NEWS
അഭിരാമിന്റെ സുഹൃത്തിന്റെ പക്കൽ പ്രതിയുടെ പെൺസുഹൃത്തിന്റെ ദൃശ്യങ്ങൾ; മുൻപും മർദനമെന്ന് വെളിപ്പെടുത്തൽ

തിരുവനന്തപുരം∙ കൊലപാതകത്തിന് ഒരാഴ്ച മുൻപുതന്നെ താനും അഭിരാമും ക്രൂരമായ മർദനത്തിന് ഇരയായിട്ടുണ്ടെന്ന് ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട സുഹൃത്ത് പൊലീസിന് മൊഴി നൽകി. കേസിലെ പ്രധാന പ്രതി തങ്ങളെ ഒരിടത്തേക്ക് വിളിച്ചു വരുത്തിയ ശേഷം അതിക്രൂരമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് പതിനേഴുകാരൻ വെളിപ്പെടുത്തി.
കേസിലെ ഒന്നാം പ്രതിയുടെ വനിതാ സുഹൃത്തിന്റെ സ്വകാര്യ ചിത്രം പതിനേഴുകാരന്റെ ഫോണിലുണ്ടെന്നാരോപിച്ചായിരുന്നു ആക്രമണം. ഇത് സംബന്ധിച്ച് സംസാരിക്കാനാണ് പ്രതി തങ്ങളെ രണ്ടുപേരെയും അങ്ങോട്ട് വിളിപ്പിച്ചത്. മർദനത്തിന് പുറമെ, തങ്ങളെ കൊല്ലുമെന്ന് ഇയാൾ അന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വീണ്ടും ആക്രമിക്കുമെന്ന് ഭയന്നതിനാലാണ്, സംഭവദിവസം അഭിരാം വീണ്ടും വിളിച്ചപ്പോൾ താൻ ഒപ്പം പോകാതിരുന്നതെന്നും സുഹൃത്ത് പൊലീസിനോട് പറഞ്ഞു.




