AUTO
കണ്ടെയ്നര്‍ മറിഞ്ഞിട്ടും കുലുങ്ങാതെ സിയറ; ടാറ്റയ്ക്ക് വെറും വാക്കല്ല സുരക്ഷ!

സുരക്ഷക്കും നിര്‍മാണ മികവിനും പേരുകേട്ട ടാറ്റയുടെ വിശ്വാസ്യത കൂട്ടുന്ന മറ്റൊരു സംഭവം കൂടി പുറത്തു വന്നിരിക്കുന്നു. സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്ന വിഡിയോയില്‍ ഒരു കണ്ടെയ്നര്‍ ടാറ്റ സിയറയുടെ മുകളിലേക്കു വീണിട്ടു പോലും വാഹനത്തിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതിന്റെ ദൃശ്യങ്ങളാണുള്ളത്. ട്രെയിലറില്‍ നിന്നും തെറിച്ചു വീണ കണ്ടെയ്നര്‍ നേരിട്ട് പതിച്ചിട്ടും വാഹനത്തിന്റെ മേല്‍ക്കൂരയും പില്ലറുകളും ആഘാതം പ്രതിരോധിച്ചുവെന്നതാണ് ഞെട്ടിക്കുന്ന കാര്യം. ഇങ്ങനെയൊരു അപകടം സംഭവിച്ചിട്ടും രക്ഷപ്പെട്ടതിനാല്‍ ഭാവിയിലും ടാറ്റ സിയറ തന്നെ വാങ്ങുമെന്ന് ഉടമ പറയുന്നതും വിഡിയോയിലുണ്ട്.അപകടസ്ഥലത്തെ റോഡിലുണ്ടായിരുന്ന കുഴി ചൂണ്ടിക്കാണിച്ച് വിഡിയോ എടുക്കുന്നയാള്‍ അത് കണ്ടെയ്നര്‍ വീണ് രൂപപ്പെട്ടതാണെന്ന് പറയുന്നുണ്ട്. പിന്നീടാണ് സിയേറയെ വിഡിയോയില്‍ കാണിക്കുന്നത്. ട്രെയിലറില്‍ നിന്നും വീണുപോയ കണ്ടെയ്നര്‍ സിയേറക്ക് മുകളിലേക്ക് പതിച്ച ശേഷമാണ് റോഡിലേക്കെത്തിയത്. വെള്ള നിറത്തിലുള്ള സിയേറയുടെ മുകളില്‍ കണ്ടെയ്നറിന്റെ ചുവന്ന പെയിന്റിന്റെ പാടുകളും പോറലുകളും ചതവുകളുമെല്ലാം വ്യക്തമാണ്.ടാറ്റ സിയറയുടെ നിര്‍മാണ മികവിന്റെ ഉദാഹരണമായി മാറുകയാണ് ഈ വിഡിയോ. സിയറയുടെ മേല്‍ക്കൂരയും പില്ലറുകളും കണ്ടെയ്നര്‍ വീണിട്ടു പോലും ആഘാതം പൂര്‍ണമായും ഏറ്റെടുത്തുകൊണ്ട് ശക്തമായി നിലകൊണ്ടുവെന്നതാണ് കൗതുകം. വാഹനത്തിന്റെ ജനല്‍ ചില്ലുകള്‍ പോലും അപകടത്തെ തുടര്‍ന്ന പൊട്ടിയില്ല. അപകടത്തിന് തൊട്ടുമുന്‍പായി വാഹനം ഡ്രൈവര്‍ വെട്ടിച്ചു മാറ്റാനുള്ള സാധ്യതയും വാഹനം പൂര്‍ണമായും കണ്ടെയ്നറുടെ അടിയില്‍ അമര്ന്നുപോവാതെ രക്ഷപ്പെടാന്‍ സഹായിച്ചിരിക്കാം.ടാറ്റ സിയറആധുനിക സുരക്ഷാ ഫീച്ചറുകളും കാലത്തിനൊറ്റ സാങ്കേതികമികവുമായി 2025 നവംബറിലാണ് ടാറ്റ സിയറയുടെ പുതിയ മോഡൽ എത്തിയത്. ആറ് എയര്‍ ബാഗുകള്‍, ഡിസ്ക് ബ്രേക്ക്, എബിഎസ്, ഇബിഡി, ഓട്ടോഹോള്‍ഡ് ഇലക്ട്രിക് പാര്‍ക്കിങ് ബ്രേക്ക്, ട്രാക്ഷന്‍ കണ്ട്രോള് പോലുള്ള ഡ്രൈവിങ് സഹായ സൗകര്യങ്ങള്‍, ഉയര്‍ന്ന വകഭേദങ്ങളില്‍ 360 ഡിഗ്രി ക്യാമറ, ലെവല്‍ 2 അഡാസ് സുരക്ഷാ ഫീച്ചറുകള്‍, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്റര്‍ എന്നിവയും ടാറ്റ സിയറയില്‍ ലഭ്യമാണ്.
Sports ⏭️




