NEWS

സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ: വാഗ്ദാനം പാഴായോ? അക്കൗണ്ടിൽ പണമെത്താത്തതിൽ പ്രതിപക്ഷ പ്രതിഷേധം

ന്യൂഡൽഹി∙ സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ വീതം ബാങ്ക് അക്കൗണ്ടിലേക്ക് നൽകുമെന്ന ഡൽഹി സർക്കാരിന്റെ വാഗ്ദാനം വെറും പ്രഹസനമായി മാറുന്നുവോ എന്ന ആശങ്ക ശക്തമാകുന്നു. കഴിഞ്ഞ ഓഗസ്റ്റ് 27-ന് 2500 പേർക്ക് പ്രതീകാത്മകമായി അനുമതിപത്രം കൈമാറിക്കൊണ്ട് വലിയ ആരവത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ആകെ 17 ലക്ഷം വനിതകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് സർക്കാർ അവകാശപ്പെട്ടിരുന്നത്. എന്നാൽ, റജിസ്ട്രേഷൻ വിവരങ്ങൾ പരിശോധിക്കുമ്പോൾ ഗുണഭോക്താക്കളുടെ എണ്ണം 9.2 ലക്ഷമായി ഒതുങ്ങിയെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

ഡൽഹി സർക്കാർ ആവിഷ്കരിച്ച ‘ഡൽഹി ലക്ഷ്മി യോജന’ പ്രകാരം, 21നും 60നും ഇടയിൽ പ്രായമുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇതിൽ 1000 രൂപ നേരിട്ടും, 1500 രൂപ റെക്കറിങ് ഡെപ്പോസിറ്റ് (ആർഡി) അക്കൗണ്ടിലുമായാണ് നിക്ഷേപിക്കുന്നത്. സ്ത്രീകളുടെ ദീർഘകാല സാമ്പത്തിക ഭദ്രത ലക്ഷ്യമിട്ടാണ് ആർഡി സംവിധാനം ഏർപ്പെടുത്തിയതെന്നാണ് സർക്കാർ വാദം. ഓഗസ്റ്റ് 27-ന് മുഖ്യമന്ത്രി രേഖ ഗുപ്തയാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. എന്നാൽ, സെപ്റ്റംബർ ഒന്നിന് ആദ്യ ഗഡു അക്കൗണ്ടിലെത്തുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. ദീപാവലി ആഘോഷങ്ങൾ കഴിഞ്ഞിട്ടും ഗുണഭോക്താക്കൾക്ക് പണം ലഭിച്ചില്ലെന്ന് ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ദേവേന്ദ്ര യാദവ് കുറ്റപ്പെടുത്തി. ഡൽഹിയിലെ കോടിക്കണക്കിന് സ്ത്രീകളെ തഴഞ്ഞ് വെറും 17 ലക്ഷം പേർക്ക് മാത്രമായി പദ്ധതി പരിമിതപ്പെടുത്തിയതിനെയും അദ്ദേഹം വിമർശിച്ചു.

പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സർക്കാർ കടുത്ത നിബന്ധനകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അവ താഴെ പറയുന്നവയാണ്:

∙ 21നും 60നും ഇടയിൽ പ്രായമുള്ള വനിതകൾക്കായിരിക്കണം മുൻഗണന.
∙ കുടുംബത്തിലെ മുതിർന്ന വനിതാ അംഗം ആയിരിക്കണം അപേക്ഷക.
∙ കുടുംബത്തിന്റെ വാർഷിക വരുമാനം 2.50 ലക്ഷം രൂപയിൽ താഴെയായിരിക്കണം.
∙ അപേക്ഷകയോ കുടുംബാംഗങ്ങളോ കുറഞ്ഞത് പത്ത് വർഷമായി ഡൽഹിയിൽ താമസിക്കുന്നവരായിരിക്കണം.
∙ ഡൽഹിയിലെ വോട്ടർ പട്ടികയിൽ പേരുള്ളവരായിരിക്കണം.
∙ പ്രതിവർഷ വൈദ്യുതി ഉപയോഗം 2400 യൂണിറ്റിൽ കൂടാൻ പാടില്ല.
∙ നിലവിൽ മറ്റ് സാമ്പത്തിക സഹായങ്ങൾ കൈപ്പറ്റുന്നവർക്ക് അർഹതയില്ല.
∙ ആദായനികുതി അടയ്ക്കുന്നവർ, ജിഎസ്ടി ദായകർ, സർക്കാർ-പൊതുമേഖലാ ജീവനക്കാർ എന്നിവർക്ക് അപേക്ഷിക്കാനാവില്ല.
∙ കുടുംബത്തിൽ സ്വന്തമായി കാർ ഉണ്ടാകാൻ പാടില്ല.
∙ മൂന്നിൽ കൂടുതൽ കുട്ടികളുള്ളവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.
∙ ക്രിമിനൽ പശ്ചാത്തലമുള്ളവർക്കും പദ്ധതിയിൽ പങ്കുചേരാനാകില്ല.

മൂന്നിൽ കൂടുതൽ മക്കളുള്ളവർക്ക് പദ്ധതി നിഷേധിച്ച സർക്കാർ തീരുമാനം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. കൂടാതെ, ആർഡി അക്കൗണ്ടിലെ തുക മൂന്ന് വർഷത്തെ ലോക്ക്-ഇൻ കാലയളവിന് ശേഷം മാത്രമേ പിൻവലിക്കാൻ കഴിയൂ. അതായത് 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിലാകും ഗുണഭോക്താക്കൾക്ക് ഈ പണം ലഭിക്കുക. നേരിട്ട് ലഭിക്കുന്ന 1000 രൂപയുടെ കാര്യത്തിലും കർശന നിയന്ത്രണങ്ങളുണ്ട്. ആർബിഐയുടെ ഡിജിറ്റൽ കറൻസി (സിബിഡിസി) വാലറ്റിലൂടെയായിരിക്കും ഈ തുക ലഭ്യമാക്കുക. ലഹരി വസ്തുക്കളോ മദ്യമോ പുകയിലയോ വാങ്ങുന്നതിന് ഈ പണം ഉപയോഗിക്കാൻ കഴിയില്ലെന്ന പ്രത്യേക നിബന്ധനയും ഇതിലുണ്ട്.

Fashion ⏭️

Back to top button