LIFESTYLE
നിശ്ചിത സമയത്തിനുള്ളിൽ കെട്ടിടത്തിന് ഒക്യുപൻസി സർട്ടിഫിക്കറ്റ് നൽകുന്നില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്?

കെട്ടിടംപണി പൂർത്തിയായശേഷം ഒക്യുപൻസി സർട്ടിഫിക്കറ്റ് ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്? കെട്ടിടനിർമാണ പെർമിറ്റ് പ്രകാരം നിർമാണം പൂർത്തിയാക്കിയ ശേഷം ഒക്യുപൻസി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ ചട്ടം 20(1)ൽ പ്രതിപാദിച്ചിട്ടുണ്ട്. സമർപ്പിക്കേണ്ട രേഖകൾ ഇവയാണ്. 1. പൂർത്തിയാക്കിയ പ്രകാരമുള്ള പ്ലാനുകൾ ഉടമയും ലൈസൻസിയും സാക്ഷ്യപ്പെടുത്തിയത്. 2. അപ്പൻഡിക്സ് ഇ1, അപ്പൻഡിക്സ് ഇ3 എന്നിവ പ്രകാരമുള്ള പൂർത്തീകരണ റിപ്പോർട്ട്.കെട്ടിടനിർമാണം പൂർത്തീകരിക്കുന്നതിന് മുൻപ് കെട്ടിടം വിനിയോഗിക്കുന്നതിന് ഉടമ ഉദ്ദേശിക്കുന്നുവെങ്കിൽ, ചട്ടം 20(4) പ്രകാരം പൂർത്തീകരിച്ച ഭാഗത്തിനായി (Partial Occupancy), അപ്പൻഡിക്സ് ഇ2, ഇ4 എന്നിവ പ്രകാരം ഭാഗിക പൂർത്തീകരണ റിപ്പോർട്ട്, യഥാക്രമം കെട്ടിട ഉടമയും ലൈസൻസിയും സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതാണ്. 150 ച.മീ വിസ്തീർണത്തിൽ കവിയാത്ത 2 നില വരെയുള്ള വാസഗൃഹങ്ങൾക്ക്, അപ്പൻഡിക്സ് ഇ1 പ്രകാരം കെട്ടിട ഉടമയുടെ പൂർത്തീകരണ റിപ്പോർട്ട് മതിയാകുന്നതാണ്.അനുമതിയില്ലാതെ കെട്ടിടം പണി പൂർത്തിയാക്കിയാൽ കെട്ടിട നമ്പർ/ ഒക്യുപൻസി ലഭ്യമാക്കാൻ എന്തുചെയ്യണം? അനുമതിയില്ലാതെ നിർമാണം പൂർത്തിയാക്കിയ കെട്ടിടം, കെട്ടിടനിർമാണ ചട്ടങ്ങളിലെ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെങ്കിൽ, അധ്യായം XX പ്രകാരം ഇരട്ടി പെർമിറ്റ് ഫീസ് ഈടാക്കിക്കൊണ്ട് സെക്രട്ടറിക്ക് ക്രമവത്കരിക്കാവുന്നതാണ്. ഇപ്രകാരം കെട്ടിടം ക്രമവത്കരിക്കുന്നതിന് പുതിയ പെർമിറ്റ് ലഭ്യമാക്കുന്നതിന് ആവശ്യമായ രേഖകൾ സഹിതം അപ്പൻഡിക്സ് എ1ൽ അപേക്ഷ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതാണ്. പ്ലാനിൽ നിന്നും വ്യതിചലിച്ച് നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിന് ചട്ടലംഘനങ്ങൾ ഉണ്ടെങ്കിൽ അത്തരം കെട്ടിടങ്ങൾക്ക് ചട്ടം 3(5)ൽ പ്രതിപാദിക്കുന്ന തരത്തിൽ അപ്പൻഡിക്സ് എംലെ വ്യവസ്ഥകൾക്ക് വിധേയമായി സർക്കാരിൽ നിന്നുള്ള ഇളവിനായി അപേക്ഷിക്കാവുന്നതാണ്.സെക്രട്ടറി എത്ര ദിവസത്തിനുള്ളിൽ ഒക്യുപൻസി സർട്ടിഫിക്കറ്റ് നൽകണം? സമയത്തിനുള്ളിൽ നൽകുന്നില്ലെങ്കിൽ ചട്ടപ്രകാരം എന്ത് നടപടി സ്വീകരിക്കാം? പൂർത്തീകരിച്ച നിർമാണം പെർമിറ്റ് പ്രകാരമാണെന്ന് സെക്രട്ടറിക്ക് ബോധ്യപ്പെടുന്ന പക്ഷം, കംപ്ലീഷൻ റിപ്പോർട്ട് ലഭ്യമായി 15 ദിവസത്തിനുള്ളിൽ അപ്പൻഡിക്സ് എഫ് 2ൽ സെക്രട്ടറി ഒക്യുപൻസി സർട്ടിഫിക്കറ്റ് നൽകേണ്ടതാണ്. 15 ദിവസത്തിനുള്ളിൽ നൽകിയില്ലെങ്കിൽ, ഒക്യുപൻസി സർട്ടിഫിക്കറ്റ് തനിക്ക് ലഭിക്കേണ്ടതാണെന്നും ആയത് അധികാരികൾ ഇപ്പോൾ നൽകിയിട്ടുള്ളതായി കണക്കാക്കുന്നുവെന്നും കാണിച്ചുകൊണ്ട് അപേക്ഷകൻ സെക്രട്ടറിക്ക് കത്ത് നൽകേണ്ടതാണ്.ഇങ്ങനെയുള്ള അവസരത്തിൽ സെക്രട്ടറി അപേക്ഷകൻ നൽകുന്ന കത്തിന്റെ പകർപ്പിൽ ഒപ്പ് രേഖപ്പെടുത്തി, ഓഫിസ് സീൽ പതിപ്പിച്ച് കത്ത് ലഭിച്ചതായി സാക്ഷ്യപ്പെടുത്തി നൽകേണ്ടതാണ്. ഇത് Deemed Occupancy സർട്ടിഫിക്കറ്റായി കണക്കാക്കാവുന്നതാണ്. വിവരങ്ങൾക്ക് കടപ്പാട് കെട്ടിട നിർമാണ ചട്ടങ്ങൾ KMBR-2019, KPBR-2019
Cinema ⏭️




