NEWS

കപ്പലിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി: അരുംകൊലയ്ക്ക് സാക്ഷിയായി കുട്ടി, മർദനം ക്രൂരമായി

ടെക്സസിലെ ക്രൂസ് കപ്പലിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തുവന്നു. സൂസൻ വാട്‌ഫോർഡ് (31) എന്ന യുവതിയെ കൊലപ്പെടുത്തിയത് ഭർത്താവായ ജേസൺ വാട്‌ഫോർഡ് (48) ആണെന്ന് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച വിവരങ്ങൾ പൊലീസ് കോടതിയിൽ സമർപ്പിച്ചു. എംഎസ്‌സി സീസ്‌കേപ് എന്ന ക്രൂസ് കപ്പലിൽ വെച്ച്, ഇവരുടെ കുട്ടിയുടെ കൺമുന്നിൽ വെച്ചാണ് കൊലപാതകം നടന്നത്.

അത്താഴത്തിനിടയിൽ തുടങ്ങിയ ദമ്പതികളുടെ വഴക്ക് കപ്പലിലെ കാബിനിലേക്ക് മടങ്ങിയപ്പോഴും രൂക്ഷമായി തുടരുകയായിരുന്നു. ഈ തർക്കത്തിനിടയിൽ നിയന്ത്രണം വിട്ട ജേസൺ, ഭാര്യയെ ക്രൂരമായി മർദിക്കുകയും ഒടുവിൽ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. വായിൽ നിന്ന് രക്തം വരുന്നത് വരെ ജേസൺ മർദ്ദനം തുടർന്നതായി കോടതി രേഖകളിൽ വ്യക്തമാക്കുന്നു.

മെക്സിക്കോ, ഹോണ്ടുറാസ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഒരാഴ്ച നീളുന്ന വിനോദയാത്രയ്ക്കായി ടെക്സസിലെ ഗാൽവെസ്റ്റണിൽ നിന്ന് ഞായറാഴ്ചയായിരുന്നു ഇവർ യാത്ര തിരിച്ചത്. രാത്രി ഒൻപത് മണിയോടെ റൂം സർവീസുമായി ബന്ധപ്പെട്ട് ഹൗസ് കീപ്പർ ഇവരുടെ മുറിയിൽ എത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. തൂവാലകൾ നൽകാനായി വാതിലിൽ മുട്ടിയപ്പോൾ വാതിൽ തുറന്ന ജേസന്റെ വസ്ത്രത്തിൽ രക്തക്കറ പറ്റിപ്പിടിച്ചിരുന്നു. ഉള്ളിൽ അബോധാവസ്ഥയിൽ കിടക്കുന്ന സൂസനെയും ഹൗസ് കീപ്പർ കണ്ടെത്തി. ഉടൻ തന്നെ കപ്പലിലെ സെക്യൂരിറ്റി വിഭാഗം വിവരമറിയുകയും ജേസണെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

തിങ്കളാഴ്ച രാവിലെ കപ്പൽ വീണ്ടും ഗാൽവെസ്റ്റണിൽ തിരിച്ചെത്തിയതോടെ ജേസണെ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റി. കൊലപാതകക്കുറ്റം ചുമത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

Fashion ⏭️

Back to top button