AUTO

പുതിയ ലെക്സസ് കാറിൽ മോഹൻലാലും ആന്റണി പെരുമ്പാവൂരും: വീഡിയോ വൈറൽ

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും ചേർന്ന് ലെക്സസിന്റെ പുതിയ ആഡംബര വാഹനമായ എൽഎം 350എച്ചിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയാണ്. അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമായ ‘എൽ 368’-ന്റെ ലൊക്കേഷനിൽ നിന്നും മടങ്ങുന്നതിനിടെയാണ് ഇവർ ഈ വാഹനത്തിൽ എത്തിയത്. വണ്ടിയോടിച്ചു കൊണ്ടിരിക്കുന്ന ആന്റണിയോട് വാഹനം എങ്ങനെയുണ്ടെന്ന് മോഹൻലാൽ അന്വേഷിക്കുമ്പോൾ വളരെ മികച്ചതാണെന്ന മറുപടിയാണ് അദ്ദേഹം നൽകുന്നത്. വാഹനം ഓടിച്ചു നോക്കണോ എന്ന് ആന്റണി ചോദിക്കുന്നുണ്ടെങ്കിലും, താൻ ചെറിയൊരു ഉറക്കത്തിലാണെന്നും മറ്റൊരിക്കൽ ആവാമെന്നുമാണ് മോഹൻലാൽ അതിന് മറുപടി നൽകുന്നത്.

ജപ്പാൻ വാഹന നിർമ്മാണ കമ്പനിയായ ലെക്സസിന്റെ ഏറ്റവും അത്യാഡംബരപൂർണ്ണമായ എംപിവി മോഡലാണ് എൽഎം 350എച്ച്. ഇന്ത്യയിൽ രണ്ട് വ്യത്യസ്ത വകഭേദങ്ങളിലായാണ് ഈ വാഹനം ലഭ്യമാകുന്നത്. ഏഴ് സീറ്റുകളുള്ള വിഐപി മോഡലിന് ഏകദേശം 2.27 കോടി രൂപയും, നാല് സീറ്റുകൾ മാത്രമുള്ള അൾട്രാ ലക്ഷ്വറി പതിപ്പിന് 2.84 കോടി രൂപയുമാണ് എക്സ്-ഷോറൂം വില വരുന്നത്. ഇതിൽ ഏറ്റവും വിലകൂടിയ നാല് സീറ്റർ അൾട്രാ ലക്ഷ്വറി പതിപ്പാണ് മോഹൻലാൽ സ്വന്തമാക്കിയത്.

ഒരു പ്രൈവറ്റ് ജെറ്റ് വിമാനത്തിന് സമാനമായ ആധുനിക സൗകര്യങ്ങളാണ് ഈ വാഹനത്തിന്റെ ഉൾവശത്ത് ഒരുക്കിയിരിക്കുന്നത്. ഹൈബ്രിഡ് എൻജിൻ കരുത്തിൽ ഓടുന്ന ഈ വാഹനത്തിന്റെ അകത്തളത്തിൽ 48 ഇഞ്ച് വലുപ്പമുള്ള അൾട്രാ-വൈഡ് ടിവി സ്ക്രീൻ, വിമാനത്തിലേതിന് സമാനമായ ഫസ്റ്റ് ക്ലാസ് റീക്ലൈനർ സീറ്റുകൾ, മടക്കി വെക്കാവുന്ന ടേബിളുകൾ, വയർലെസ് ഫോൺ ചാർജിംഗ് സംവിധാനം തുടങ്ങി അത്യാധുനികമായ എല്ലാ സൗകര്യങ്ങളും ലഭ്യമാണ്.

Sports ⏭️

Back to top button