NEWS

സ്കൂൾ ഗെയിംസ്മുന്നറിയിപ്പില്ലാതെ മത്സരങ്ങൾ മാറ്റിയതിൽ പ്രതിഷേധം

തൃശൂർ:സംസ്ഥാന സ്കൂൾ ഗെയിംസ് നീന്തൽമത്സരത്തിനിടെ അക്വാട്ടിക് കോംപ്ലക്‌സ് ഗ്യാലറിയിലെ ഷീറ്റുകൾ വീണ് അഞ്ചുപേർക്ക് പരിക്കേറ്റതിന് പിന്നാലെ, മുന്നറിയിപ്പില്ലാതെ മത്സരങ്ങൾ മാറ്റിയതിൽ പ്രതിഷേധം.

ഇന്നലെ രാവിലെ മത്സരങ്ങൾ പെട്ടെന്ന് മാറ്റിയതോടെ സംഘാടകരും രക്ഷിതാക്കളും തമ്മിൽ വാക്കേറ്റമുണ്ടായി. ഉച്ചയ്ക്ക് നടക്കേണ്ട മത്സരങ്ങൾ രാത്രിയിലാണ് നടത്തിയതെന്നും കുട്ടികൾക്ക് ഭക്ഷണവും താമസസൗകര്യവും ഒരുക്കുന്നതിൽ വീഴ്ചയുണ്ടായെന്നും രക്ഷിതാക്കൾ പരാതിപ്പെട്ടു. പരിക്കേറ്റവരിൽ നീന്തൽതാരങ്ങൾ ഉണ്ടെന്നും അവരെക്കൂടി ഉൾപ്പെടുത്താനാണ് മത്സരങ്ങൾ മാറ്റിയതെന്നുമാണ് സംഘാടകരുടെ വിശദീകരണം.

വ്യാഴാഴ്ച രാത്രി 6.30ഓടെ കനത്തമഴയിലും കാറ്റിലുമാണ് ഗ്യാലറിക്ക് മുകളിൽ സ്ഥാപിച്ച അലുമിനിയം ഷീറ്റുകൾ ഇളകിവീണ് അപകടമുണ്ടായത്.

സംഘാടനത്തിലെ വീഴ്ചകൾക്കെതിരെ ബി.ജെ.പിയും എസ്.എഫ്.ഐയും അക്വാട്ടിക് കോംപ്ലക്‌സിലേക്ക് പ്രതിഷേധമാർച്ച് നടത്തി. ബി.ജെ.പി മാർച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കേന്ദ്രമന്ത്രി സുരേഷ്ഗോപി പരിക്കേറ്റവരെയും സംഭവസ്ഥലവും സന്ദർശിച്ചു.

അതേസമയം, അപകടത്തിന്റെ ഉത്തരവാദിത്തം ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ തലയിൽ കെട്ടിവയ്ക്കാനാണ് വിദ്യാഭ്യാസവകുപ്പ് ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് സി.സുമേഷ് ആരോപിച്ചു.

Read News ⏭️

Back to top button