NEWS

വേണാട് നിലമ്പൂരിലേക്ക് നീട്ടുന്നത് വൈകും: 24 കോച്ചുകൾക്കുള്ള പ്ലാറ്റ്ഫോം സൗകര്യം നിലമ്പൂരിൽ ഇല്ല

തിരുവനന്തപുരം–ഷൊർണൂർ വേണാട് എക്സ്പ്രസ് ട്രെയിൻ നിലമ്പൂരിലേക്ക് ദീർഘിപ്പിക്കാനുള്ള പദ്ധതിക്ക് കാലതാമസം നേരിടും. മേലാറ്റൂരിലെ ക്രോസിങ് സ്റ്റേഷന്റെ നിർമാണം പൂർത്തിയായ ശേഷം ട്രെയിൻ നീട്ടുമെന്നായിരുന്നു പൊതുവായ പ്രതീക്ഷയെങ്കിലും, നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ 24 കോച്ചുകൾക്ക് നിൽക്കാനുള്ള പ്ലാറ്റ്‌ഫോം സൗകര്യമില്ലാത്തത് പദ്ധതിക്ക് തടസ്സമായിരിക്കുകയാണ്.

ഷൊർണൂർ–നിലമ്പൂർ പാതയിലെ വിവിധ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോമുകളുടെ നീളം വർധിപ്പിക്കുന്ന ജോലികൾ പുരോഗമിക്കുന്നുണ്ടെങ്കിലും, ആദ്യഘട്ട കരാറുകളിൽ നിലമ്പൂർ, അങ്ങാടിപ്പുറം സ്റ്റേഷനുകൾ ഉൾപ്പെട്ടിരുന്നില്ല. മുൻകാലങ്ങളിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ, ഈ പാതയിൽ ഓടുന്ന ട്രെയിനുകളുടെ നീളം കണക്കിലെടുത്ത് മാത്രമായിരുന്നു പ്ലാറ്റ്‌ഫോം വികസനത്തിന് നിർദേശം നൽകിയിരുന്നത്. തന്മൂലം, പല സ്റ്റേഷനുകളിലും 16 കോച്ചുകളിൽ കൂടുതൽ നിർത്താൻ കഴിയാത്ത അവസ്ഥയായിരുന്നു നിലനിന്നിരുന്നത്. ഈ പ്രതിസന്ധിക്ക് ഇപ്പോൾ റെയിൽവേ പരിഹാരം കണ്ടുതുടങ്ങിയിട്ടുണ്ട്.

അങ്ങാടിപ്പുറം, വാണിയമ്പലം സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകൾ വികസിപ്പിക്കാൻ അനുമതി ലഭിച്ചതായും, നിലമ്പൂരിലെ പ്രശ്നവും അടിയന്തരമായി പരിഹരിക്കുമെന്ന് പാലക്കാട് ഡിആർഎം മധുകർ റൗത്ത് വ്യക്തമാക്കി. മഞ്ചേശ്വരത്ത് രണ്ട് സ്റ്റേബിളിങ് ലൈനുകൾ കൂടി സ്ഥാപിക്കുന്ന കാര്യം റെയിൽവേയുടെ സജീവ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Fashion ⏭️

Back to top button