LIFESTYLE
3 ബിഎച്ച്കെ ഫ്ലാറ്റിൽ ഒരൊറ്റ മുറിക്ക് മാസവാടക 30,000! വിഡിയോ പങ്കുവച്ച് യുവതി; ചർച്ചകളിൽ നിറഞ്ഞ് ‘ബെംഗളൂരു ലൈഫ്’

ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബെംഗളൂരുവിൽ വാടകവീട് കണ്ടെത്തുക എന്നത് മിക്ക സാധാരണക്കാർക്കും അഗ്നിപരീക്ഷയാണ്.കുതിച്ചുയരുന്ന വാടകനിരക്കുകളും അപാർട്മെന്റുകൾ ലഭിക്കാനുള്ള ബുദ്ധിമുട്ടും സ്ഥിരം സംഭവമായി മാറിക്കഴിഞ്ഞ നഗരത്തിൽ, അടുത്തിടെ പുറത്തുവന്ന ഒരു വിഡിയോ ചൂടേറിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ഒരു 3ബിഎച്ച്കെ അപ്പാർട്മെന്റിലെ ഒറ്റ മുറിക്കായി പ്രതിമാസം 30,000 രൂപ വാടക നൽകുന്നതിനെ ‘നല്ല ഡീൽ’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഒരു കണ്ടന്റ് ക്രിയേറ്റർ പങ്കുവച്ച വിഡിയോയാണ് സമൂഹമാധ്യമത്തിൽ തരംഗമാകുന്നത്.∙ 30,000 രൂപയുടെ മുറിയും ‘ലാഭകരമായ ഡീലും’ ഇൻസ്റ്റഗ്രാമിൽ ‘Shivs’ എന്ന പേരിൽ അറിയപ്പെടുന്ന കണ്ടന്റ് ക്രിയേറ്ററാണ് തന്റെ താമസസ്ഥലത്തിന്റെ ഭംഗിയും സവിശേഷതകളും വ്യക്തമാക്കുന്ന വിഡിയോ പങ്കുവച്ചത്. ‘ബെംഗളൂരുവിൽ ഒരു 3 ബിഎച്ച്കെ ഫ്ലാറ്റിലെ മുറിക്കായി ഞാൻ 30,000 രൂപ നൽകുന്നുണ്ട്; സത്യം പറഞ്ഞാൽ അതൊരു നല്ല ഡീൽ തന്നെയാണ്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് ഞാൻ കാണിച്ചുതരാം’, എന്ന് പറഞ്ഞുകൊണ്ടാണ് വിഡിയോ ആരംഭിക്കുന്നത്.മനോഹരമായി അലങ്കരിച്ച കിടപ്പുമുറിയും, ഒരു വശത്ത് വലിയൊരു ജനലും, അതിനോട് ചേർന്നുള്ള വിശാലമായ ബാൽക്കണിയുമാണ് വിഡിയോയിലൂടെ അവർ കാണിക്കുന്നത്. തുടർന്ന് ബാൽക്കണിയിലേക്ക് ഇറങ്ങി ചുറ്റുമുള്ള മനോഹരമായ കാഴ്ചകളും അവർ വ്യക്തമാക്കുന്നുണ്ട്. ഒരു മികച്ച നഗരഭാഗത്ത് സമാധാനമായി കഴിയാൻ ഈ തുക തികച്ചും ന്യായമാണെന്നാണ് യുവതിയുടെ അവകാശവാദം.സമൂഹമാധ്യമത്തിൽ സമ്മിശ്ര പ്രതികരണങ്ങൾ വിഡിയോ വൈറലായതോടെ, ഈ വാടകനിരക്കിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുമായി നിരവധി ആളുകൾ രംഗത്തെത്തി. തുക തികച്ചും ന്യായമാണെന്ന് ചിലർ വാദിച്ചപ്പോൾ, ഒറ്റ മുറിക്ക് ഇത്രയും വലിയ തുക ഈടാക്കുന്നത് അമിത ചൂഷണമാണെന്നായിരുന്നു മറ്റു ചിലരുടെ അഭിപ്രായം.‘ശ്മശാനം കാണാവുന്ന ഒരു 2 ബിഎച്ച്കെ ഫ്ലാറ്റിനായി ഞാൻ 50,000 രൂപയാണ് നൽകുന്നത്’, ‘വില വളരെ കൂടുതലാണ്, പക്ഷേ, കാഴ്ച നല്ലതാണ്’, എന്നുള്ള അഭിപ്രായങ്ങൾ ഉയർന്നപ്പോൾ ‘ശരിയാണ്, എനിക്ക് അസൂയ തോന്നുന്നു’ എന്നാണ് മറ്റൊരു ഉപയോക്താവ് തമാശരൂപേണ കുറിച്ചത്.
Cinema ⏭️




