പ്രായപൂർത്തിയാകാത്തവർക്ക് പുകയില ഉത്പന്നങ്ങൾ നൽകിയാൽ ശിക്ഷ കടുക്കും

തിരുവനന്തപുരം:പ്രായപൂർത്തിയാകാത്തവർക്ക് പുകയില ഉത്പന്നങ്ങൾ നൽകുന്ന കേസിൽ നിയമനടപടികൾ ശക്തമാക്കുമെന്ന് മന്ത്രി എം.ലിജു. കോട്പ പ്രകാരമുള്ള കേസിന് പകരം ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കുന്നത് ആലോചിക്കുമെന്നും മദ്യനയവുമായി ബന്ധപ്പെട്ട ചർച്ചയിൽ അദ്ദേഹം വ്യക്തമാക്കി.
ബെവ്കോ ഔട്ട്ലെറ്റുകൾക്ക് പൊതുമാനദണ്ഡം കൊണ്ടുവരുന്നത് പരിഗണിക്കും. സാമൂഹ്യസംഘടനാ പ്രതിനിധികൾ, വനിതാ സംഘടനകൾ,ഐ.എം.എ, ബാറുടമകളുടെ സംഘടനാപ്രതിനിധികൾ എന്നിവരുമായാണ് ചർച്ചനടത്തിയത്. ലഹരിവിരുദ്ധപ്രവർത്തനങ്ങൾ സർക്കാർ കൂടുതൽ കാര്യക്ഷമമാക്കണമെന്ന് ശിവഗിരി മഠത്തിനെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്ത ഗുരുധർമ്മപ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി നിർദ്ദേശിച്ചു. ബാറുകളുടെ എണ്ണം കൂട്ടരുതെന്നും വീര്യം കുറഞ്ഞ മദ്യത്തിന്റെ ഉത്പാദനമോ വിപണനമോ പാടില്ലെന്നും ചില സംഘടനകൾ അഭിപ്രായപ്പെട്ടു.
മദ്യവിമുക്തികേന്ദ്രങ്ങൾക്കൊപ്പം പുനരധിവാസ കേന്ദ്രങ്ങളും പ്രവർത്തിപ്പിക്കണമെന്നായിരുന്നു ഐ.എം.എയുടെ നിർദ്ദേശം.
മദ്യവിരുദ്ധബോധവത്കരണം കരിക്കുലത്തിന്റെ ഭാഗമാക്കണം. വീര്യം കുറഞ്ഞ മദ്യം പ്രോത്സാഹിപ്പിക്കുന്നത് മറ്റ് മദ്യങ്ങളുടെ വിപത്തിൽ നിന്ന് യുവതലമുറയെ മുക്തമാക്കുമെന്നും ഐ.എം.എ പറഞ്ഞു.
ബാറുകളുടെ പ്രവർത്തനസമയം രാത്രി 12 വരെ ആക്കിയത് തുടരണമെന്ന് ബാറുടമകളുടെ പ്രതിനിധികൾ നിർദ്ദേശിച്ചു. ബാറുകളിലെ ലോക്കൽ കൗണ്ടറുകൾ തുടരണമെന്നും അഭിപ്രായപ്പെട്ടു. സിനിമകളിലൂടെ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നത് തടയാൻ സെൻസർ ബോർഡിന്റെ ഇടപെടൽ ശക്തമാക്കണമെന്ന് വനിതാസംഘടനകൾ ആവശ്യപ്പെട്ടു.




