NEWS
കേരളത്തിന്റെ പ്രിയപ്പെട്ട ദത്തുപുത്രി രാധ വിടവാങ്ങി

ചെർപ്പുളശ്ശേരി (പാലക്കാട്) ∙ ബാല്യകാലത്ത് ബാങ്കോക്കിൽ വെച്ച് നേതാജി സുഭാഷ് ചന്ദ്രബോസിനൊപ്പം കഴിഞ്ഞിരുന്ന ‘കേരളത്തിന്റെ ദത്തുപുത്രി’ രാധ (88) അന്തരിച്ചു. കാറൽമണ്ണ പൊതുവാട്ടിൽ വീട്ടിലെ താമസക്കാരിയായിരുന്നു ഇവർ. തായ്ലൻഡിൽ ഐഎൻഎയുടെ മുൻനിര പോരാളിയായിരുന്ന കാറൽമണ്ണ സ്വദേശി ഡോ. കൃഷ്ണപ്പൊതുവാളും ഭാര്യ നാരായണിക്കുട്ടി പൊതുവാൾസ്യാരും ചേർന്ന് ദത്തെടുത്തതിനെത്തുടർന്നാണ് ഇവർക്ക് മലയാളത്തനിമയിൽ ‘രാധ’ എന്ന പേര് ലഭിക്കുന്നത്. 1946-ൽ ഏഴാം വയസ്സിലാണ് രാധ ആദ്യമായി കേരളത്തിലെത്തിയത്. ഇന്ന് രാവിലെ 10 മണിക്കാണ് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. പരേതനായ രാജഗോപാലൻ നായരാണ് ഭർത്താവ്. തൃക്കടീരി പിടിഎം ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ ശ്രീലതയാണ് മകൾ. പാലക്കാട് ഇൻഫർമേഷൻ ഓഫിസറായ ഐ.ആർ. പ്രസാദ് മരുമകനാണ്.




