NEWS

30 സെക്കൻഡിൽ 14,000 അടി താഴേക്ക്, പിന്നാലെ ‘7500’ കോഡ് സന്ദേശം: സൗദിയിൽ ഇറക്കിയ വിമാനത്തിലെ എല്ലാവരും സുരക്ഷിതർ; അന്വേഷണം ഊർജിതം


ദുബായ്∙ യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്ന് ഫ്ലൈദുബായ് വക്താവ് വ്യക്തമാക്കി. ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പുറപ്പെട്ട എഫ്ഇസഡ് 1073 വിമാനം വഴിതിരിച്ചുവിട്ട് സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തരമായി ഇറക്കിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു എയർലൈൻ അധികൃതർ.വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും പൂർണ സുരക്ഷിതരാണെന്നും സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് വിശദമായ അന്വേഷണം നടന്നുവരികയാണെന്നും ഫ്ലൈദുബായ് അറിയിച്ചു. ഇന്ന് രാവിലെ 7.05-ന് ദുബായ് രാജ്യാന്തര വിമാനത്താവള(ഡിഎക്സ്ബി)ത്തിൽ നിന്ന് തെൽ അവീവിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിലേക്ക് പറന്നുയർന്ന വിമാനമാണ് സാങ്കേതിക സന്ദേശങ്ങൾക്കും അടിയന്തര സാഹചര്യങ്ങൾക്കും പിന്നാലെ സൗദിയിലെ തബൂക്കിലുള്ള പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറക്കിയത്. ∙ സൗദിയിൽ വിശ്രമം, യാത്രക്കാരെ ടെൽ അവീവിലേക്ക് എത്തിക്കും തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്ത വിമാനത്തിലെ യാത്രക്കാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സൗദി എയർപോർട്ട് അധികൃതർ ലഭ്യമാക്കിയിട്ടുണ്ട്. ഫ്ലൈദുബായുമായി ചേർന്ന് തുടർനടപടികൾ ഏകോപിപ്പിച്ചു വരികയാണ്. സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തബൂക്കിൽ കഴിയുന്ന യാത്രക്കാരെ ടെൽ അവീവിലേക്ക് കൊണ്ടുപോകുന്നതിനായി പ്രത്യേക റിക്കവറി വിമാനം സൗദിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.


Fashion ⏭️

Back to top button