ലോക എമർജൻസി മെഡിസിൻ കോൺഗ്രസ്: ഇഖ്റ ആശുപത്രിക്ക് ഇരട്ട അംഗീകാരം

കോഴിക്കോട്: ആഗോളതലത്തിൽ ശ്രദ്ധേയമായ എമർജൻസി മെഡിസിൻ സമ്മേളനമായ വേൾഡ് അക്കാദമിക് കോൺഗ്രസ് ഓഫ് എമർജൻസി മെഡിസിനിൽ (WACEM 2026) കോഴിക്കോട് ഇഖ്റ ആശുപത്രിക്ക് ഇരട്ടി തിളക്കമാർന്ന വിജയം. ഇത്യോപ്യയിലെ ആഡിസ് അബാബയിൽ വെച്ച് നടന്ന ഈ അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്ലിനിക്കോ-പാത്തോളജിക്കൽ കേസ് (CPC) മത്സരത്തിൽ മാറ്റുരച്ചാണ് ഇഖ്റയിലെ ഡോക്ടർമാർ രണ്ട് ഉന്നത പുരസ്കാരങ്ങൾ സ്വന്തമാക്കിയത്.
ഈ മത്സരത്തിൽ, ഇഖ്റ ആശുപത്രി എമർജൻസി വിഭാഗം കൺസൾട്ടന്റ് ഡോ. പി.ആർ. അശ്വത് രാജ് ‘ബെസ്റ്റ് കേസ്’ പുരസ്കാരത്തിന് അർഹനായി. ഇതോടൊപ്പം, എമർജൻസി മെഡിസിൻ വിഭാഗം ഒന്നാം വർഷ റെസിഡന്റായ ഡോ. നന്ദകിരണിനെ ‘ബെസ്റ്റ് ഡിസ്കസന്റാ’യും തിരഞ്ഞെടുത്തു. ലോകമെമ്പാടുമുള്ള എമർജൻസി മെഡിസിൻ രംഗത്തെ പ്രഗത്ഭരായ വിദഗ്ധർ പങ്കെടുത്ത കടുത്ത മത്സരത്തിനൊടുവിലാണ് ഈ നേട്ടമെന്നത് ശ്രദ്ധേയമാണ്.
അന്താരാഷ്ട്ര വേദികളിൽ ഇത്തരത്തിൽ രണ്ട് സുപ്രധാന പുരസ്കാരങ്ങൾ ഒരേസമയം നേടിയെടുക്കാൻ സാധിച്ചത് ഇഖ്റ ആശുപത്രിയുടെ എമർജൻസി മെഡിസിൻ വിഭാഗത്തിന്റെ ഗവേഷണ-അക്കാദമിക് മികവിനുള്ള വലിയ അംഗീകാരമാണെന്ന് ആശുപത്രി അധികൃതർ അഭിപ്രായപ്പെട്ടു.




