LIFESTYLE

ഐഫോൺ 18 പ്രോ വിപണിയിലേക്ക്; വിലയിൽ 20,000 രൂപ വരെ വർദ്ധന? അറിയാം പുതിയ മാറ്റങ്ങൾ


പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ആപ്പിളിന്റെ അടുത്ത പ്രോ മോഡലായ ഐ ഫോൺ 18 പ്രോ അടുത്ത മാസം പുറത്തിറങ്ങിയേക്കുമെന്ന് റിപ്പോർട്ട്. പുതിയ ഫോണിന്റെ ലോഞ്ച് തീയതിയും സവിശേഷതകളും ഔദ്യോഗികമായി ആപ്പിൾ കമ്പനി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ സെപ്തംബർ ഒമ്പതിന് നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ചടങ്ങിൽ ആപ്പിൾ പുതിയ ഫോണുകൾ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസൈനിൽ വലിയ മാറ്റമില്ലാതെയാണ് ഐ ഫോൺ 18 ഇറങ്ങുന്നതെന്നാണ് ലഭിക്കുന്ന സൂചന. നിലവിലെ ഐ ഫോൺ 17 പ്രോയുടേതിന് സമാനമായ 6.3 ഇഞ്ച് ഡിസ്‌പ്ളേയും ക്യാമറ പ്ലാറ്റോ ഡിസൈനും തുടർന്നേക്കാനാണ് സാദ്ധ്യത.

ഡിസൈനിൽ വരുത്തുന്ന മാറ്റങ്ങൾക്ക് പകരം മികച്ച പ്രകടനം, ക്യാമറ, കണക്റ്റിവിറ്റി, ബാറ്ററി എന്നിവയിലാണ് കമ്പനി ശ്രദ്ധിച്ചിട്ടുള്ളത്. ഐ ഫോൺ 17ൽ നിന്നും ഹാർഡ്‌വെയറിൽ കാര്യമായ മാറ്റങ്ങളുമായാകും പുതിയ പ്രോ മോഡലുകൾ എത്തുകയെന്നാണ് സൂചന. പുതിയ ഐഒഎസ് 27-നൊപ്പം ഈ മാറ്റങ്ങൾ ആപ്പിളിന്റെ ഏറ്റവും മികച്ച മുൻനിര അനുഭവം നൽകുമെന്നും പ്രതീക്ഷിക്കുന്നു. എന്നാൽ പുതിയ സവിശേഷതകൾക്കൊപ്പം ഐഫോൺ 18 പ്രോയുടെ വിലയും ഉയർന്നേക്കുമെന്നതാണ് ഉപഭോക്താക്കൾ ആശങ്കയോടെ ഉറ്റുനോക്കുന്നത്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ആപ്പിൾ പ്രോ ശ്രേണിയിലെ ഐഫോണുകളുടെ തുടക്കവിലയിൽ വലിയ മാറ്റം വരുത്തിയിരുന്നില്ല. എന്നാൽ ഇത്തവണ ഈ രീതിക്ക് മാറ്റമുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഐഫോൺ 17 പ്രോയുടെ ഇന്ത്യയിലെ തുടക്കവില 1,34,900 രൂപയാണ്. ഐഫോൺ 18 പ്രോയ്ക്ക് ഇതിനെക്കാൾ 20,000 രൂപ വരെ വില കൂടിയേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ പുതിയ മോഡലിന്റെ തുടക്കവില ഏകദേശം 1,54,900 രൂപയായേക്കും. അമേരിക്കൻ വിപണിയിൽ 200 മുതൽ 300 ഡോളർ വരെ വില വർദ്ധനയുണ്ടാകാമെന്നും റിപ്പോർട്ടുകളുണ്ട്.

