LIFESTYLE

54 വ‌ർഷത്തെ ഓർമ്മകൾ നിറച്ച് ഹേമമാലിനിയുടെ മുംബയിലെ വീട്

ഒരുകാലത്ത് ഇന്ത്യൻ സിനിമയിലെ സ്വപ്നസുന്ദരി എന്ന് വിശേഷിപ്പിക്കപ്പെട്ട ബോളിവുഡ് താരം ഹേമമാലിനിയുടെ മുംബയിലെ കുടുംബ വീടിന്റെ വിശേഷം പങ്കുവച്ച് മകൾ ഇഷ ഡിയോൾ. 54 വർഷം പഴക്കമുള്ള വീടിന്റെ ചരിത്രവും രൂപകല്പനയും ഓർമ്മകളുമാണ് കർളി ടെയിൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ പ്രത്യേക ഹോംടൂറിലൂടെ പങ്കുവച്ചത്.

പതിറ്റാണ്ടുകളായി എല്ലാവരും ഈ വീടിനെ ഹേമമാലിനിയുടെ ബംഗ്ലാവ് എന്ന പേരിലാണ് വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ഔദ്യോഗികമായി ഒരു പേരുണ്ടായിരുന്നില്ല. അടുത്തിടെയാണ് ആർട്ട് ഓഫ് ലിവിംഗ് ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ ഈ വീടിന് അദ്വിതീയ എന്ന പേര് നൽകിയത്. അതുല്യം, അപൂർവ്വം, വിസ്മയകരം എന്നൊക്കെ അർത്ഥം വരുന്ന ഈ പേര് വീടിന്റെ വ്യക്തിത്വത്തോട് ചേർന്നു നിൽക്കുന്നതാണെന്ന് ഇഷ പറയുന്നു.

ഹേമമാലിനി മുംബയിലെത്തിയ കാലം മുതൽ താമസിക്കുന്ന വീടാണിത് അഭിനയവും നൃത്തവും ഭാരതീയ സംസ്കാരവും ജീവിത വ്രതമാക്കിയ ഹേമയുടെ വ്യക്തിത്വം വീടിന്റെ ഓരോ കോണിലും പ്രതിഫലിക്കുന്നതായി ഹോം ടൂറിൽ വ്യക്തമാണ്. വീട്ടിലേക്കുള്ള പ്രവേശന കവാടത്തിൽ തന്നെ നൃത്തത്തിലെ വിവിധ മുദ്രകൾ ആലേഖനം ചെയ്ത വെങ്കല ശില്പങ്ങൾ സന്ദർശകരെ സ്വാഗതം ചെയ്യുന്നു. നൃത്തത്തോടുള്ള ഹേമമാലിനിയുടെ അഭിനിവേശം ഈ ശില്പങ്ങളിൽ കാണാം. വിശാലമായ ലിവിംഗ് റൂം തന്നെയാണ് നൃത്തപരിശീലനത്തിന്റെ വേദി. പരമ്പരാഗത വുഡൻ ഫ്ലോറിംഗുള്ള ഹാളിൽ ഒരേ സമയം മുപ്പതോളം നർത്തകർക്ക് പരിശീലനം നടത്താൻ കഴിയും. ഇന്നും ഹേമമാലിനി ഇവിടെ പരിശീലനം നടത്താറുണ്ടെന്ന് ഇഷ പറഞ്ഞു.

ഭർത്താവ് ധർമ്മേന്ദ്രയ്ക്കായി ഒരുക്കിയ പ്രത്യേക ഉടം വീട്ടിലെ ഏറ്റവും ഹൃദയസ്പർശിയായ ഭാഗങ്ങളിലൊന്നാണ്. ധ‌ർമ്മേന്ദ്രയ്ക്കും ഹേമമാലിനിക്കുമായാണ് സിറ്റിംഗ് ഏരിയ സമർപ്പിച്ചിരിക്കുന്നത്. ഇരുവരുടെയും ചിത്രങ്ങൾ പതിച്ച കുഷനുകളും അവർക്ക് മാത്രമായി ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങളും ഈ സ്ഥലത്തെ കൂടുതൽ മനോഹരമാക്കുന്നു. ഹേമമാലിനിയുടെ സിനിമാ ജീവിതത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുന്ന ഓഫീസ് മുറിയും വീട്ടിലെ മറ്റൊരു പ്രത്യേകതയാണ്. ആരാധകർ നൽകിയ സമ്മാനങ്ങൾ, ചിത്രങ്ങൾ,സിനിമാ സ്മരണികകൾ തുടങ്ങി വിലമതിക്കാനാകാത്ത ശേഖരങ്ങളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.

2005ൽ മുംബയിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന് വീട് പുതുക്കി പണിതിരുന്നു, നവീകരിച്ചപ്പോൾ ഹേമമാലിനിക്കും രണ്ട് മക്കൾക്കുമായി പ്രത്യേകം നിലകളാണ് ഒരുക്കിയത്.

രണ്ട് അടുക്കളകളുടെ രഹസ്യം

വീട്ടിലെ ഏറ്റവും കൗതുകകരമായ പ്രത്യേകതകളിലൊന്നാണ് ഇവിടുത്തെ രണ്ട് അടുക്കളകൾ. ഹേമമാലിനിക്കായി പ്രത്യേകം അടുക്കള ക്രമീകരിച്ചിരിക്കുന്നു, ഇവിടെ മറ്റാർക്കും പ്രവേശനമില്ല. കർശനമായ സസ്യാഹാര ജീവിത ശൈലിയാണ് ഇതിന് കാരണം. കുടുംബാംഗങ്ങൾക്കും അതിഥികൾക്കും ഇഷയുടെ മക്കൾക്കും വേണ്ടി മറ്റൊരു അടുക്കളയും ഒരുക്കിയിട്ടുണ്ട്. അവിടെ നോൺ വെജ് വിഭവങ്ങളും തയ്യാറാക്കാറുണ്ട്.

RELATED TOPICS: MY HOIME, HEMAMALINI HOUSE, HEMA MAILINI MUMBAI HOIME, ESHA HOME TOUR


Source link

Back to top button