SPORTS

കാലിനു പരുക്കേറ്റതു കാരണം ടീമിൽനിന്നു പുറത്ത്, ത്രില്ലർ പോരാട്ടം ജയിച്ചപ്പോൾ സഞ്ജുവിനെ പൊക്കിയെടുത്ത് ഇഷാൻ കിഷൻ!


ക്രൈസ്റ്റ്ചർച്ച്∙ രണ്ടാം ട്വന്റി20യിൽ ന്യൂസീലൻഡിനെതിരായ വിജയത്തിനു പിന്നാലെ സഞ്ജു സാംസണെ എടുത്തുയർത്തി നൃത്തം ചെയ്ത് ഇന്ത്യന്‍ യുവതാരം ഇഷാൻ കിഷൻ. കാലിനു പരുക്കുള്ള ഇഷാൻ കിഷൻ രണ്ടാം മത്സരത്തില്‍ കളിക്കാൻ ഇറങ്ങിയിരുന്നില്ല. ഇഷാന്റെ പകരക്കാരനായി കൗമാര താരം വൈഭവ് സൂര്യവംശിയാണു ന്യൂസീലൻഡിനെതിരെ കളിച്ചത്. ഇഷാന്റെ ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പരിൽ ഇറങ്ങിയ വൈഭവിന് എട്ടു പന്തുകളിൽനിന്ന് നാലു റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. അവസാന ഓവറുകളിൽ ഇന്ത്യൻ ബാറ്റർമാരായ തിലക് വർമയും നിതീഷ് കുമാർ റെഡ്ഡിയും ചേർന്നാണു കളി ജയിപ്പിച്ചത്. ഗാലറിയിലിരുന്ന് സഞ്ജുവിനൊപ്പം കളി കണ്ട ഇഷാൻ മത്സരത്തിനു ശേഷം താരത്തെ എടുത്ത് ഉയർത്തുകയായിരുന്നു. ഇന്ത്യൻ താരങ്ങളുടെ ആഘോഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.ഓപ്പണിങ് വിക്കറ്റിൽ 40 റൺസെടുത്തെങ്കിലും ഉദ്ദേശിച്ച തുടക്കമായിരുന്നില്ല ഇന്ത്യയ്ക്ക് ലഭിച്ചത്. ഓപ്പണർ‍ സഞ്ജു സാംസൺ നിറം മങ്ങി. 17 പന്തിൽ 14 റണ്‍സാണ് സഞ്ജു സ്കോർ ചെയ്തത്. ഒരു സിക്സും ഒരു ഫോറും ബൗണ്ടറി കടത്തിയ സഞ്ജുവിനെ ജേക്കബ് ഡഫി അഞ്ചാം ഓവറിലെ നാലാം പന്തിൽ ഗ്ലെൻ ഫിലിപ്സിന്റെ കൈകളിലെത്തിച്ചു. വൈഭവിനും തിളങ്ങാനായില്ല. പിന്നാലെയെത്തിയ മധ്യനിര താരങ്ങളും നിരാശപ്പെടുത്തിയതോടെ ഇന്ത്യൻ സ്കോറിങ്ങിന്റെ വേഗത കുറഞ്ഞു. 70 റൺസെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റുകൾ നഷ്ടമായി.20–ാം ഓവറിൽ ജേക്കബ് ഡഫിയുടെ ആദ്യ പന്തിൽ നിതീഷ് കുമാർ റെഡ്ഡി സിംഗിൾ എടുത്തപ്പോൾ രണ്ടാം പന്ത് തിലക് വർമ ബൗണ്ടറി കടത്തി. മൂന്നാം പന്തിൽ തിലക് രണ്ട് റൺസ് ഓടിയെടുത്തതോടെ ഇന്ത്യയ്ക്കു മൂന്നു പന്തിൽ വേണ്ടത് നാലു റൺസ്. നാലാം പന്തിലും തിലക് ബൗണ്ടറിക്കു ശ്രമിച്ചെങ്കിലും ഒരു റൺ എടുക്കാൻ മാത്രമാണു സാധിച്ചത്. ഒരു വൈഡ് വന്നതോടെ ഇന്ത്യയ്ക്ക് രണ്ടു പന്തിൽ വേണ്ടത് രണ്ട് റൺസ്. അഞ്ചാം പന്തിൽ നിതീഷ് കുമാർ റെഡ്ഡി രണ്ട് റൺസെടുത്ത് ഇന്ത്യയ്ക്കു തുടർച്ചയായ രണ്ടാം വിജയം നേടിക്കൊടുത്തു.


Auto ⏭️

Back to top button