‘അമൃതം പൊടിയുടെ ഒരു പവറേ’; വൈറലായി കുരുന്നുകളുടെ വടംവലി

വടംവലിക്കുന്ന കുരുന്നുകൾ
ആഘോഷങ്ങളുടെ ആവേശം നിറയുന്ന കാലമാണ് ഓണക്കാലം. പ്രിയപ്പെട്ടവരെല്ലാം ഓണനാളുകളിൽ ഒത്തുകൂടി വിവിധ തരം മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഓണക്കാലത്തിന്റെ ആവേശം പകരുന്ന മത്സരങ്ങളിലൊന്നാണ് വടംവലി. ഒരു വലിയ കയറിന്റെ (വടം) നടുവിൽ മാർക്ക് ചെയ്‌തശേഷം മത്സരത്തിൽ പങ്കെടുക്കുന്നവർ രണ്ട് ടീമുകളായി അതിന്റെ ഇരു വശങ്ങളിലുമായി അണിനിരക്കും. പിന്നീട് കൈയും മെയ്യും മറന്നുള്ള പോരാട്ടത്തിനാണ് വേദിയൊരുങ്ങുന്നത്. എന്നാൽ, പതിവിൽനിന്ന് ഏറെ വ്യത്യസ്‌തവും കൗതുകകരവുമായൊരു വടംവലിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.
മത്സരത്തിൽ പങ്കെടുക്കുന്ന കുരുന്നുകളുടെ മുഖത്ത് നിറഞ്ഞുനിൽക്കുന്നത് ആവേശത്തെക്കാളേറെ നിഷ്‌കളങ്കമായ പുഞ്ചിരിയാണ്. എതിർ ടീമിനെ തോൽപിക്കാൻ പരമാവധി ശ്രമിക്കുമ്പോഴും ആ നിഷ്‌ളങ്കമായ ചിരി മായുന്നില്ല. ചിലരാകട്ടെ വളരെ തന്ത്രപൂർവം എതിർ ടീമിനെ തോൽപിക്കാനുള്ള ശ്രമങ്ങൾ നടത്തുമ്പോൾ, മറ്റുചില മിടുക്കന്മാരാകട്ടെ സ്വന്തം ടീമിൽനിന്നുകൊണ്ട് എതിർടീമിനുവേണ്ടി വടം വലിക്കുന്നുമുണ്ട്.
ആദ്യമായി ക്യൂട്ടായിട്ടൊരു വടംവലി കാണാനായെന്നും അമൃതം പൊടിയുടെ പവർ കൊള്ളാമെന്നുമെല്ലാം ധാരാളം പേർ കമന്റ് ചെയ്‌തിട്ടുണ്ട്. വടംവലിക്കിടെ കുട്ടികൾ കയറിൽത്തട്ടി വീഴുമോയെന്നുള്ള ആശങ്ക പങ്കുവച്ചവരും കുറവല്ല. കോക്കോൺ മോണ്ടിസോറി സ്‌കൂളിലെ ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വടംവലി മത്സരത്തിന്റെ വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. കുരുന്നുകളുടെ തിരുവാതിരക്കളിയും, ഓണപ്പാട്ടുമെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് വീഡിയോയ്‌ക്ക് ലൈക്ക് ചെയ്‌തിരിക്കുന്നത്.
News ⏭️

