അനിരുദ്ധിനെവരെ അമ്പരപ്പിച്ച് കുഞ്ഞിപ്രതിഭ; സക്കീർ ഹുസൈൻ ജൂനിയറെന്ന് സോഷ്യൽ മീഡിയ

അനിരുദ്ധിന്റെ പാട്ടിന് താളം പിടിക്കുന്ന കുരുന്ന്
കുഞ്ഞിക്കൈകളിൽ താളം തീർത്ത് കേൾവിക്കാരനെ അമ്പരിപ്പിക്കുന്ന ഒരു കൊച്ചുമിടുക്കൻ സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളായി. ഏത് പാട്ടിന്റെയും താളം വളരെ പെട്ടെന്ന് മനപാഠമാക്കാനും അനായാസം അത് കൊട്ടിക്കേൾപ്പിക്കാനും ഈ കുരുന്നിനാകും. ഇപ്പോഴിതാ സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറിനെപ്പോലും അതിശയിപ്പിച്ച ഒരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
അമ്മയോട് അനിരുദ്ധ് അങ്കിളിന്റെ പാട്ട് വച്ച് തരാൻ ആവശ്യപ്പെടുന്ന കുട്ടി, പാട്ട് തുടങ്ങിയ ഉടൻതന്നെ കൃത്യമായ താളത്തിൽ കൊട്ടുന്നത് വീഡിയോയിൽ കാണാം. സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ ഉൾപ്പടെ നിരവധിപേരാണ് കുഞ്ഞിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. ഭാവിയിൽ അനിരുദ്ധിന്റെ പാട്ടുകൾക്ക് താളംപിടിക്കുന്ന ഡ്രമ്മറാകട്ടെയെന്ന് പലരും ആശംസിക്കുന്നുണ്ട്. ചിലരാകട്ടെ സ്നേഹത്തോടെ ജൂനിയർ സക്കീർ ഹുസൈനെന്നും കുട്ടിയെ വിശേഷിപ്പിക്കുന്നുണ്ട്.
‘ബോക്സ് ഓഫ് ഷോലി’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പേളി മാണി ഉൾപ്പടെയുള്ള പ്രമുഖർ കുരുന്നിന്റെ വീഡിയോകൾക്ക് കമന്റ് ചെയ്തിട്ടുണ്ട്. ഏത് പാട്ടിന്റെയും താളം അവൻ അനായാസം പഠിച്ചെടുക്കുമെന്ന കാര്യം അക്കൗണ്ടിലെ മറ്റ് വീഡിയോകൾ കാണുമ്പോൾ വ്യക്തമാണ്. സ്വന്തം കാര്യങ്ങൾ പോലും ഒറ്റയ്ക്ക് ചെയ്യാൻ കഴിയുന്ന പ്രായമായിട്ടില്ല, വാക്കുകൾ പൂർണവ്യക്തതയോടെ പറഞ്ഞുതുടങ്ങിയിട്ടില്ല. പക്ഷേ, താളം പിടിക്കുമ്പോൾ അവന്റെ കുഞ്ഞിക്കൈകൈകൾക്ക് പിഴയ്ക്കില്ല. അത്രമാത്രം ഇഷ്ടത്തോട് കൂടിയാണ് ആ കുരുന്ന് കൊട്ടാൻ തുടങ്ങുന്നത്.
പലപ്പോഴും മൊബൈലിൽ പാട്ട് വച്ച ശേഷം അതിന്റെ താളത്തിൽ കൊട്ടാൻ നിർദേശവും നൽകി അച്ഛനമ്മമാർ അവനരികിലിരിക്കാറുണ്ട്. ചില സമയങ്ങളിൽ അവനിഷ്ടപ്പെട്ട പാട്ട് പാടി നൽകാറുമുണ്ട്. ഇനി ആരും പാട്ട് പാടിയില്ലെങ്കിൽപോലും അവന്റെ ഹൃദയത്തിൽ താളമുണ്ടെന്നുള്ള കാര്യം വ്യക്തം. വലിയ അഭിനന്ദനങ്ങളോടെയാണ് കുരുന്നിന്റെ ഓരോ വീഡിയോയും ആളുകൾ സ്വീകരിക്കുന്നത്. ‘തീയുണ്ട് കെടാതെ നോക്കണം’ എന്നാണ് പലരും കമന്റ് ചെയ്യുന്നത്. ഈ ചെറിയ പ്രായത്തിലും അത്രമാത്രം സൂക്ഷ്മതയോടെ താളം കൈകാര്യം ചെയ്യുന്ന അവൻ ഭാവിയിൽ മികച്ചൊരു ഡ്രമ്മറായി മാറുമെന്ന് ആശംസിക്കുന്നവരും കുറവല്ല.
RELATED TOPICS: LITTLE DRUMMER, RHYTHM, MUSICLOVER, INSPIRING KID, ANIRUDH RAVICHANDER
Source link


