ഒൻപതാം ക്ലാസ് ജയത്തിന് മകന് 2.30 കോടിയുടെ ബിഎംഡബ്ല്യു: പിതാവിനെതിരെ വിമർശനം

പരീക്ഷകളിൽ മികച്ച വിജയം കൈവരിക്കുമ്പോൾ മക്കൾക്ക് പാരിതോഷികങ്ങൾ നൽകുന്നത് പല രക്ഷിതാക്കളുടെയും പതിവാണ്. പഠനയാത്രയിലെ നേട്ടങ്ങളെ അംഗീകരിക്കാനും തുടർന്നും മികച്ച പ്രകടനം കാഴ്ചവെക്കാൻ അവരെ പ്രേരിപ്പിക്കാനുമാണ് ഇത്തരത്തിൽ സമ്മാനങ്ങൾ നൽകുന്നത്. എന്നാൽ, ഒൻപതാം ക്ലാസ് ജയിച്ച മകന് പിതാവ് നൽകിയ ഒരു അത്യാഡംബര സമ്മാനമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുന്നത്.
∙ വാഹനപ്രേമം തലയ്ക്കുപിടിച്ച തൽഹ
പതിനഞ്ചുകാരനായ തൽഹയ്ക്ക് കാറുകളോട് അടങ്ങാത്ത കമ്പമാണ്. ബിഎംഡബ്ല്യു എംഫോർ കോംപറ്റീഷൻ (BMW M4 Competition) സ്വന്തമാക്കുക എന്നത് അവന്റെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു. മകന്റെ താൽപ്പര്യങ്ങൾ തിരിച്ചറിഞ്ഞ പിതാവ്, പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടിയതോടെ ആ ആഗ്രഹം സഫലമാക്കി നൽകി. മുംബൈയിലെ ഷോറൂമിൽ നിന്ന് 2.30 കോടി രൂപ മുടക്കിയാണ് ഈ ആഡംബര വാഹനം വാങ്ങിയത്. മകന് അപ്രതീക്ഷിത സമ്മാനമായി നൽകുന്നതിനായി പ്രത്യേക കണ്ടെയ്നറിലാണ് കാർ വീട്ടിലെത്തിച്ചത്.
∙ കഠിനാധ്വാനത്തിന്റെ കഥ
മകന്റെ കൊച്ചു വിജയത്തിന് ഇത്രയും വിലകൂടിയ ഒരു സമ്മാനം നൽകാൻ ഷംസുദ്ദീന് പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ട്. ഉപജീവനത്തിനായി മുംബൈയിലെത്തിയ കാലത്ത് യാതൊരു തൊഴിലും ലഭിക്കാതെ സിനിമാ സെറ്റുകളിൽ ലൈറ്റ്മാനായതടക്കമുള്ള കഠിനമായ ജോലികൾ അദ്ദേഹം ചെയ്തിരുന്നു. അവിടെനിന്ന് ലഭിച്ച തുച്ഛമായ വരുമാനം സ്വരുക്കൂട്ടി കഷ്ടപ്പെട്ടാണ് അദ്ദേഹം ഇന്ന് കാണുന്ന നിലയിലുള്ള ഒരു ബിസിനസുകാരനായി വളർന്നത്.
∙ പഠനത്തിന് തന്നെയാകും മുൻഗണന
പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ച് അപകടങ്ങൾ ഉണ്ടാക്കുന്ന വാർത്തകൾ നിത്യസംഭവമായ ഇക്കാലത്ത്, തൽഹ കാർ ഓടിക്കുമോ എന്ന ആശങ്ക പലരും പങ്കുവെക്കുന്നുണ്ട്. എന്നാൽ നിയമപരമായ തടസ്സങ്ങൾ ഉള്ളതുകൊണ്ട് തന്നെ മകൻ വാഹനം ഓടിക്കില്ലെന്ന് പിതാവ് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ പഠനത്തിന് മാത്രമാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും, തൽഹയ്ക്ക് കാർ ഓടിക്കാനുള്ള താൽപ്പര്യമില്ലെന്നും അദ്ദേഹം പറയുന്നു. പിതാവ് ഓടിക്കുന്ന കാറിൽ ആഴ്ചയിലൊരിക്കൽ യാത്ര ചെയ്യാനാണ് മകന്റെ ആഗ്രഹം.
∙ സമൂഹമാധ്യമങ്ങളിലെ ഭിന്നസ്വരം
സ്കൂൾ വിദ്യാർഥിയായ മകന് കോടികൾ വിലമതിക്കുന്ന വാഹനം സമ്മാനമായി നൽകിയതിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഒരു വിഭാഗം ഉയർത്തുന്നത്. പ്രായത്തിന് അനുസരിച്ചുള്ള സമ്മാനങ്ങളല്ലേ നൽകേണ്ടതെന്നും, പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ഇത്തരം ആഡംബരങ്ങൾ നൽകുന്നത് തെറ്റായ കീഴ്വഴക്കമാണെന്നും ചിലർ അഭിപ്രായപ്പെടുന്നു. അതേസമയം, പൂജ്യത്തിൽ നിന്ന് തുടങ്ങി കഠിനാധ്വാനം ചെയ്ത് വൻ സാമ്രാജ്യം കെട്ടിപ്പടുത്ത ഒരാൾക്ക് തന്റെ മകന്റെ നേട്ടങ്ങൾ ആഘോഷിക്കാൻ ആഗ്രഹമുണ്ടാകുന്നത് സ്വാഭാവികമാണെന്ന അഭിപ്രായവുമായി മറുവിഭാഗവും രംഗത്തുണ്ട്.




