ആദ്യപാദത്തിൽ 80 കോടി രൂപ അറ്റാദായം നേടി ഇസാഫ് ബാങ്ക്

esaf
കൊച്ചി: നടപ്പു സാമ്പത്തികവർഷത്തെ ആദ്യ പാദത്തിൽ 80 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്. മുൻവർഷത്തെ സമാനപാദത്തിൽ 81 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ ബാങ്ക് 24 കോടി രൂപ ലാഭം നേടിയിരുന്നു. സുരക്ഷിത വായ്പകൾ, സ്വർണ വായ്പകൾ, ആസ്തി ഗുണമേന്മ തുടങ്ങിയ മേഖലകളിൽ വളർച്ച രേഖപ്പെടുത്തി. ചെറുകിട സംരംഭങ്ങൾ, കൃഷി, റീട്ടെയ്ൽ, സ്വർണ വായ്പ തുടങ്ങിയ മേഖലകളിൽ സുരക്ഷിത വായ്പാ വിതരണം ശക്തിപ്പെടുത്തിയതാണ് ബാങ്കിനെ ലാഭത്തിലേക്കെത്തിച്ചത്.
ബാങ്ക് കൈകാര്യം ചെയ്യുന്ന മൊത്തം ബിസിനസ് 50,000 കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ടു. മൊത്തം വായ്പ 27 ശതമാനം വാർഷിക വളർച്ചയോടെ 23,216 കോടി രൂപയും നിക്ഷേപം 19 ശതമാനം വാർഷിക വളർച്ചയോടെ 26,924 കോടി രൂപയുമായി. 35 ശതമാനം വാർഷിക വളർച്ചയോടെ 14,465 കോടി രൂപയാണ് സുരക്ഷിത വായ്പയായി രേഖപ്പെടുത്തിയത്. മൊത്തം വായ്പയിൽ 62 ശതമാനമാണ് സുരക്ഷിത വായ്പകൾ.
കാസ (കറന്റ് അക്കൗണ്ട്: സേവിങ്സ് അക്കൗണ്ട്) അനുപാതം 12 ശതമാനം വളർച്ചയോടെ 6,297 കോടി രൂപയിലെത്തി. ബാങ്കിന്റെ വായ്പാ- നിക്ഷേപ അനുപാതം 82.3 ശതമാനമാണ്. ആസ്തിഗുണമേന്മകളിൽ ശക്തമായ പ്രകടനമാണ് ബാങ്ക് നടത്തിയത്. മൊത്ത നിഷ്ക്രിയ ആസ്തി 5.4 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തി 0.8 ശതമാനമായും മെച്ചപ്പെട്ടു. നീക്കിയിരുപ്പ് അനുപാതം ഉയർന്ന് 85.5 ശതമാനത്തിലെത്തി. അറ്റ പലിശ മാർജിൻ 7.9 ശതമാനമായി വർധിച്ചപ്പോൾ പലിശ വരുമാനം 33 ശതമാനം വാർഷിക വളർച്ചയോടെ 1098 കോടി രൂപയായി ഉയർന്നു. ബാങ്കിന്റെ വരുമാനവും ചെലവും തമ്മിലുള്ള അനുപാതം മുൻവർഷത്തെ 78.2 ശതമാനത്തിൽനിന്നും 58.1 ശതമാനമായി മെച്ചപ്പെട്ടു. പ്രവർത്തന ലാഭം 179 ശതമാനം വാർഷിക വളർച്ചനേടി 349 കോടി രൂപയിലെത്തി.
“എംഎസ്എംഇ, കൃഷി, റീട്ടെയ്ൽ, സ്വർണ വായ്പാ തുടങ്ങിയ സുരക്ഷിത വായ്പകളിലുണ്ടായ മികച്ച വളർച്ചയാണ് ബാങ്കിനെ ലാഭത്തിലേക്കെത്തിച്ചത്. ആസ്തി ഗുണമേന്മ വർധിച്ചതും നിഷ്ക്രിയ ആസ്തികൾ കുറഞ്ഞതും ബാങ്ക് നടപ്പാക്കിയ ശക്തമായ നയങ്ങളുടെ ഫലമാണ്. സാങ്കേതികവിദ്യയിലുള്ള നിക്ഷേപം പ്രവർത്തനക്ഷമതയേയും ഉപഭോക്തൃ സേവനത്തെയും കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. വായ്പകളിലെ റിസ്ക് കുറച്ചും, ആസ്തികളുടെ ഗുണമേന്മ വർദ്ധിപ്പിച്ചും സുസ്ഥിരമായ വളർച്ച കൈവരിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.”- ഇസാഫ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ ഡോ. കെ പോൾ തോമസ് പറഞ്ഞു.
RELATED TOPICS: ESAF BANK, ESAF BANK NET PROFIT, ESAF FINANCIAL RESULTS, ESAF BANK EARNINGS
News ⏭️


