NEWS
കൊച്ചി വാട്ടർ മെട്രോ: പുതിയ ടെർമിനലുകൾ അവസാനഘട്ടത്തിൽ; മൂന്നര വർഷത്തിനിടെ 77.70 ലക്ഷം യാത്രക്കാർ

കൊച്ചി ∙ കൊച്ചി വാട്ടർ മെട്രോ പദ്ധതിയിലെ പുതിയ ടെർമിനലുകളുടെ നിർമാണം അവസാനഘട്ടത്തിലേക്ക്. കടമക്കുടി, പാലിയംതുരുത്ത് ടെർമിനലുകളുടെ നിർമാണം പൂർത്തിയായി. ഈ ടെർമിനലുകളിലേക്കുള്ള അപ്രോച്ച് റോഡുകളുടെ നിർമാണവും അവസാന ഘട്ടത്തിലാണ്. ഒരു മാസത്തിനകം പൂർത്തിയാക്കും. കെഎംആർഎൽ കൊച്ചി കോർപറേറ്റ് ഓഫിസിൽ മാനേജിങ് ഡയറക്ടർ ജി.പ്രിയങ്കയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം. എറണാകുളം സുഭാഷ് പാർക്കിന് സമീപം നിർമാണം ആരംഭിച്ച ടെർമിനലിന്റെ പൈലിങ് ജോലികൾ പുരോഗമിക്കുകയാണ്. ഒക്ടോബറിൽ 30 പൈലിങ് ജോലികളും 5 പൈൽ ചിപ്പിങ്ങും പൂർത്തിയാക്കും. ഇടക്കൊച്ചി, വരാപ്പുഴ ടെർമിനലുകൾ, ഹൈക്കോടതി ടെർമിനലിലെ ഒസിസി, കെഡബ്ല്യുഎംഎൽ ഓഫിസ് സൗകര്യങ്ങൾ എന്നിവയുടെ കരാറുകൾ ഉടൻ നൽകാൻ കഴിയും. കൂടാതെ ബോൾഗാട്ടി, വൈറ്റില, സൗത്ത് ചിറ്റൂർ, കാക്കനാട്, കടമക്കുടി എന്നിവിടങ്ങളിലെ ബോട്ട് ചാർജർ ഇൻഫ്രാസ്ട്രക്ചർ ടെൻഡറുകൾ പുറപ്പെടുവിക്കാൻ നടപടികൾ പുരോഗമിക്കുന്നു.മുംബൈ വാട്ടർ മെട്രോയ്ക്കായുള്ള വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ) സമർപ്പിച്ചു. ഗോവ വാട്ടർ മെട്രോയ്ക്കായുള്ള ഡിപിആർ തയാറാക്കുകയാണ്. കൂടാതെ മിനിസ്ട്രി ഓഫ് പോർട്സ്, ഷിപ്പിങ് ആൻഡ് വാട്ടർവേയ്സ് (MoPSW) വേണ്ടി രാജ്യത്തെ 18 സ്ഥലങ്ങളിൽ വാട്ടർ മെട്രോയ്ക്കായി ഫീസിബിലിറ്റി റിപ്പോർട്ട് തയാറാക്കി. ഒഡീഷയിലെ ചിലിക്ക തടാകത്തിനും കൊളാബ് ഡാമിനും വേണ്ടി സാധ്യതാ പഠനം നടത്തിക്കഴിഞ്ഞു. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ പഠനം നടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മലേഷ്യയിലെ പെനാങ്, വിയറ്റ്നാമിലെ മികോങ് റിവർ എന്നിവിടങ്ങളിൽ പ്രീ ഫീസിബിലിറ്റി പഠനം നടത്തി. കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിക്കുന്നതിന് അനുസരിച്ച് തുടർനടപടികൾ ഏറ്റെടുക്കും.
Fashion ⏭️




