പ്രണയബന്ധത്തെ ചൊല്ലിയുള്ള തർക്കം: സഹോദരിയെ കഴുത്തുഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി സഹോദരങ്ങൾ

ലക്നൗ∙ യുവാവുമായുള്ള പ്രണയബന്ധത്തിന്റെ പേരിൽ ഉടലെടുത്ത തർക്കത്തിനൊടുവിൽ ഇരുപത്തൊന്നുകാരിയായ സഹോദരിയെ സഹോദരങ്ങൾ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കൊലപാതകത്തെ ആത്മഹത്യയായി ചിത്രീകരിക്കാൻ ശ്രമിച്ച പ്രതികൾ യുവതിയുടെ മൃതദേഹം കെട്ടിത്തൂക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ഭദോഹിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
ഗോപീഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ജഖാവോൻ ഗ്രാമത്തിൽ തേരസ് ബിന്ദിന്റെ മകൾ ഖുഷി ബിന്ദിനെ നവംബർ നാലാം തീയതിയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ, തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനാഫലം പുറത്തുവന്നതോടെ ഇതൊരു കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് യുവതിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. വിശദമായ അന്വേഷണത്തിനും ചോദ്യം ചെയ്യലിനും ഒടുവിൽ ഖുഷിയുടെ ഇളയ സഹോദരങ്ങളായ പതിനെട്ടുകാരൻ സൂരജ് ബിന്ദും, പതിനഞ്ചുകാരനായ മറ്റൊരു സഹോദരനും കുറ്റം സമ്മതിച്ചു.




