LIFESTYLE
പലർക്കും ഇത് അറിയില്ല: നിങ്ങളുടെ എസി മുറി തണുപ്പിക്കാൻ മാത്രമല്ല ചൂടാക്കാനും ഉപയോഗിക്കാം; ഇത് ശ്രദ്ധിക്കുക

ഡിസംബർ, ജനുവരി മാസങ്ങളിലെ കനത്ത ശൈത്യത്തിൽ വീടിനുള്ളിൽ ചൂടോടെയിരിക്കാൻ ആളുകൾ പല വഴികളും തേടാറുണ്ട്. എന്നാൽ എസി ശൈത്യകാലത്ത് ഒരു ഹീറ്ററായി പ്രവർത്തിക്കുമെന്ന് എത്ര പേർക്കറിയാം? മിക്ക കുടുംബങ്ങളിലും മൺസൂൺകാലത്ത് എസി ഓഫ് ചെയ്തിടുകയാണ് പതിവ്. അടുത്ത വർഷം ഏപ്രിൽ വരെ പിന്നീട് അതിലേക്ക് തിരിഞ്ഞുനോക്കാറില്ല. എന്നാൽ ഇന്ന് വിപണിയിൽ ലഭ്യമാകുന്ന പല സ്പ്ലിറ്റ് എസികളും ‘ഓൾ-വെതർ’ അല്ലെങ്കിൽ ‘ഹോട്ട് ആൻഡ് കോൾഡ്’ മോഡലുകളാണ്. അതായത്, മുറി തണുപ്പിക്കുക മാത്രമല്ല, ചൂടാക്കാനും ഇവയ്ക്ക് സാധിക്കും. നിങ്ങളുടെ വീട്ടിലുള്ള എസി അത്തരത്തിലുള്ള ഒന്നാണെങ്കിൽ, ഈ തണുപ്പുകാലത്ത് പ്രത്യേകം റൂം ഹീറ്ററുകൾ വാങ്ങി പണം കളയേണ്ടി വരില്ല. എന്നാൽ പല ഉപയോക്താക്കൾക്കും തങ്ങളുടെ എസി ഈ ഫീച്ചറിനെ സപ്പോർട്ട് ചെയ്യുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.ഓൾ-വെതർ എസികൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്? ഒരു സാധാരണ എസി ഉപയോഗിക്കുന്ന അതേ റഫ്രിജറന്റ് സൈക്കിൾ തന്നെയാണ് ഓൾ-വെതർ എസി-കളും ഉപയോഗിക്കുന്നത്. എന്നാൽ ഇതിൽ ‘റിവേഴ്സിങ് വാൽവ്’ എന്ന ഒരു പ്രത്യേക ഘടകം കൂടി ഉൾപ്പെടുത്തിയിരിക്കുന്നു.കൂളിങ് മോഡ്: സാധാരണ എസികളിൽ മുറിക്കുള്ളിലെ ചൂട് വലിച്ചെടുത്ത് അത് പുറത്തേക്ക് കളയുകയാണ് ചെയ്യുന്നത്. ഹീറ്റിങ് മോഡ്: ഹീറ്റിങ് മോഡിലേക്ക് മാറ്റുമ്പോൾ ഈ വാൽവ് പ്രവർത്തനം തിരിച്ചുപിടിക്കുന്നു. അതായത്, പുറത്തെ അന്തരീക്ഷത്തിൽ നിന്നുള്ള ചൂട് വലിച്ചെടുത്ത് അത് മുറിക്കുള്ളിലേക്ക് നൽകുന്നു.പ്രത്യേകം ഹീറ്റിങ് കോയിലുകൾ ഉപയോഗിച്ച് ചൂട് ഉണ്ടാക്കുന്നതിന് പകരം, എസി ഇതിനകം അന്തരീക്ഷത്തിലുള്ള ചൂടിനെ മുറിക്കുള്ളിലേക്ക് പമ്പ് ചെയ്യുകയാണ് ചെയ്യുന്നത്. അതിനാൽ തന്നെ, പരമ്പരാഗത റൂം ഹീറ്ററുകളെ അപേക്ഷിച്ച് തുല്യ അളവിലുള്ള ചൂട് ലഭിക്കാൻ ഇവ വളരെ കുറഞ്ഞ വൈദ്യുതി മാത്രമേ ഉപയോഗിക്കുന്നുള്ളൂ. കൂടാതെ, സാധാരണ ഹീറ്ററുകളെപ്പോലെ ഇവ വായുവിലെ ഓക്സിജൻ എരിച്ചുകളയുകയോ മുറിയിലെ ഈർപ്പം പൂർണമായി ഇല്ലാതാക്കുകയോ ചെയ്യുന്നില്ല. അതിനാൽ ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകളുള്ളവർക്കും ഇവ സുരക്ഷിതമാണ്.