LIFESTYLE

പഴയ കാലമല്ല; ഒരു സഹായത്തിന് ഓടിയെത്താൻ ആരുമുണ്ടാകില്ല: അതുകൊണ്ട് ഈ അബദ്ധം ഇനി കാണിക്കരുത്; അനുഭവം


ഭാര്യയ്ക്കും ഭർത്താവിനും ജോലി.നിന്നുതിരിയാനോ അലസമായൊന്നിരിക്കാനോ ഒട്ടുമേയില്ല സമയം- ടൈം ഈസ് മണി.അവർക്കൊരു വീട് വേണമെന്ന് കരുതൂ. അവർ വീട് പ്ലാൻ ചെയ്യുന്നതും വയ്ക്കുന്നതും സങ്കൽപിച്ചു നോക്കൂ. എല്ലാ സൗകര്യങ്ങളും ഉണ്ടാകണം, പക്ഷേ അത്രക്ക് വലുതായിരിക്കരുത്. ബാത്ത്റൂമുകൾ എണ്ണം കുറയ്ക്കണം, വൃത്തിയാക്കാൻ എളുപ്പമുള്ളതാവണം, എന്നൊക്കെയായിരിക്കും അവർ ഡിസൈനറോട് ആവശ്യപ്പെടുക എന്നല്ലെ നിങ്ങൾ കരുതുന്നത്.എങ്കിൽ അങ്ങനെയല്ല. വലിയ രണ്ടു കിടപ്പുമുറി താഴെ. വലിയ രണ്ടു കിടപ്പുമുറി മുകളിൽ.താഴെ ലിവിങ്, മുകളിൽ ലിവിങ്. താഴെ രണ്ട് അടുക്കള. രണ്ട് അടുക്കളയോ? ഒന്ന് ഷോയ്ക്കുവേണ്ടി മാത്രം. അതിനുപുറകിൽ മറ്റൊന്ന്. അവനാണ് ശരിക്കുള്ള ആക്ടിവ് അടുക്കള. അതായത് ഷോ കിച്ചൻ മറ്റത് വർക്കിങ് കിച്ചൻ എന്ന് ആംഗലേയത്തിൽ പറയുമ്പഴാണ് ഒരു ഗുമ്മ്.അതാണിപ്പോഴത്തെ ഡിസൈനിങ് ലോകത്തെ നടപ്പാചാരം. അടുക്കളയിൽ പാത്രങ്ങൾ അലങ്കോലമായി കിടക്കും. കറിപ്പാത്രങ്ങളും ചോറ് പാത്രങ്ങളും കുക്കറും മിക്സിയും കഴുകാതെ സിങ്കിൽ കിടക്കും. സ്പൂൺ കരണ്ടി കത്തി, വെട്ട്, പലക അങ്ങനെ പലതും അലക്ഷ്യമായി ചിതറിയായിരിക്കും. എം ടി യുടെ രണ്ടാമൂഴത്തിൽ മഹാഭാരതയുദ്ധ വിവരണമുണ്ട്. അതുപോലെയായിരിക്കും തിരക്കുള്ളവരുടെ അടുക്കളകൾ. അത് ചൂണ്ടി ഭയപ്പെടുത്തിയിട്ടാണ് ഡിസൈനേഴ്സ് തങ്ങളുടെ മുന്നിലിരിക്കുന്ന ദമ്പതിമാരോട് രണ്ട് അടുക്കളയുടെ ആവശ്യകതയെപ്പറ്റി വിസ്തരിക്കാറ്. അതിൽ പലരും കുടുങ്ങും. അങ്ങനെയാണ് നാലാളുകാണെ ചന്തമുള്ള അടുക്കള, അതായത് എല്ലാറ്റിലും ഒരു ചിട്ടയും അടുക്കുമൊക്കെയുള്ള അടുക്കളയുണ്ടായത്.കാബിനറ്റുകളുണ്ടാവും. സിങ്കുണ്ടാവും.പേരിന് മൂന്നോ നാലോ പാത്രങ്ങൾ. കാണാൻ ബഹുകേമം. കൂട്ടുകാരോ ബന്ധുക്കാരോ കണ്ടാൽ കണ്ണ് തള്ളണം. ‘ഹൊ എന്തൊരു വൃത്തി’ എന്ന് നാലാളോട് പറയാൻ പാകത്തിന് വയ്ക്കണം. വീട് കാണാൻ വരുന്നവരുടെ വീട്ടിലെ കാര്യങ്ങൾ പുറത്ത് പറയാതിരിക്കുന്നതാണ് നല്ലതെങ്കിലും പോയിടത്തെ കാര്യങ്ങൾ നാല് പേരോട് പറയാതിരിക്കുന്നതെങ്ങനെ? അങ്ങനെ വരുന്നവരെ കൊതിപ്പിക്കാനും അവരെ കൊണ്ട് നല്ലത് പറയിപ്പിക്കാനുമാണ് പണിയെടുക്കാതെ വിയർക്കാതെ എന്നും അണിഞ്ഞിരിക്കുന്ന അടുക്കളയുണ്ടായത്. അങ്ങനെ അടുക്കളയായി. പിന്നൊരു സ്റ്റോർ .വിശാലമായ ഡൈനിങ്. ഗോവണി അങ്ങനെ ആവശ്യങ്ങളുടെ ന്യൂനമർദ്ദവും കാറ്റും മഴയും. എല്ലാം കഴിഞ്ഞു. പ്ലാനായി . എക്സിക്യൂഷനായി. ബന്ധുക്കൾ കോവർക്കേഴ്സ് നാട്ടുകാർ എല്ലാരും ആകാംക്ഷയിൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കല്യാണ പന്തലിൽ പൂമാലയിട്ട്, മേടയിൽ നിൽക്കുന്ന വധൂവരൻമാർക്ക് കിട്ടുന്ന അതേ പരിഗണനയായിരിക്കും വീടുപണി നടക്കുമ്പോളും അടുപ്പത്ത് പാല് തിളപ്പിച്ച് തൂവിച്ച്, അടുക്കളയിൽ നിൽക്കുമ്പോഴും വനിതാ ഉടമയ്ക്ക് കിട്ടുന്നത്. എല്ലാ കണ്ണുകളും അവരിലേക്ക്. അസൂയ, അദ്‌ഭുതം, സ്നേഹം…എല്ലാം ചേർന്ന ആശംസകളുടെ പ്രവാഹം. എല്ലാം കഴിഞ്ഞു. താമസിച്ച് മാസങ്ങൾ കഴിയുമ്പോഴാണറിയുന്നത്, തിരക്കിനിടയിൽ, അടുക്കളയിൽ പാത്രങ്ങൾ കുമിഞ്ഞുകൂടുന്നു.വീട്ടിലെ സർവ്വരുടെയും വസ്ത്രങ്ങൾ ബെഡ് റൂമിൽ കുമിഞ്ഞുകൂടുന്നു. ഫസ്റ്റ് ഫ്ലോർമാത്രമല്ല ഗ്രൗണ്ട് ഫ്ലോറും പൊടി പിടിച്ചു കിടക്കുന്നു. മുറ്റമടിച്ചിട്ട് ദിവസങ്ങളായി.അമ്മായമ്മയില്ലാത്തത് മഹാഭാഗ്യം എന്ന് ഇടയ്ക്ക് കരുതും. അല്ലെങ്കിൽ അവരുടെ പ്രാക്ക് ദിനേന കിട്ടിയേനേ.


Cinema ⏭️

Back to top button