ജനവാസ മേഖലകളിൽ പരിഭ്രാന്തി പരത്തിയ ഒരു കാട്ടാനയുടെ സാന്നിധ്യവും, കാടിനോട് ചേർന്ന് ജീവിക്കുന്ന സാധാരണക്കാരായ മനുഷ്യരുടെ അതിജീവന പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം. വൈകാരികമായ നിമിഷങ്ങൾക്കും ആക്ഷൻ രംഗങ്ങൾക്കും ഒരുപോലെ മുൻഗണന നൽകിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വരുന്ന ഡിസംബർ 11-ന് കേരളത്തിലും തമിഴ്‌നാട്ടിലും ഉൾപ്പെടെയുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും.