നിങ്ങളുടെ എസി-ക്ക് ഹീറ്റിങ് മോഡ് ഉണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം? വീട്ടിലുള്ള എസി ഹോട്ട് ആൻഡ് കോൾഡ് മോഡൽ ആണോ എന്ന് പരിശോധിക്കാൻ വഴിയുണ്ട്.1. റിമോട്ട് കൺട്രോൾ പരിശോധിക്കുക: റിമോട്ടിലെ ‘Mode’ ബട്ടൺ അമർത്തുക. അതിൽ ലഭ്യമായ ഓപ്ഷനുകളിൽ ‘Heat’ എന്ന ഫീച്ചർ ഉണ്ടോ എന്ന് നോക്കുക. സാധാരണയായി ഇതിന്റെ ചിഹ്നം ഒരു സൂര്യന്റെ (Sun Icon) രൂപത്തിലായിരിക്കും. 2. മോഡൽ നമ്പറും സ്റ്റിക്കറും നോക്കുക: ഇൻഡോർ യൂണിറ്റിന്റെ വശത്തുള്ള സ്പെസിഫിക്കേഷൻ സ്റ്റിക്കർ പരിശോധിക്കുക. ഹോട്ട് ആൻഡ് കോൾഡ് മോഡലുകളിൽ കൂളിങ് കപ്പാസിറ്റിക്കൊപ്പം ഹീറ്റിങ് കപ്പാസിറ്റിയും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. 3. യൂസർ മാനുവൽ പരിശോധിക്കുക: ഉപകരണത്തോടൊപ്പം ലഭിച്ച യൂസർ മാനുവൽ അല്ലെങ്കിൽ ബ്രാൻഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കുക. നിങ്ങളുടെ എസി മോഡൽ നമ്പർ നൽകി സെർച്ച് ചെയ്താൽ അത് ഹോട്ട് ആൻഡ് കോൾഡ് വേരിയന്റ് ആണോ എന്ന് ഉറപ്പുവരുത്താം. 4. കമ്പനിയുടെ ആപ് ഉപയോഗിക്കുക:നിങ്ങളുടെ എസി സ്മാർട് അല്ലെങ്കിൽ വൈഫൈ എനേബിൾഡ് ആണെങ്കിൽ, ബ്രാൻഡിന്റെ ഔദ്യോഗിക കമ്പനി ആപ് തുറന്ന് നോക്കുക. സപ്പോർട്ട് ചെയ്യുന്ന മോഡലുകളിൽ ‘Heat’ ഒരു സെലക്ട് ചെയ്യാവുന്ന മോഡലായി കാണിക്കും. 5. പെട്ടെന്നുള്ള പരിശോധന (Run a Quick Test): ഏറ്റവും വിശ്വാസയോഗ്യമായ മാർഗം ഇതാണ്. റിമോട്ട് ഉപയോഗിച്ച് ‘Heat’ മോഡ് സെലക്ട് ചെയ്ത് താപനില 26 ഡിഗ്രി സെൽഷ്യസ് ആയി ക്രമീകരിക്കുക. ശേഷം അഞ്ച് മിനിറ്റ് കാത്തിരിക്കുക. യൂണിറ്റിൽ നിന്നും ഇളംചൂടുള്ള വായു പുറത്തേക്ക് വരുന്നുണ്ടെങ്കിൽ നിങ്ങളുടെ എസി-യിൽ ഹീറ്റിങ് ഫീച്ചർ സപ്പോർട്ട് ചെയ്യുന്നുണ്ട് എന്നർഥം. (കുറിപ്പ്: ചില യൂണിവേഴ്സൽ റിമോട്ടുകളിൽ എസി-ക്ക് ഫീച്ചർ ഇല്ലെങ്കിൽ പോലും ഹീറ്റ് ഓപ്ഷൻ കാണിച്ചേക്കാം, അതിനാൽ ടെസ്റ്റ് ചെയ്യുന്നത് തന്നെയാണ് ഏറ്റവും സുരക്ഷിതം).
Cinema ⏭️




