നാല് സ്ത്രീകളുടെ അതിജീവനഗാഥയുമായി കൗമുദി ടിവി

ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ തനിച്ചായിപ്പോയ നാല് സ്ത്രീകളുടെ അതിജീവനത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറയുന്ന പുതിയ പരമ്പരയുമായി കൗമുദി ടിവി വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. ‘കനകം കാമിനി കലഹം’ എന്ന് പേരിട്ടിരിക്കുന്ന ഈ പരമ്പര നവംബർ 11-ന് സംപ്രേഷണം ആരംഭിക്കും. എല്ലാ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം നാല് മണിക്കാണ് ഈ പുതിയ പരമ്പര സംപ്രേഷണം ചെയ്യുന്നത്.
ശാരിക, സാറ, ശിവാനി, സിതാര എന്നീ നാല് പേരാണ് ഈ കഥയിലെ കേന്ദ്രകഥാപാത്രങ്ങൾ. പലവിധ സാഹചര്യങ്ങളാൽ ഒറ്റപ്പെട്ടുപോയ ഇവർ ഒരേ ഫ്ലാറ്റിൽ ഒരുമിച്ച് താമസിക്കാൻ തീരുമാനിക്കുകയായിരുന്നു. തികച്ചും വ്യത്യസ്തമായ പശ്ചാത്തലങ്ങളിൽ നിന്നുള്ളവരും വ്യത്യസ്തമായ വേദനകളും സ്വപ്നങ്ങളും പേറുന്നവരുമാണ് ഇവർ. എന്നാൽ കാലക്രമേണ ഇവർ പരസ്പരമുള്ള കരുത്തായി മാറുകയാണ്.
ജീവിതത്തിൽ ഒറ്റപ്പെടലുകളും തടസ്സങ്ങളും നേരിടേണ്ടി വന്നെങ്കിലും, തങ്ങളുടെ ലോകത്ത് അവർ സന്തോഷം കണ്ടെത്തുന്നു. സ്വന്തം കാലിൽ നിന്ന് ജീവിതത്തെ കരുപ്പിടിപ്പിക്കാനുള്ള അവരുടെ നിശ്ചയദാർഢ്യമാണ് ഈ പരമ്പരയുടെ കാതൽ. ഒറ്റപ്പെട്ട നാല് പേരുടെ ജീവിതം ഒരു സൗഹൃദത്തിലൂടെ എങ്ങനെ മനോഹരമായി മാറുന്നു എന്നതിലേക്കാണ് ഈ പരമ്പര വിരൽചൂണ്ടുന്നത്.
കനകം കാമിനി കലഹം പരമ്പരയുടെ പോസ്റ്റർ
രാജേഷ് തലച്ചിറയാണ് ഈ പരമ്പരയുടെ ആശയവും സംവിധാനവും നിർവഹിക്കുന്നത്. പ്രിൻസി ഡെന്നിയാണ് രചന നിർവഹിച്ചിരിക്കുന്നത്. സിനുകുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. വൈഷ്ണവി സായ്കുമാർ, ബെന്നി സെബാസ്റ്റ്യൻ, റോഷന ആൻ റോയ്, ക്ഷമ കൃഷ്ണ, രഞ്ജിത്ത് സരോവർ, അൻസിൽ, അഖിൽ, ഹിമ, നിഖിൽ, കീയ എന്നിവരാണ് പരമ്പരയിലെ പ്രധാന അഭിനേതാക്കൾ.




