NEWS
ചാംപ്യൻസ് ബോട്ട് ലീഗ്: ചുണ്ടൻ വള്ളങ്ങൾ പിറവത്ത് എത്തി, 17നു 3 മുതല്‍ പിറവം വള്ളംകളി

പിറവം ∙ ചാംപ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി പിറവം വള്ളം കളിയിൽ പങ്കെടുക്കുന്നതിനുള്ള ചുണ്ടൻ വള്ളങ്ങൾ പിറവത്ത് എത്തി. ബോട്ട് ലീഗിന്റെ ഭാഗമായി കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന മത്സരങ്ങളിൽ പങ്കെടുത്ത 9 ചുണ്ടൻ വള്ളങ്ങളാണ് ഇന്നലെ ഉച്ചയോടെ പിറവത്ത് എത്തിയത്. വൈക്കത്തു നിന്നു പുഴയിലൂടെ ബോട്ടിൽ കെട്ടിയാണു വള്ളങ്ങൾ കൊണ്ടുവന്നത്. ഇവ പാലത്തിനു സമീപവും എക്സൈസ് കടവിലുമായി കെട്ടിയിരിക്കുകയാണ്. 14 മുതൽ പരിശീലന തുഴച്ചിൽ ആരംഭിക്കും. 17നു 3 മുതലാണു പിറവം വള്ളംകളി ആരംഭിക്കുന്നത്. പുഴയിലെ ഒഴുക്കിനെതിരെ തുഴ എറിയുന്നതാണു പിറവം വള്ളംകളിയെ ശ്രദ്ധേയമാക്കുന്നത്. ചുണ്ടൻ വള്ളങ്ങൾക്കു പുറമേ, പ്രാദേശിക ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഇരുട്ടുകുത്തി വള്ളങ്ങളുടെ മത്സരവും നടക്കും. വിവിധ കലാപരിപാടികളും ഉണ്ടാകും.
Fashion ⏭️




