CINEMA

‘നിരൂപകർ പറയുന്നത് കേട്ടാൽ പെറ്റ തള്ള സഹിക്കില്ല, അന്ന് മമ്മൂട്ടിയെ ആക്ഷേപിച്ചവർക്ക് പണികിട്ടി’


ടോക്‌സിക് പോസ്റ്റർ, ഗീതു മോഹൻദാസ്, യഷ്

യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്‌ത ടോക്‌സിക് എന്ന ചിത്രം വലിയ പ്രതീക്ഷകളോടെയാണ് റിലീസ് ചെയ്‌തത്. എന്നാൽ, ചിത്രത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് പുറത്തുവരുന്നത്. ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്. ചിത്രത്തിനും ഗീതു മോഹൻദാസിനുമെതിരെ വരുന്ന വിമർശനങ്ങളെക്കുറിച്ചാണ് അദ്ദേഹം വീഡിയോയിൽ വിശദീകരിക്കുന്നത്. മുമ്പ് മമ്മൂട്ടി ചിത്രം കസബയെക്കുറിച്ച് ഗീതു നടത്തിയ പരാമർശങ്ങളെക്കുറിച്ചും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്.

ആലപ്പി അഷ്‌റഫ് പറഞ്ഞത്:

‘നിരൂപകർ വലിയ ആഘോഷമാക്കി ചിത്രത്തെ പിച്ചി ചീന്തിയിരിക്കുകയാണ്. ഈ അടുത്തകാലത്തൊന്നും ഇത്രത്തോളം ഒരു ചിത്രത്തെ അപമാനിക്കുന്നത് കേട്ടിട്ടില്ല. ഇതൊരു സാധാരണ ചിത്രമല്ല. യഷ് എന്ന സൗത്ത് ഇന്ത്യൻ സൂപ്പർ ഹീറോ അഭിനയിച്ച് വിവിധ ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രമാണ്. 500 കോടിയിലേറെ രൂപ മുതൽമുടക്കിയാണ് ചിത്രം എടുത്തിരിക്കുന്നത്.

മലയാള സിനിമ ചരിത്രത്തിൽ വമ്പൻ സംവിധായകർക്ക് പോലും ലഭിക്കാത്ത അവസരമാണ് ഗീതു മോഹൻദാസിന് വന്നുചേർന്നത്. ഈ ചിത്രത്തിന്റെ നിർമാതാവ് തന്നെയാണ് വിജയ്‌യെ നായകനാക്കി ജനനായകൻ എന്ന ചിത്രം 400 കോടി രൂപ മുതൽമുടക്കി നിർമിച്ചത്. ഇദ്ദേഹം തന്നെയാണ് പ്രിയദർശന്റെ ഉടൻ റിലീസ് ചെയ്യാൻ പോകുന്ന ഒപ്പം എന്ന ചിത്രത്തിന്റെ റീമേക്ക് നിർമിച്ചത്.

ടോക്‌സിക് ബോക്‌സ് ഓഫീസിൽ തകർന്നടിഞ്ഞു എന്ന് മാത്രമല്ല, തമിഴിലെ ചില നിരൂപണങ്ങൾ കേട്ടാൽ പെറ്റ തള്ള സഹിക്കില്ല. അത്രത്തോളം അവർ പടത്തെ അപമാനിക്കുകയാണ്. ഗീതു മോഹൻദാസിന്റെ കഥ കേട്ട് നിർമ്മാണ കമ്പനിയും യഷും എല്ലാം ആ കഥ ഇഷ്‌ടപ്പെട്ടിട്ടാണല്ലോ അതിന്റെ സംവിധാന ചുമതല ഗീതു മോഹൻദാസിനെ ഏൽപ്പിക്കുന്നത്.

കൂടാതെ ഗീതുവിനോടൊപ്പം സഹായത്തിനും ക്യാമറ ചലിപ്പിക്കുന്നതിനുമായി സംവിധായികയുടെ ജീവിത പങ്കാളിയായ രാജീവ് രവിയും ഒപ്പമുണ്ടായിരുന്നു. സിനിമാറ്റോഗ്രാഫി നാഷണൽ അവാർഡ് വാങ്ങിയിട്ടുള്ള വ്യക്തിയും മലയാളത്തിൽ അന്നയും റസൂലും, കമ്മട്ടിപ്പാടം മുതലായ ചിത്രങ്ങൾ സംവിധാനം ചെയ്‌തിട്ടുള്ള ആളുമാണ് രാജീവ് രവി.

കസബ എന്ന ചിത്രത്തിൽ വനിതാ പൊലീസ് ഓഫീസർക്ക് നേരെ മമ്മൂട്ടി പറയുന്ന ഡയലോഗും അവരുടെ അരയിലെ ബെൽറ്റിലൂടെ കൈകടത്തി പിടിക്കുന്ന സീക്വൻസും സ്ത്രീവിരുദ്ധതയാണെന്ന് പാർവ്വതി തിരുവോത്തനെ കൊണ്ട് പറയിപ്പിച്ചത് ഗീതു മോഹൻദാസ് ആണെന്നുള്ള വാർത്ത നമ്മളൊക്കെ കേട്ടതാണല്ലോ. തന്നെയുമല്ല അതിന് നിർബന്ധിക്കുന്ന വീഡിയോയും തെളിവായി പുറത്തുവന്നതല്ലേ.

അതിന്റെ പേരിൽ പാർവ്വതി തിരുവോത്തിനെ മമ്മൂട്ടി ആരാധകർ എടുത്തിട്ട് അലക്കിയത് കണ്ടതല്ലേ. ആ സമയത്ത് പാർവ്വതി തിരുവോത്ത് മലയാള സിനിമയിൽ മിന്നിത്തിളങ്ങി നിറഞ്ഞാടിക്കൊണ്ടിരിക്കുകയായിരുന്നു. ഇത്തരത്തിൽ ഒരു വിമർശനം മമ്മൂട്ടിക്ക് നേരെ ഉയർത്തിയതിന്റെ പേരിൽ അവർക്ക് ഒരുപാട് സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നു. പാർവ്വതിക്ക് മാനസികമായും തൊഴിൽപരമായും പല ആഘാതങ്ങളും ഏൽക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ, മമ്മൂട്ടിക്ക് ആരോടും യാതൊരു പിണക്കവുമില്ല.’

RELATED TOPICS: TOXIC MOVIE, YASH TOXIC, GEETU MOHANDAS, TOXIC MOVIE REVIEW, ALLEPPEY ASHRAF


Business ⏭️

Back to top button