NEWS

‘പുറത്തുവിടട്ടെ, ആ ചിത്രം എന്താണെന്ന്  അറിയാല്ലോ’:  ആത്മഹത്യചെയ്ത 18കാരൻ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

മുഹമ്മദ് അസ്ലം

തൃശൂർ: കൊടുങ്ങല്ലൂരിൽ 18 വയസുകാരൻ ആത്മഹത്യചെയ്ത സംഭവത്തിൽ പുതിയ വഴിത്തിരിവ്. വ്യാജകേസെടുത്തതിൽ മനംനൊന്താണ് മകൻ മുഹമ്മദ് അസ്ലം ആത്മഹത്യചെയ്തതെന്ന പിതാവ് നൗഷാദിന്റെ ആരോപണങ്ങൾക്ക് പിന്നാലെ ഓഡിയോ തെളിവുകൾ പുറത്തുവിട്ട് പരാതിക്കാരിയുടെ കുടുംബം.

പെൺകുട്ടിയെ അസ്ലം ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം പിതാവ് രംഗത്തെത്തിയിരുന്നു. മകനെതിരെ പൊലീസെടുത്തത് വ്യാജ കേസാണെന്നും നൗഷാദ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പെൺകുട്ടിയുടെ കുടുംബം പുറത്തുവിട്ടിരിക്കുന്നത്.

‘പുറത്തുവിടട്ടെ, ഉറപ്പല്ലേ, ആ ചിത്രം എന്താണെന്ന് നിനക്കറിയാല്ലോ?’ എന്ന് പെൺകുട്ടിയെ അസ്ലം ഭീഷണിപ്പെടുത്തുന്നത് ഓഡിയോയിൽ കേൾക്കാം. കുടുംബം പുറത്തുവിട്ട മറ്റൊരു ഓഡിയോയിൽ പെൺകുട്ടിയുടെ ബന്ധുവിനോട് അസ്ലം സംസാരിക്കുന്നതും കേൾക്കാം. ‘ അവളുടെ ചേച്ചി എന്തു പറയും. അവളുടെ കയ്യിൽ ഒരുപാട് പണമുണ്ട്. ഞാൻ പണം കൂട്ടിച്ചോദിക്കും. ചിലപ്പോൾ മൂന്നുലക്ഷമൊക്കെ ചോദിക്കും. അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും’ എന്നാണ് അസ്ലം പറയുന്നത്. പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കഴമ്പുണ്ടെന്ന പൊലീസിന്റെ വാദം ശരിവയ്ക്കുന്നതാണ് ഈ ഓഡിയോകൾ.

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തുകയും സ്വർണാഭരണങ്ങൾ തട്ടിയെടുത്തുവെന്നുമാണ് മരിച്ച അസ്ലമിനും സഹോദരൻ സഹലിനുമെതിരായ കേസ്. 50,000 രൂപയും 20 പവനും തട്ടിയെടുത്തുവെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. ഈ കേസിൽ അസ്ലമിന്റെ സഹോദരൻ സഹൽ ഇപ്പോൾ റിമാൻഡിലാണ്. കേസിൽ നേരത്തെ അസ്ലമിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് ഒക്ടോബർ ആറിന് അസ്ലമിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

അസ്ലമിന് ഒരു പെൺകുട്ടിയുമായി അടുപ്പമുണ്ടെന്നും അതിനെ എതിർത്ത പെൺകുട്ടിയുടെ കുടുംബം പൊലീസിനെ സ്വാധീനിച്ച് മക്കളെ രണ്ട് പേരെയും കസ്റ്റഡിയിൽ എടുപ്പിച്ചെന്നാണ് പിതാവ് നൗഷാദിന്റെ ആരോപണം. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി സ്വർണവും പണവും കൈക്കലാക്കിയെന്ന കള്ളക്കേസിൽ കുടുക്കി. പൊലീസ് സ്റ്റേഷനിൽവച്ച് ഇയാളെ മൃഗീയമായി മർദ്ദിച്ചു.

അനിയനെ മർദ്ദിക്കുന്നത് കണ്ട മൂത്ത സഹോദരൻ കുറ്റം സമ്മതിച്ചു. ഇതോടെ രണ്ട് പേരെയും പ്രതിചേർത്ത് എഫ്‌ഐആർ ഇട്ടു. മൂന്ന് ദിവസം പൊലീസ് അന്യായമായി കസ്റ്റഡിയിൽ വച്ച് ക്രൂരമായി മർദ്ദിച്ചെന്നും പിതാവ് ആരോപിക്കുന്നു. മൂന്ന് ദിവസമാണ് സിഐ ബൈജുവും എസ്ഐ അതുൽ മോഹനും കൂടി എന്റെ മക്കളെ സ്റ്റേഷനിൽ പീഡിപ്പിച്ചത്. പ്രായപൂർത്തി ആകാത്ത ഒരു പയ്യനെയും മറ്റൊരു മകനെയും കോടതിയിൽ ഹാജരാക്കിയത് മൂന്ന് ദിവസം കഴിഞ്ഞാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

English Summary

Thrissur: There has been a new development in the case of an 18-year-old, Mohammed Aslam, who died by suicide in Kodungallur. After his father, Noushad, alleged that his son took his life due to a false case filed against him, the complainant’s family released audio recordings as evidence.
RELATED TOPICS: KODUNGALLUR NEWS, 18 YEARS OLD SUICIDE CASE, TREATENING AUDIO, KODUNGALLUR TEEN SUICIDE, KERALAM

Read News ⏭️

Back to top button