LIFESTYLE

3400 ഉമ്മയ്ക്ക് പിഴ 5500 രൂപ, കാറുടമ പിടിച്ചത് വൻ പുലിവാൽ


ചുംബന ചിത്രങ്ങൾ പതിപ്പിച്ച കാർ

ഗ്വാളിയോർ: ഉമ്മവയ്ക്കുന്നത് കുറ്റമല്ല. പക്ഷേ കാറിനെ ഉമ്മവയ്ക്കുന്നത് കുറ്റമാണെന്നാണ് ഗ്വാളിയോർ പൊലീസ് പറയുന്നത്. തന്റെ കാറിൽ 3400 ചുടുചുംബനങ്ങളുടെ ലിപ്സ്റ്റിക്ക് അടയാളങ്ങളുമായി മോഡിഫിക്കേഷൻ നടത്തിയ ഉടമയ്ക്ക് ലഭിച്ചത് 5500 രൂപ പിഴ. വിദേശത്ത് വൈറലായ ഈ ട്രെൻഡ് സമൂഹമാദ്ധ്യമങ്ങളിലൂടെ കണ്ട് അനുകരിക്കുകയായിരുന്നു കാർ ഉടമയായ ആദിത്യ. നിറയെ ചുവന്ന ലിപ്സ്റ്റിക്ക് അടയാളങ്ങളുമായി റോഡിലൂടെ പായുന്ന കാറിന്റെ വീഡിയോ വൈറലാവുകയും ചെയ്തു.

ഈ വീഡിയോയാണ് പ്രശ്നമായതും. വീഡിയോ കണ്ട പൊലീസ് ഉടമയെ പൊക്കി. കാര്യങ്ങൾ പറഞ്ഞുമനസിലാക്കിയശേഷം പിഴ ചുമത്തുകയായിരുന്നു. ഇത്തരം മോഡിഫിക്കേഷനുകൾ നടത്തുന്നത് നിയമപ്രകാരം അനുവദനീയമല്ലെന്ന് പറഞ്ഞുമനസിലാക്കിച്ചശേഷമായിരുന്നു പിഴ ചുമത്തിയത്. തുടർന്ന് ഉടമയെക്കൊണ്ടുതന്നെ കാർ വൃത്തിയാക്കിപ്പിക്കുകയും ചെയ്തു. മൂന്നരമണിക്കൂറിലധികം എടുത്താണ് കാറിൽ നിറയെ ചുംബന ചിത്രങ്ങൾ പതിച്ചതെന്നും ഇങ്ങനെ ചെയ്യുന്നത് നിയമലംഘനമാണെന്ന് അറിയില്ലായിരുന്നു എന്നാണ് ഉടമ പറയുന്നത്.

അതേസമയം, വാഹനങ്ങളിൽ മോഡിഫിക്കേഷൻ അനുവദിക്കാനുള്ള കേരള സർക്കാരിന്റെ ആലോചന പാടേ പൊളിഞ്ഞു. അനധികൃത രൂപമാറ്റങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. ട്രാൻസ്‌പോർട്ട് കമ്മിഷണർ സി.എച്ച്. നാഗരാജു ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.ഹൈക്കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണിത്.

വാഹനങ്ങളിൽ കണ്ടെത്തുന്ന ഓരോ അനധികൃത രൂപമാറ്റത്തിനും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചുള്ള പിഴ ചുമത്തുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നാണ് കമ്മിഷണറുടെ നിർദ്ദേശം. അപകടകരമല്ലാത്ത മോഡിഫിക്കേഷൻ കുറ്റകരമല്ലാതാക്കുമെന്ന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിലെ പ്രഖ്യാപനവും ഇതോടെ പാളി.

English Summary

Kissing is not a crime, but kissing a car is, according to Gwalior police. A car owner was fined ₹5,500 after modifying his car with 3,400 lipstick kiss marks.
RELATED TOPICS: CAR MODIFICATION FINE, 3400 LIPSTICK MARKS, CAR MODIFICATION KERALA, LIPSTICK MARKS CAR, CAR FINE NEWS


News ⏭️

Back to top button