എല്ലാ വർഷവും ആപ്പിൾ സ്വന്തം ചിപ്‌സെറ്റിൽ നവീകരണം കൊണ്ടുവരാറുണ്ട്. ഐഫോൺ 18 പ്രോയിലും ഇതിന് മാറ്റമുണ്ടാകില്ലെന്നാണ് സൂചന. ടിഎസ്എംസിയുടെ 2 നാനോമീറ്റർ നിർമാണ സാങ്കേതികവിദ്യയിൽ നിർമിക്കുന്ന എ20 പ്രോ ചിപ്‌സെറ്റായിരിക്കും ഫോണിന് കരുത്തേകുകയെന്നാണ് റിപ്പോർട്ടുകൾ.

കൂടാതെ,​ ക്യാമറയിലും വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. ഐഫോൺ 18 പ്രോ ശ്രേണിയിലെ 48 മെഗാപിക്സൽ ഫ്യൂഷൻ പ്രധാന ക്യാമറയിൽ വേരിയബിൾ അപ്പർച്ചർ സംവിധാനം ലഭിച്ചേക്കുമെന്നാണ് സൂചന. ലെൻസിലേക്ക് പ്രവേശിക്കുന്ന പ്രകാശത്തിന്റെ അളവ് നിയന്ത്രിക്കാൻ ഇതിലൂടെ ഉപയോക്താക്കൾക്ക് സാധിക്കും. വ്യത്യസ്ത പ്രകാശ സാഹചര്യങ്ങളിൽ കൂടുതൽ മികച്ച ചിത്രങ്ങൾ പകർത്താൻ ഈ സംവിധാനം സഹായിച്ചേക്കും.

ഉപഭോക്താക്കൾക്ക് ഏറ്റവും പ്രയോജനകരമാകുന്ന രീതിയിൽ ബാറ്ററിയിലും മാറ്റം വരുത്തിയിട്ടുണ്ട്. ഐഫോൺ 18 പ്രോ മാക്‌സിൽ മുൻപത്തേതിനേക്കാൾ ഏകദേശം 10 ശതമാനം വലിയ ബാറ്ററി ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. 6.3 ഇഞ്ച്, 6.9 ഇഞ്ച് ഡിസ്‌പ്ലേകൾ തന്നെ പ്രോ മോഡലുകളിൽ തുടർന്നേക്കുമെന്നും എന്നാൽ കൂടുതൽ കാര്യക്ഷമമായ എൽടിപിഒ പ്ലസ് ഒഎൽഇഡി പാനലുകളിലേക്ക് മാറിയേക്കുമെന്നും സൂചനയുണ്ട്. ഏറ്റവും ശ്രദ്ധേയമായ മാറ്റം ഡൈനാമിക് ഐലൻഡിന്റെ വലുപ്പം കുറയുന്നതായിരിക്കും. ഫെയ്‌സ് ഐഡിയുമായി ബന്ധപ്പെട്ട ചില ഘടകങ്ങൾ ഡിസ്‌പ്ലേയ്ക്ക് അടിയിലേക്ക് മാറ്റാൻ ആപ്പിൾ ശ്രമിക്കുന്നതായാണ് സൂചന.

ഐഫോൺ 18 പ്രോയിൽ ആപ്പിളിന്റെ പുതിയ സി2 മോഡം അവതരിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മെച്ചപ്പെട്ട 5ജി വേഗത, മികച്ച സിഗ്നൽ സ്വീകരണം, കുറഞ്ഞ വൈദ്യുതി ഉപഭോഗം എന്നിവയാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. വൈഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായി പുതിയ എൻ2 ചിപ്‌സെറ്റും എത്തിയേക്കാം. ഉപഗ്രഹ അധിഷ്ഠിത 5ജി പിന്തുണയും ലഭിച്ചേക്കുമെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

English Summary

Reports suggest Apple’s iPhone 18 Pro may launch next month, potentially at a September 9th event, though official confirmation is pending. While design changes are minimal, significant improvements are expected in performance, camera, connectivity, and battery, powered by a new A20 Pro chipset and featuring a 48MP variable aperture camera. Prices are anticipated to be substantially higher.
RELATED TOPICS: IPHONE 18 PRO, IPHONE 18 PRO PRICE, IPHONE 18 PRO INDIA, IPHONE 18 PRO LAUNCH, APPLE IPHONE 18 PRO


News ⏭️

Back to top button