SPORTS

പന്തു കണ്ടില്ലേ? വൈഭവിനെ പുറത്താക്കാനുള്ള അവസരം പാഴാക്കി, ഫീൽഡറെ നിർത്തിപ്പൊരിച്ച് മിച്ചൽ സാന്റ്നർ- വിഡിയോ


ക്രൈസ്റ്റ്ചർച്ച്∙ ക്രിക്കറ്റ് ഗ്രൗണ്ടിൽ വലിയ വൈകാരിക പ്രകടനങ്ങൾ പുറത്തെടുക്കാത്ത ആളാണ് ന്യൂസീലൻഡ് ടീം ക്യാപ്റ്റൻ മിച്ചൽ സാന്റ്നര്‍. എന്നാൽ ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി20 പോരാട്ടത്തിനിടെ സാന്റ്നർ എല്ലാ നിയന്ത്രണങ്ങളും കൈവിട്ട് രോഷം പ്രകടിപ്പിക്കുന്ന സാഹചര്യമുണ്ടായി. ഇന്ത്യയുടെ മറുപടി ബാറ്റിങ്ങിനിടെ കൗമാരതാരം വൈഭവ് സൂര്യവംശിയെ പുറത്താക്കാനായി ലഭിച്ച സുവർണാവസരം കിവീസ് ഫീൽഡർ പാഴാക്കിയതോടെയാണ് സാന്റ്നർ രൂക്ഷഭാഷയിൽ പ്രതികരിച്ചത്. മിച്ചൽ ബ്രേസ്‌വെൽ എറിഞ്ഞ അഞ്ചാം ഓവറിലെ ആദ്യ പന്തിലാണു സംഭവം. രണ്ടാം മത്സരത്തിൽ തിലക് വർമയുടെ പോരാട്ടവീര്യത്തിന് മുന്നിലാണു കിവീസ് അടിയറവു പറഞ്ഞത്. തിലക് വർമയുടെ (26 പന്തിൽ 51*) വെടിക്കെട്ട് അർധ സെഞ്ചറിയുടെ മികവിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യ നാലു വിക്കറ്റ് വിജയം നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് ഗ്ലെൻ ഫിലിപ്സിന്റെയും (43 പന്തിൽ 70), ബെവൻ ജേക്കബ്സിന്റെയും (46 പന്തിൽ 58) അർധ സെഞ്ചറിക്കരുത്തിൽ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, തിലക് വർമയുടെയും നമൻ ധിറിന്റെയും (17 പന്തിൽ 31) നിതീഷ് റെഡ്ഡിയുടെയും (13 പന്തിൽ 26) കരുത്തിൽ നടത്തിയ തിരിച്ചടിയിൽ, 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. സ്കോർ: ന്യൂസീലൻഡ് 20 ഓവറിൽ 5ന് 180. ഇന്ത്യ 19.5 ഓവറിൽ 6ന് 181. തിലക് വർമയാണ് പ്ലെയർ ഓഫ് ദ് മാച്ച്. ജയത്തോടെ 5 മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2–0ന് മുന്നിലെത്തി. 27നാണ് പരമ്പരയിലെ മൂന്നാം മത്സരം.നമൻ ധിറായിരുന്നു ആദ്യം അടിതുടങ്ങിയത്. ഒരു ഫോറും 3 സിക്സുമടക്കം 31 റൺസ് നേടിയ നമൻ ധിർ 15–ാം ഓവറിൽ പുറത്താകുമ്പോഴേക്കും സ്കോർ 100 കടന്നിരുന്നു. പിന്നാലെ നിതീഷ് റെഡ്ഡിയെ കൂട്ടുപിടിച്ച് അടിതുടർന്ന തിലക് വർമ ഇന്ത്യയെ വിജയത്തിലെത്തിച്ചു. 6 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു തിലകിന്റെ ഇന്നിങ്സ്. 21 റൺസ് മാത്രം വിട്ടുനൽകി 4 വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ മിച്ചൽ സാന്റ്നറുടെ ബോളിങ്ങാണ് ഇന്ത്യയെ വിറപ്പിച്ചത്. നേരത്തെ, ഓപ്പണിങ് ബാറ്റർമാരായ ടിം സീഫെർട്ടിനും (7), ഡാരിൽ മിച്ചലിനും (6), ഫിൻ അലനും (16) ന്യൂസീലൻഡിനു മികച്ച തുടക്കം നൽകാൻ സാധിച്ചില്ല. പവർ പ്ലേയിൽ 3ന് 44 എന്ന നിലയിലായിരുന്നു കിവീസ്. തുടർന്നായിരുന്നു ആദ്യ മത്സരത്തിലെ മിന്നും ഫോം തുടർന്ന ഗ്ലെൻ ഫിലിപ്സിന്റെ രക്ഷാപ്രവർത്തനം. ബെവൻ ജേക്കബ്സിനെ കൂട്ടുപിടിച്ച് അടി തുടങ്ങിയ ഫിലിപ്സ് 18–ാം ഓവറിൽ പുറത്താകുമ്പോൾ ടീം സ്കോർ 157ൽ എത്തിയിരുന്നു. അവസാന പന്തുകളിൽ മൈക്കൽ ബ്രേസ്‌വെൽ നടത്തിയ വെടിക്കെട്ടാണ് സ്കോർ 180ൽ എത്തിച്ചത്. ഇന്ത്യയ്ക്കായി അർഷ്ദീപ് സിങ് രണ്ടും ഭുവനേശ്വർ കുമാർ, പ്രിൻസ് യാദവ്, നിതീഷ് റെഡ്ഡി എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.


Auto ⏭️

Back to top button