മോഹൻലാൽ കതിർ കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ: കുട്ടികളെ കൃഷിയിലേക്ക് അടുപ്പിക്കാൻ പുതിയ ദൗത്യം

നടൻ മോഹൻലാൽ
തിരുവനന്തപുരം: വിദ്യാർത്ഥികളിൽ കൃഷിയോട് താൽപ്പര്യം വളർത്താനും കാർഷിക മേഖലയിലേക്ക് അവരെ അടുപ്പിക്കാനുമായി കേരള കൃഷിവകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി ആവിഷ്കരിച്ച ‘കതിർ’ എന്ന പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി നടൻ മോഹൻലാലിനെ തിരഞ്ഞെടുത്തു. ഇതിന്റെ പ്രാരംഭഘട്ടമെന്ന നിലയിൽ കേരളത്തിലെ 500 വിദ്യാലയങ്ങളിൽ കാർഷിക ക്ലബ്ബുകൾ സ്ഥാപിക്കും. ‘കതിർ’ പദ്ധതി കാർഷിക രംഗത്ത് വലിയൊരു മാറ്റത്തിന് വഴിയൊരുക്കട്ടെ എന്ന് മോഹൻലാൽ ആശംസിച്ചു.
തനിക്ക് കൃഷിയോട് എന്നും വലിയൊരു മമതയുണ്ടെന്നും സ്വന്തം വീടിനോട് ചേർന്നുള്ള സ്ഥലത്ത് കൃഷി ചെയ്യാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളിൽ കൃഷിയോടുള്ള അഭിരുചി വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ‘കതിർ’ ക്ലബ്ബുകൾ രൂപീകരിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൃഷിയിൽ താൽപ്പര്യം കാണിക്കുന്ന വിദ്യാർത്ഥികൾക്ക് അധിക മാർക്ക് നൽകാനുള്ള തീരുമാനം വളരെ അഭിനന്ദനാർഹമാണ്. ലഹരിക്ക് പകരം കൃഷിയെ കുട്ടികൾ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കണം. മാറ്റങ്ങൾ കുട്ടികളിൽ നിന്നുതന്നെ തുടങ്ങണം. ഡിജിറ്റൽ ലോകത്തെ സ്ക്രീനുകളിൽ മാത്രം ഒതുങ്ങാതെ മണ്ണിലിറങ്ങി പ്രവർത്തിക്കാൻ വിദ്യാർത്ഥികൾ തയ്യാറാകണമെന്നും, ഓരോ കുട്ടിയും ഇന്ന് തന്നെ ഒരു വിത്തെങ്കിലും നട്ടുതുടങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. തന്റെ മാതാപിതാക്കളുടെ ഓർമ്മയ്ക്കായി പ്രവർത്തിക്കുന്ന വിശ്വശാന്തി ഫൗണ്ടേഷന്റെ പൂർണ്ണ പിന്തുണ ഈ പദ്ധതിക്കുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
മലയാളികളുടെ പ്രിയതാരം മോഹൻലാൽ ഈ പദ്ധതിയുടെ ഭാഗമായത് വലിയൊരു മുന്നേറ്റത്തിന് തുടക്കം കുറിക്കുമെന്ന് കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖ് അഭിപ്രായപ്പെട്ടു. വരും അധ്യയന വർഷത്തോടെ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ‘കതിർ’ കാർഷിക ക്ലബ്ബുകൾ വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി പ്രത്യേക നോഡൽ ഓഫീസർമാരെ നിയമിക്കും. പദ്ധതിയുടെ നടത്തിപ്പിനായി ഉദ്യോഗസ്ഥർക്ക് നൽകേണ്ട പരിശീലനം തിരുവനന്തപുരത്ത് വെച്ച് രണ്ട് ദിവസങ്ങളിലായി ഇതിനകം പൂർത്തിയായിട്ടുണ്ട്.




