NEWS

ഫ്ലൈദുബായ് ആക്രമണം: കത്തിക്കുത്തിൽ പരുക്കേറ്റ ഇന്ത്യൻ പൈലറ്റിനെ ദുബായിലേക്കു മാറ്റി; അടിയന്തര ശസ്ത്രക്രിയ നടത്തി


ജറുസലം/ദുബായ്∙ സഹപൈലറ്റിന്റെ കത്തിക്കുത്തിൽ പരുക്കേറ്റ് സൗദി അറേബ്യയിലെ തബൂക്കിൽ ചികിത്സയിലായിരുന്ന ഫ്ലൈദുബായ് പൈലറ്റ് സ്മിത്ത് മച്ഛാറിനെ തുടർചികിത്സയ്ക്കായി വിമാനത്തിൽ ദുബായിലേക്കു മാറ്റി. അടിയന്തര ശസ്ത്രക്രിയ പൂർത്തിയായെന്നും ആരോഗ്യവാനായിരിക്കുന്നുവെന്നും യുഎഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു. മച്ഛാറിന്റെ കുടുംബാംഗങ്ങൾ ഒപ്പമുണ്ട്. കുടുംബത്തെ ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തലും ദുബായിലെ കോൺസൽ ജനറൽ ഡോ. വിഷ്ണുവർധന റെഡ്ഡിയും സന്ദർശിച്ചു.സഹപൈലറ്റിന്റെ കത്തിക്കുത്തിൽ പതറാതെ സമയോചിതമായി പ്രവർത്തിച്ച ഇന്ത്യൻ പൈലറ്റ് സ്മിത്ത് മച്ഛാർ 174 യാത്രക്കാരുടെ ജീവനാണ് രക്ഷിച്ചത്. ബുധനാഴ്ച രാവിലെ ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്കുള്ള യാത്രയ്ക്കിടെയാണു ഫ്ലൈദുബായ് വിമാനത്തിന്റെ കോക്പിറ്റിൽ സ്മിത്ത് മച്ഛാറിനെ ഒമാൻകാരനായ സഹപൈലറ്റ് ആക്രമിച്ചത്. രക്തത്തിൽ കുളിച്ചുകിടക്കുന്നതിനിടയിലും മച്ഛാർ കോക്പിറ്റിന്റെ വാതിൽ തുറന്നുകൊടുത്തതിനാൽ യാത്രക്കാർക്കും ക്രൂ അംഗങ്ങൾക്കും അകത്തുകയറി അക്രമിയെ കീഴടക്കാനായി. മേഖലയിലെ സംഘർഷസാഹചര്യം കണക്കിലെടുത്ത് അധികമായി നിയോഗിച്ചിരുന്ന 2 പൈലറ്റുമാർക്ക് വിമാനത്തിന്റെ നിയന്ത്രണമേറ്റെടുക്കാനായതാണ് വൻദുരന്തമൊഴിവാക്കിയത്. തുടർന്ന് സൗദി അറേബ്യയിലെ തബൂക്കിൽ വിമാനം സുരക്ഷിതമായി ഇറക്കുകയായിരുന്നു.സ്കൂൾ പഠനത്തിനുശേഷം കുടുംബത്തിന്റെ വസ്ത്രബിസിനസിന്റെ ഭാഗമാകാൻ ടെക്സ്റ്റൈൽ എൻജിനീയറിങ് പഠിച്ച മച്ഛാർ പിന്നീട് മുംബൈയിലെ വെലിങ്‍‌കർ ഇൻസ്റ്റിറ്റ്യൂട്ടിൽ മാനേജ്മെന്റ് പഠനത്തിനു ചേർന്നു. അവിടെ നടന്ന സെമിനാറാണു പറന്നുയരാനുള്ള മോഹമുദിപ്പിച്ചത്. ന്യൂസീലൻഡിൽ പൈലറ്റ് പരിശീലനം കഴിഞ്ഞ് സ്പൈസ്‌ജെറ്റിൽ ചേർന്നു. അവിടെ പൈലറ്റുമാരെ പരിശീലിപ്പിക്കുന്ന ലൈൻ ട്രെയ്നിങ് ക്യാപ്റ്റനായി ഉയർന്നു. 11 വർഷം സ്പൈസ്‌ജെറ്റിലുണ്ടായിരുന്ന മച്ഛാർ 2022ലാണു ഫ്ലൈദുബായിലെത്തിയത്.


Fashion ⏭️

Back to top button