NEWS

തമിഴ്‌നാട് ബ്രൗൺ മുട്ട നാടൻ മുട്ടയാക്കി വിൽപന; വെള്ളമുട്ട വില 8.50 രൂപയിലേക്ക്

കൊല്ലം ∙ വരാനിരിക്കുന്ന ആഘോഷനാളുകൾ മുന്നിൽക്കണ്ട് കോഴിമുട്ടയുടെ വിപണിവിലയിൽ വൻ കുതിച്ചുചാട്ടം. ദീപാവലി കഴിഞ്ഞതിന് പിന്നാലെ വരാനിരിക്കുന്ന ക്രിസ്മസ് വിപണി കൂടി മുന്നിൽക്കണ്ട് തമിഴ്നാട്ടിലെ മൊത്തവ്യാപാരികൾ വില കൂട്ടിയതോടെയാണ് സാധാരണക്കാരന്റെ പോക്കറ്റ് കാലിയാകുന്നത്. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ വെള്ളമുട്ടയുടെ ചില്ലറവില ഇപ്പോൾ എട്ടു മുതൽ എട്ടര രൂപ വരെയായി ഉയർന്നു കഴിഞ്ഞു. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തിൽ ആറു രൂപ നാൽപ്പത് പൈസയായിരുന്ന സ്ഥാനത്താണ് ഇപ്പോൾ വില ഏഴു രൂപ കടന്നത്. കേരളത്തിലേക്ക് ആവശ്യമായ മുട്ടയുടെ വലിയൊരു പങ്കും എത്തുന്നത് നാമക്കല്ലിൽ നിന്നാണ്.

കഴിഞ്ഞ മാസം വരെ കൊല്ലത്ത് ആറു രൂപ മുപ്പത് പൈസയായിരുന്ന വെള്ളമുട്ടയുടെ മൊത്തവില ഇപ്പോൾ ഏഴു രൂപ മുപ്പത് പൈസയായി വർധിച്ചു. ചില്ലറ വിപണിയിൽ എട്ടു രൂപ ഈടാക്കുമ്പോൾ, ഉൾനാടൻ പ്രദേശങ്ങളിൽ ചിലയിടങ്ങളിൽ എട്ടര രൂപ വരെയാണ് ഉപഭോക്താക്കൾ നൽകേണ്ടി വരുന്നത്. മുട്ടയുടെ ഒരു ട്രേയ്ക്ക് (30 എണ്ണം) 225 രൂപയാണ് നിലവിലെ വില. പരവൂരിലെ കണക്കെടുത്താൽ ചില്ലറവില ഏഴര രൂപയും മൊത്തവില ഏഴു രൂപ നാല്‍പ്പത് പൈസയുമാണ്. ശാസ്താംകോട്ടയിൽ അവസ്ഥ കൂടുതൽ രൂക്ഷമാണ്; ഇവിടെ വെള്ളമുട്ട ഒൻപതു രൂപയ്ക്കും നാടൻ മുട്ട 12 രൂപയ്ക്കുമാണ് വിറ്റഴിക്കുന്നത്. കിഴക്കൻ മേഖലകളിൽ വെള്ളമുട്ടയ്ക്ക് എട്ടു രൂപയാണ് ഈടാക്കുന്നത്.

മുട്ടയുടെ നിറവും വലുപ്പവും അടിസ്ഥാനമാക്കിയാണ് വ്യാപാരികൾ ഇവയെ തരംതിരിക്കുന്നത്. സാധാരണയായി ഒരു നാടൻ മുട്ടയ്ക്ക് 30 മുതൽ 50 ഗ്രാം വരെ തൂക്കമുണ്ടാകും. എന്നാൽ തമിഴ്നാട്ടിൽ നിന്ന് എത്തുന്ന മുട്ടകൾക്ക് 60 മുതൽ 70 ഗ്രാം വരെ തൂക്കമുണ്ട്. എങ്കിലും, പോഷകഗുണങ്ങളുടെ കാര്യത്തിൽ നാടൻ മുട്ടയും വെള്ളമുട്ടയും തമ്മിൽ വലിയ അന്തരമൊന്നുമില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കോഴിത്തീറ്റയുടെ വിലയിലുണ്ടായ വർധനയും ക്രിസ്മസ് വിപണി ലക്ഷ്യമാക്കി കേക്ക് നിർമാണം സജീവമായതും മുട്ടവില കൂടാൻ കാരണമായിട്ടുണ്ട്. അതേസമയം, വിലക്കയറ്റത്തിന്റെ മറവിൽ നികുതി വെട്ടിച്ച് മുട്ട കടത്തുന്നത് തടയാൻ തെന്മല ചെക്പോസ്റ്റിൽ അധികൃതർ പരിശോധന കർശനമാക്കിയിരിക്കുകയാണ്.

Fashion ⏭️

Back to top button