മഹേശ്വരിയുടെ മരണം: വാതിൽ പൂട്ടിയ നിലയിൽ മൃതദേഹം; അന്വേഷണം പരിചയക്കാരിലേക്ക്

മുംബൈ പൻവേലിന് സമീപമുള്ള ഖൊപ്പോളിയിൽ തനിച്ച് താമസിച്ചിരുന്ന ആലപ്പുഴ അമ്പലപ്പുഴ കരുമാടി ആറ്റുകടവ് സ്വദേശി മഹേശ്വരി രാമചന്ദ്രന്റെ (71) മരണത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. ഭാൻവജിലെ കാർമൽ സ്കൂളിന് പിന്നിലുള്ള ഇന്ദ്രപ്രസ്ഥ ഫ്ലാറ്റ് സമുച്ചയത്തിലെ നാലാം നമ്പർ വസതിയിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈകാലുകൾ ബന്ധിക്കപ്പെട്ട, രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.
പരേതനായ വൈപ്പുശ്ശേരി രാമചന്ദ്ര പണിക്കരുടെ ഭാര്യയാണ് മഹേശ്വരി. സന്ധ്യ, വിനോദ്, മനോജ് എന്നിവരാണ് മക്കൾ. മക്കൾ മൂന്നുപേരും വിദേശത്തായതുകൊണ്ട് ഫ്ലാറ്റിൽ മഹേശ്വരി ഒറ്റയ്ക്കായിരുന്നു താമസം. മക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ലഭിക്കാതെ വന്നതോടെ അയൽവാസികൾ വീട്ടിലെത്തി പരിശോധിച്ചു. അപ്പോൾ രണ്ടാം നിലയിലുള്ള ഫ്ലാറ്റിന്റെ വാതിൽ പൂട്ടിയിട്ട നിലയിലായിരുന്നു. തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിൽ ഫോൺ ലൊക്കേഷൻ വീടിനുള്ളിൽ തന്നെയാണെന്ന് വ്യക്തമായി. ശേഷം പൂട്ട് തകർത്ത് അകത്ത് കടന്നപ്പോഴാണ് കിടപ്പുമുറിയിൽ മൃതദേഹം കണ്ടെത്തിയത്.




