ഇന്ത്യ സൈസ് ചാർട്ട് വരുന്നു: റെഡിമെയ്ഡ് വസ്ത്രങ്ങളുടെ അളവിലെ ആശയക്കുഴപ്പത്തിന് പരിഹാരം

പ്രതീകാത്മക ചിത്രം
കൊച്ചി: വ്യത്യസ്ത ബ്രാൻഡുകളിലെ വസ്ത്രങ്ങൾ വാങ്ങുമ്പോൾ അളവിലുള്ള വ്യത്യാസം മൂലം ഉപഭോക്താക്കൾ നേരിട്ടിരുന്ന വലിയൊരു പ്രതിസന്ധിക്ക് ഉടൻ പരിഹാരമാകുന്നു. ഇന്ത്യക്കാരുടെ ശാരീരിക ഘടനയ്ക്ക് അനുയോജ്യമായ രീതിയിൽ തദ്ദേശീയമായൊരു വസ്ത്ര അളവുകോൽ സംവിധാനം നിലവിൽ വരികയാണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (നിഫ്റ്റ്) വികസിപ്പിച്ചെടുത്ത ‘ഇന്ത്യസൈസ്’ (IndiaSize) എന്ന പുതിയ അളവുചാർട്ട് ഉപയോഗപ്പെടുത്താൻ മുൻനിര വസ്ത്രനിർമ്മാണ കമ്പനികൾ ഇതിനകം തന്നെ തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്.
പല വസ്ത്ര കമ്പനികളും ഇത്രയും കാലം അമേരിക്കൻ അല്ലെങ്കിൽ ബ്രിട്ടീഷ് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ഉൽപ്പന്നങ്ങൾ നിർമ്മിച്ചിരുന്നത്. എന്നാൽ ഇന്ത്യൻ ശരീരപ്രകൃതിക്ക് ഇവ പലപ്പോഴും ഇണങ്ങാതെ വരികയും, ഒരേ അളവിലുള്ള വസ്ത്രങ്ങൾ പോലും വിവിധ ബ്രാൻഡുകളിൽ വ്യത്യസ്തമായി അനുഭവപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു. ഇത് ഉപഭോക്താക്കൾക്ക് തങ്ങൾക്ക് പാകമായ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു.
രാജ്യത്തുടനീളമുള്ള 15 വയസ്സിന് മുകളിൽ പ്രായമുള്ള 26,324 ആളുകളെ പങ്കെടുപ്പിച്ചു നടത്തിയ ശാസ്ത്രീയമായ ത്രിമാന (3D) ശരീര അളവെടുപ്പിലൂടെയാണ് ഈ പുതിയ ചാർട്ട് രൂപകൽപ്പന ചെയ്തത്. പുരുഷന്മാർക്കായി 14 വ്യത്യസ്ത വിഭാഗങ്ങളും സ്ത്രീകൾക്കായി 13 വിഭാഗങ്ങളുമായി തിരിച്ചാണ് ഈ അളവുകൾ ക്രമീകരിച്ചിരിക്കുന്നത്. 2026 ജനുവരി മുതൽ ഈ ചാർട്ടുകൾ ഓൺലൈൻ വഴി ലഭ്യമാകും. വിവിധ ഉയരങ്ങളെയും അഞ്ച് വ്യത്യസ്ത ശരീരഘടനകളെയും മാനദണ്ഡമാക്കി തയ്യാറാക്കിയ ഈ ഡിജിറ്റൽ ചാർട്ടുകൾ കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ നിന്നും 20,000 രൂപ ഫീസടച്ച് സ്വന്തമാക്കാം.
ഇ ബുക്ക് ഡൗൺലോഡ് കുതിക്കുന്നു
ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ, അരവിന്ദ് ഫാഷൻസ്, റെയ്മണ്ട് ലൈഫ്സ്റ്റൈൽ, റിലയൻസ് റീട്ടെയിൽ തുടങ്ങി വിപണിയിലെ പ്രബലരായ കമ്പനികളെല്ലാം തന്നെ ‘ഇന്ത്യസൈസ്’ സ്വീകരിക്കാൻ താല്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. നിലവിൽ ഈ ചാർട്ടിന്റെ സൗജന്യ ഇ-ബുക്ക് ഡൗൺലോഡ് ചെയ്യുന്നതിനായി രജിസ്റ്റർ ചെയ്തവരുടെ എണ്ണം 2,400 പിന്നിട്ടു. എന്നിരുന്നാലും, എല്ലാ കമ്പനികളും ഈ പുതിയ മാനദണ്ഡം പൂർണ്ണമായി നടപ്പിലാക്കിത്തുടങ്ങിയിട്ടില്ല. നിലവിൽ ഐ.എൻ (IN) ടാഗിനായുള്ള ദേശീയ ഗുണനിലവാര മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.




