NEWS

‘സിസ്റ്റത്തോടുള്ള പ്രതിഷേധം, കൈക്കൂലിയും ഇടനിലക്കാരും’; വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി


മലപ്പുറം ∙ വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി. മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്തലിയാണ് മോട്ടോർ വാഹന വകുപ്പിനെതിരെ ഗുരുതര ആരോപണം ഫെയ്സ്ബുക്കിലൂടെ ഉന്നയിച്ച ശേഷം ആത്മഹത്യ ചെയ്തത്. ഏജന്റ് ഇല്ലാതെ സമീപിച്ചപ്പോൾ നിരന്തരമായി ഫിറ്റ്നസ് നിഷേധിച്ചുവെന്നും തന്റെ മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പാണെന്നും ആത്മഹത്യക്കുറിപ്പിൽ പറയുന്നു. കൈക്കൂലി കൊടുത്തില്ല എന്ന ഏക കാരണം കൊണ്ട് അവർ എന്റെ ജീവിത മാർഗം തന്നെ തകർത്തു. സിസ്‌റ്റത്തോടുള്ള പ്രതിഷേധം കൂടിയാണ് എന്റെ ആത്മാഹുതി.  ആഭ്യന്തര മന്ത്രിയും, ഹൈക്കോടതിയും വിഷയത്തിൽ ഇടപെടണമെന്ന് അവസാന ആഗ്രഹമെന്ന നിലയിൽ പറയുന്നുവെന്നും ഷൗക്കത്തലി ഫെയ്സ്ബുക്കിൽ കുറിച്ചു. വീട്ടിൽ മരിച്ചനിലയിലാണ് ഷൗക്കത്തലിയെ കണ്ടെത്തിയത്.ഒരു പക്ഷെ സർക്കാരിലെ ഉന്നതരെയോ കോടതിയെയോ സമീപിച്ചിരുന്നുവെങ്കിൽ എനിക്ക് ആവശ്യമുള്ള രേഖകൾ സംഘടിപ്പിക്കാൻ സാധിക്കുമായിരുന്നു. പക്ഷെ അതൊരിക്കലും സിസ്റ്റത്തെ തിരുത്താനുള്ള കാരണമായി മാറില്ല. ഏതെങ്കിലും രേഖയ്ക്ക് വേണ്ടി എല്ലാവരും കോടതി കയറി ഇറങ്ങുക എന്നത് അത്ര എളുപ്പമുള്ള പരിഹാരമല്ലല്ലോ. അതിനാൽ തന്നെ സിസ്‌റ്റത്തോടുള്ള പ്രതിഷേധം കൂടിയാണ് എന്റെ ആത്മാഹുതി. മികച്ച ഭരണഘടനയും, ജനാധിപത്യവും, പ്രവർത്തന ക്ഷമമായ സിസ്റ്റവും ഉള്ള നമ്മുടെ രാജ്യത്ത് കടുത്ത അഴിമതി നടക്കുന്നെങ്കിൽ അതിന്റെ പ്രധാന കാരണം ജനം കാര്യക്ഷമമായി ഇടപെടുന്നില്ല എന്നത് തന്നെയാണ്. അതിനാൽ ഞാൻ സ്വന്തം ജീവൻ ബലിയർപ്പിച്ചു. അഴിമതിക്കെതിരെ പോരാടാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. 


Fashion ⏭️

Back to top button