മടുപ്പില്ലാതെ ഓണസദ്യ കഴിക്കാം; എരിവും പുളിയും മധുരവും ചേരുന്ന ഈ വിഭവം ഒഴിവാക്കരുത്, അഞ്ചുമിനിട്ടിൽ തയ്യാറാക്കാം

പ്രതീകാത്മക ചിത്രം
കേരളത്തിന്റെ തനത് രുചികളെല്ലാം ഒരിലയിൽ ഒരുമിച്ച് വിളമ്പുന്നതിനെയാണ് സദ്യ എന്നുപറയുന്നത്. ഓണത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നാണ് വാഴയിലയിൽ വിളമ്പുന്ന ഓണസദ്യ. വിഭവങ്ങളുടെ വൈവിദ്ധ്യം കൊണ്ടുമാത്രമല്ല ഓരോ കറിയുടെയും പിന്നിലുള്ള പ്രത്യേകതകൾകൊണ്ടും ഓണസദ്യ വേറിട്ടതാകുന്നു. ഉപ്പേരി, പപ്പടം, വിവിധതരം തോരൻ, കിച്ചടി, പച്ചടി, അവിയൽ, കാളൻ, ഓലൻ, എരിശേരി, സാമ്പാർ എന്നിവയ്ക്കൊപ്പം വിവിധതരം പായസങ്ങളും ഉൾപ്പെടുന്നതാണ് കേരളത്തിന്റെ സദ്യ.
സദ്യയുടെ ഏറ്റവും വലിയ പ്രത്യേകത വ്യത്യസ്ത രുചികളുടെ സമന്വയമാണ്. മധുരം, പുളി, എരിവ്, ഉപ്പ് തുടങ്ങിയ രുചികൾ പരസ്പരം സന്തുലിതമാക്കുന്ന രീതിയിലാണ് വിഭവങ്ങൾ ഒരുക്കുന്നത്. സദ്യയ്ക്ക് വാഴയില ഉപയോഗിക്കുന്നതിന് പിന്നിൽപ്പോലും പ്രത്യേക കാരണമുണ്ട്. വാഴയില ഭക്ഷണത്തിന് പ്രത്യേക ഗന്ധവും രുചിയും നൽകുമെന്നതിനാലാണ് സദ്യയ്ക്ക് ഇത് ഉപയോഗിക്കുന്നത്.
ഓണസദ്യയിൽ ചെറിയൊരു വിഭവമെന്ന് തോന്നുമെങ്കിലും ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒരു കറിയാണ് പുളിയിഞ്ചി. ഓണസദ്യയിലെ പ്രധാന രുചിയായ എരിവും പുളിയും മധുരവും ഒത്തുവരുന്ന നാടൻ പുളിയിഞ്ചി തയ്യാറാക്കാൻ വളരെ എളുപ്പമാണ്. സദ്യയിലെ വിവിധ കറികൾക്കും പായസത്തിനുമിടയിൽ നാവിന്റെ രുചി ഉണർത്താനും ഭക്ഷണത്തിന്റെ മടുപ്പ് മാറ്റാനും പുളിയിഞ്ചി സഹായിക്കുന്നു. ഓണസദ്യയിൽ ഇലയുടെ ഒരു വശത്ത് ചെറിയ അളവിൽ വിളമ്പുന്ന പുളിയിഞ്ചി അളവിൽ കുറവായാലും രുചിയിൽ വലിയ പങ്കാണ് വഹിക്കുന്നത്.
ആവശ്യമായ ചേരുവകൾ
ഇഞ്ചി: അര കപ്പ് (പൊടിയായി അരിഞ്ഞത്)
പുളി: നെല്ലിക്ക വലുപ്പത്തിൽ (ചൂടുവെള്ളത്തിൽ പിഴിഞ്ഞെടുത്തത്)
പച്ചമുളക്: 4-5 എണ്ണം (വട്ടത്തിൽ അരിഞ്ഞത്)
ശർക്കര: ചെറിയ കഷ്ണം (ആവശ്യത്തിന് മധുരത്തിന്)
മഞ്ഞൾപ്പൊടി: അര ടീസ്പൂൺ
മുളകുപൊടി: 1 ടീസ്പൂൺ
കായപ്പൊടി: അര ടീസ്പൂൺ
ഉലുവപ്പൊടി: കാൽ ടീസ്പൂൺ
കടുക്, വറ്റൽമുളക്, കറിവേപ്പില: താളിക്കാൻ
വെളിച്ചെണ്ണ: ആവശ്യത്തിന്
ഉപ്പ്: പാകത്തിന്
തയ്യാറാക്കുന്ന വിധം
ഇഞ്ചി വളരെ ചെറുതായി അരിഞ്ഞെടുക്കുക.
പാനിൽ വെളിച്ചെണ്ണ ചൂടാക്കി അരിഞ്ഞ ഇഞ്ചി ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വറുത്ത് കോരി മാറ്റിവയ്ക്കുക.
അതേ പാനിൽ കടുക് പൊട്ടിച്ച് വറ്റൽമുളകും കറിവേപ്പിലയും പച്ചമുളകും വഴറ്റുക.
ഇതിലേക്ക് പിഴിഞ്ഞുവച്ച പുളിവെള്ളം ഒഴിക്കുക.
മഞ്ഞൾപ്പൊടിയും മുളകുപൊടിയും പാകത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക.
പുളിവെള്ളം കുറുകി വരുമ്പോൾ ശർക്കര പൊടിച്ചതും വറുത്തുവച്ച ഇഞ്ചിയും ചേർക്കുക.
കായപ്പൊടിയും ഉലുവപ്പൊടിയും ചേർത്ത് നന്നായി ഇളക്കി ചാറ് നല്ലതുപോലെ കുറുകി തെളിഞ്ഞുവരുമ്പോൾ വാങ്ങിവയ്ക്കാം
English Summary
Onam Sadya is a traditional Kerala feast served on a banana leaf, featuring a variety of dishes balancing sweet, sour, spicy, salty and bitter flavours. Puliyinchi, a popular ginger-based delicacy, adds a distinctive sweet, sour and spicy taste. Made with ginger, tamarind, jaggery, green chilli and spices, it is easy to prepare and helps refresh the palate during the elaborate feast.
News ⏭️


