എഐയുടെ കഥ കഴിക്കാൻ ഒഐ? അറിയാം ശാസ്ത്രജ്ഞരുടെ മിനി ഹ്യൂമൻ ബ്രെയിനുകളെ കുറിച്ച്

പ്രതീകാത്മക ചിത്രം
നിങ്ങളുടെ ചർമ്മത്തിലെ ഒരു ചെറിയ ഭാഗം മനുഷ്യ മസ്തിഷ്ക കലകളായി മാറ്റാൻ കഴിയുമോ? വാസ്തവത്തിൽ, കഴിഞ്ഞ കുറേ വർഷങ്ങളായി ശാസ്ത്രജ്ഞർ പരീക്ഷിക്കുന്നതും ഇതുതന്നെയാണ്. പറഞ്ഞുവരുന്നത് മിനി ഹ്യൂമൻ ബ്രെയിനുകളെ കുറിച്ചാണ്. ഇത് ഭാവിയിൽ കമ്പ്യൂട്ടർ സാങ്കേതികവിദ്യയെയും വൈദ്യശാസ്ത്രത്തെയും പാടെ മാറ്റിമറിക്കാൻ ശേഷിയുള്ളവയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
എന്താണ് ‘മിനി ഹ്യൂമൻ ബ്രെയിനുകൾ’
ലബോറട്ടറിയിൽ സ്റ്റം സെല്ലുകൾ ഉപയോഗിച്ച് കൃത്രിമമായി വളർത്തിയെടുക്കുന്ന ചെറിയ തലച്ചോറ് കോശങ്ങളുടെ കൂട്ടമാണ് ‘മിനി ഹ്യൂമൻ ബ്രെയിനുകൾ’. ഇവയെ ബ്രെയിൻ ഓർഗനോയ്ഡുകൾ എന്നും വിളിക്കുന്നു. മുതിർന്ന മനുഷ്യരിൽ നിന്നുള്ള കോശങ്ങളെ ശേഖരിച്ച് അവയെ ‘ഇൻഡ്യൂസ്ഡ് പ്ലൂരിപൊട്ടന്റ് സ്റ്റെം സെല്ലുകൾ’ ആയി പുനഃക്രമീകരിക്കും. തുടർന്ന് ഈ കോശങ്ങളെ ന്യൂറോണുകൾ ഉൾപ്പെടെയുള്ള വിവിധ തരം കോശങ്ങളായി വികസിപ്പിച്ചെടുക്കും. അനുയോജ്യമായ സാഹചര്യങ്ങളിൽ ഈ കോശങ്ങൾ സ്വയം ക്രമീകരിക്കപ്പെട്ട് ‘ബ്രെയിൻ ഓർഗനോയിഡുകൾ’ എന്ന് വിളിക്കപ്പെടുന്ന ത്രിമാന ഘടനകളായി മാറുന്നു.
മസ്തിഷ്കത്തിന്റെ അടിസ്ഥാന പ്രവർത്തന കോശങ്ങളാണ് ന്യൂറോണുകൾ. വൈദ്യുത-രാസ സിഗ്നലുകൾ ഉപയോഗിച്ച് പരസ്പരം ആശയവിനിമയം നടത്തുന്നതിലൂടെ വിവരങ്ങൾ പ്രോസസ് ചെയ്യാനും ചലനം മുതൽ ഓർമ്മശക്തി വരെയുള്ള കാര്യങ്ങളെ നിയന്ത്രിക്കാനും ഇവ മസ്തിഷ്കത്തെ സഹായിക്കുന്നു. യഥാർത്ഥ മസ്തിഷ്കത്തിനുള്ള പൂർണമായ ഘടനയോ സങ്കീർണ്ണതയോ ലാബിൽ നിർമ്മിക്കുന്ന ഇത്തരം മിനി ഹ്യൂമൺ ബ്രെയിനുകൾക്ക് ഇല്ലാത്തതിനാൽ ഇവയെ യഥാർത്ഥ മസ്തിഷ്കമായി പൂർണമായും കണക്കാക്കാനാവില്ല. എന്നിരുന്നാലും വളർച്ചയുടെ ഘട്ടത്തിലുള്ള മനുഷ്യ മസ്തിഷ്കത്തിന്റെ ചില സവിശേഷതകൾ ഇവയിൽ പുനഃസൃഷ്ടിക്കാൻ സാധിക്കുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.
അതിനാൽ, മസ്തിഷ്ക വികാസത്തെയും രോഗങ്ങളെയും കുറിച്ച് പഠിക്കാൻ ഇവ ഏറെ സഹായകരമാണെന്നാണ് ഗവേഷകർ പറയുന്നു. എന്നാൽ ഇവിടെയാണ് കാര്യങ്ങൾ കൂടുതൽ കൗതുകകരമാകുന്നത്. ഈ ഓർഗനോയിഡുകൾ കേവലം തലച്ചോറിന്റെ മാതൃകകൾ മാത്രമല്ല. അവ യഥാർത്ഥത്തിൽ ജീവനുള്ളതും മനുഷ്യകോശങ്ങളിൽ നിന്ന് ഉത്ഭവിച്ചതുമായ നാഡീ കലകളാണ് . പരസ്പരം ബന്ധപ്പെടാനും ആശയവിനിമയം നടത്താനും കഴിയുന്ന ന്യൂറോണുകൾ ഇവയിലുണ്ടെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
രോഗങ്ങളെക്കുറിച്ച് പഠിക്കാൻ ഇത് സഹായിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. മനുഷ്യകോശങ്ങളിൽ നിന്ന് ഓർഗനോയിഡുകൾ സൃഷ്ടിച്ച് ജീവനുള്ള മനുഷ്യന്റെ തലച്ചോറിനുള്ളിൽ നേരിട്ട് പഠിക്കാൻ കഴിയാത്ത തലച്ചോറിന്റെ വികാസത്തെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും ഗവേഷണം നടത്താൻ ഇതുവഴി ശാസ്ത്രജ്ഞർക്ക് സാധിക്കും. നാഡീസംബന്ധമായ രോഗങ്ങളെ കുറിച്ച് പഠിക്കാനും സാദ്ധ്യമായ ചികിത്സാമാർഗങ്ങൾ കണ്ടെത്താനും മിനി ബ്രെയിനുകൾ വഴി സാധിക്കും.
മൃഗങ്ങളിൽ പരീക്ഷിക്കുന്ന മരുന്നുകൾ മനുഷ്യരിൽ ഫലപ്രദമാകണമെന്നില്ല. എന്നാൽ ഈ മിനി മസ്തിഷ്കങ്ങൾ വഴി പുതിയ മരുന്നുകളുടെ പരീക്ഷണങ്ങൾ കൂടുതൽ കൃത്യതയോടെ നടത്താൻ സാധിക്കും. അൽഷിമേഴ്സ്, മറ്റ് നാഡീസംബന്ധമായ രോഗങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനങ്ങൾക്കും ഇത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. മനുഷ്യന്റെ ചർമ്മകോശങ്ങളിൽ നിന്ന് രൂപപ്പെടുത്തിയെടുത്ത ഈ മിനി ഹ്യൂമൻ ബ്രെയിനുകൾ ഭാവിയിൽ കമ്പ്യൂട്ടർ സാങ്കേതികവിദ്യയെയും വൈദ്യശാസ്ത്രത്തെയും പാടെ മാറ്റിമറിക്കാൻ ശേഷിയുള്ളവയാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
News ⏭️


