പത്തുമിനിറ്റിൽ ക്രിസ്പി ചവ്വരിവട: കുട്ടികൾ ചോദിച്ചു വാങ്ങി കഴിക്കും, തയ്യാറാക്കാം എളുപ്പത്തിൽ

ചവ്വരിവട
പായസം തയ്യാറാക്കുന്നതിന് സാധാരണ ചേർക്കുന്ന ഒന്നാണ് ചവ്വരി. ഇതിൽ നിന്ന് വ്യത്യസ്തമായി ഒരു നാലുമണി പലഹാരം ചവ്വരികൊണ്ട് തയ്യാറാക്കിയാലോ? ഒട്ടും സമയം കളയാതെ വളരെ എളുപ്പത്തിൽ ആവിയിൽ വേവിച്ചെടുത്ത ക്രിസ്പി ചവ്വരി വട തയ്യാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ചവ്വരിവട എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
ചവ്വരി- ഒരു കപ്പ്
ഉരുളക്കിഴങ്ങ്- മൂന്നെണ്ണം
ഇഞ്ചി
പച്ചമുളക്- മൂന്നെണ്ണം
കറിവേപ്പില, മല്ലിയില- ചെറുതായി അരിഞ്ഞത്
ചെറിയ ജീരകം- ഒരു ടീസ്പൂൺ
വറുത്ത നിലക്കടല പൊടിച്ചത്- അര കപ്പ്
നാരാങ്ങാനീര്
ഗോതമ്പുപൊടി- രണ്ട് ടേബിൾ സ്പൂൺ
ഉപ്പ്, എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്നവിധം
ആദ്യം മൂന്ന് ഉരുളക്കിഴങ്ങിന്റെ തൊലി കളഞ്ഞ് ചെറുതായി ഗ്രേറ്റ്ചെയ്ത് അത്യാവശ്യം വലിപ്പമുള്ള ഒരു ബൗളിലേയ്ക്ക് മാറ്റണം. ഇനി ചവ്വരി നന്നായി കഴുകി വൃത്തിയാക്കി വെള്ളം പൂർണമായും പോയതിന് ശേഷം നേരത്തെ മാറ്റിവച്ച ഉരുളക്കിഴങ്ങിലേക്ക് ചേർക്കണം.
ഇതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി, പച്ചമുളക്, കറിവേപ്പില, മല്ലിയില, ചെറിയ ജീരകം എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കാം. ശേഷം വറുത്ത് തൊലി കളഞ്ഞ നിലക്കടല മിക്സിയിലിട്ട് തരിതരിയായി പൊടിച്ചതും കൂടി ഇതിലേക്ക് ചേർത്തുകൊടുക്കണം. ആവശ്യത്തിന് ഉപ്പ്, പകുതി നാരങ്ങയുടെ നീരും രണ്ട് ടേബിൾ സ്പൂൺ ഗോതമ്പുപൊടിയും ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ചെടുക്കണം.
ഇഡലി തട്ടിൽ അൽപ്പം എണ്ണ തടവിയ ശേഷം തയ്യാറാക്കിവച്ചിരിക്കുന്ന മിശ്രിതം ഓരോ കുഴികളിലും നിറക്കാം. 10 മിനിറ്റ് ചെറിയ തീയിൽ പാചകം ചെയ്യണം. ചവ്വരിവട തയ്യാർ. ചട്ണിക്കൊപ്പം ഇത് കഴിക്കാം. ഇനി കൂടുതൽ രുചിക്കായി എണ്ണയിലിട്ട് ചെറുതായി സ്വർണനിറമാകുന്നത് വരെ ഫ്രൈ ചെയ്തും ഇത് കഴിക്കാവുന്നതാണ്. വൈകുന്നേരങ്ങളിൽ ചായക്കൊപ്പം കഴിക്കാൻ പറ്റിയ മികച്ചൊരു നാലുമണി പലഹാരമാണിത്.
English Summary
A detailed recipe for Chavvari Vada, a crispy steamed evening snack, is presented. The dish, primarily made from sago and potato, offers an alternative use for sago beyond payasam. Preparation involves mixing sago with grated potato, spices, and groundnuts, then steaming. Optional frying for crispiness is suggested, serving with chutney.
News ⏭️


